ADVERTISEMENT

വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ കൊറിയൻ ബാൻഡ് ബ്ലാക്പിങ്ക് താരം റോസ് പുത്തൻ സംരംഭത്തിനു തുടക്കം കുറിക്കുന്നുവെന്നു റിപ്പോർട്ട്. സോളോ ലേബൽ അവതരിപ്പിക്കാനാണ് ഗായികയുടെ ശ്രമമെന്നും അതിന്റെ ജോലികൾ പുരോഗമിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. റോസ്, കൊളംബിയ റെക്കോർഡ്സ് എന്ന സംഗീത കമ്പനിയിൽ ചേരുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു.

YG എന്റർടൈൻമെന്റ്സുമായുള്ള ബ്ലാക്പിങ്കിന്റെ കരാർ കാലാവധി അവസാനിച്ചതോടെ ബാൻഡിലെ മറ്റ് അംഗങ്ങളായ ലിസയും ജെന്നിയും യഥാക്രമം തങ്ങളുടെ സോളോ ലേബലുകളായ OA, LLOUD എന്നിവ സ്ഥാപിച്ചിരുന്നു. പിന്നാലെയാണ് പുത്തൻ സംരംഭവുമായി റോസും എത്തുന്നത്. ബാൻഡിലെ മറ്റൊരു അംഗമായ ജീസു തന്റെ സഹോദരന്റെ സംഗീതകമ്പനിയിൽ ചേരാനാണു സാധ്യതയെന്നും പ്രചാരണങ്ങളുണ്ട്. ബാൻഡ് വേർപിരിഞ്ഞെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ ഇതുസംബന്ധിച്ച വലിയ ചർച്ചകളാണു നടക്കുന്നത്. YG എന്റർടെയ്ൻമെന്റ്സ് ബ്ലാക്പിങ്കിന് കരാർ കാലാവധി നീട്ടി നൽകുമെന്നായിരുന്നു ആരാധകവൃന്ദത്തിന്റെ പ്രതീക്ഷ.

2016ല്‍ ‘സ്ക്വയർ വൺ’ ആൽബത്തിലെ ബൂംബയ്യാ ഗാനത്തിലൂടെ പാട്ടു പ്രേമികൾക്കിടയിലേക്ക് ഇടിച്ചിറങ്ങിയതാണ് 4 പേരടങ്ങുന്ന ബ്ലാക്പിങ്ക് പെൺട്രൂപ്പ്.  ലോകമെമ്പാടുമുള്ള ആരാധകരുടെ കണ്ണും കാതും ഒന്നാകെ ഈ കൊറിയൻ പെൺപടയിലേക്കു തിരിഞ്ഞ നാളുകളായിരുന്നു പിന്നീട്. തുടരെ തുടരെയുള്ള ഹിറ്റുകളിലൂടെ ബ്ലാക്പിങ്ക് തരംഗം ലോകത്തു പടർന്നു പിടിക്കുകയായിരുന്നു. 2019ൽ പുറത്തിറക്കിയ ‘കിൽ ദിസ് ലവ്’ എന്ന പാട്ടിലൂടെയാണ് ബ്ലാക് പിങ്ക് കൗമാരക്കാരുടെ പ്രിയ ബാൻഡ് ആയത്. ‘ഹൗ യു ലൈക്ക് ദാറ്റ്’ സംഘത്തിന്റെ മറ്റൊരു പ്രധാന ആൽബമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ദ് ഗേള്‍സ്’ ആണ് ബ്ലാക്പിങ്കിന്റെ അവസാന ആല്‍ബം. 

കൊറിയൻ ബോയ് ബാൻഡ് ആയ ബിടിഎസ് വേർപിരിഞ്ഞതിന്റെ വേദന മാറും മുൻപേയാണ് ആരാധകരെ തേടി ബ്ലാക്പിങ്കിന്റെ വേർപിരിയൽ വാർത്തയും എത്തുന്നത്. നിർബന്ധിത സൈനികസേവനത്തിൽ പങ്കുചേരുന്നതിന്റെ ഭാഗമായാണ് 2022ൽ ബിടിഎസ് ബാൻഡ് പിരിച്ചുവിട്ടത്. ബാൻഡിന്റെ 9ാം വാർഷികാഘോഷത്തിനിടയിലായിരുന്നു സംഘാംഗങ്ങളുടെ അപ്രതീക്ഷിത പ്രഖ്യാപനം. സൈനികസേവനം പൂർത്തിയാക്കി 2025ൽ മടങ്ങിവരുമെന്നും പാട്ടുമായി വീണ്ടും ലോകത്തിനുമുന്നിലെത്തുമെന്നും ബിടിഎസ് ആരാധകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ആ പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ബിടിഎസിന്റെ ദശലക്ഷക്കണക്കിനുള്ള ആരാധകർ. 

English Summary:

Blackpink's Rose to launch own solo label after Jennie and Lisa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com