ADVERTISEMENT

സിനിമയുടെ റിലീസിനു മുൻപേ പാട്ടുകൾ ഓരോന്നായി പുറത്തിറക്കുന്ന പതിവിൽ നിന്നു വിഭിന്നമായിരുന്നു ഭ്രമയുഗത്തിന്റെ അണിയറപ്രവർത്തകർ സ്വീകരിച്ചത് രീതി. സിനിമയിലെ എല്ലാ ട്രാക്കുകളും ഒരുമിച്ചു ലഭ്യമാകുന്ന ജ്യൂക്ബോക്സ് ആണ് അവർ പ്രേക്ഷകർക്കു മുൻപിലെത്തിച്ചത്. എന്താണ് ഭ്രമയുഗമെന്നത് സംഗീതത്തിലൂടെ സംവദിച്ച ആ ജ്യൂക്ബോക്സ് വളരെ വേഗത്തിൽ ആസ്വാദകരുടെ ഇടയിൽ ചർച്ചയായി. സിനിമയിറങ്ങിയപ്പോൾ, കറുപ്പിലും വെളുപ്പിലും തെളിയുന്ന കാഴ്ചകളുടെ അനുഭവക്കടലിൽ പ്രേക്ഷകരെ ആ ശബ്ദങ്ങൾ കൊരുത്തിട്ടു. ഇതുവരെ കേൾക്കാത്ത തരത്തിലുള്ള ശബ്ദങ്ങളുണ്ട് ഭ്രമയുഗത്തിന്റെ പശ്ചാത്തലത്തിൽ! അതിനു പിന്നിൽ ചെറുപ്പക്കാരനായ ഒരു സംഗീതസംവിധായകന്റെ ദീർഘകാലത്തെ പരിശ്രമമുണ്ട്. സ്വന്തമായി സംഗീതോപകരണങ്ങൾ നിർമിച്ചും അത്ര പരിചിതമല്ലാത്ത ശബ്ദങ്ങൾ കണ്ടെടുത്തുമാണ് ക്രിസ്റ്റോ സേവ്യർ ഭ്രമയുഗത്തിന്റെ മാന്ത്രികശബ്ദലോകം സൃഷ്ടിച്ചെടുത്തത്. ആശയവും പ്രതിഭയുമുണ്ടെങ്കിൽ ബജറ്റ് ഒരിക്കലും ഒരു പരിമിതിയല്ലെന്നു തെളിയിക്കുന്നതാണ് ക്രിസ്റ്റോയുടെ രസകരമായ ഈ കണ്ടെത്തലുകൾ. ഭ്രമയുഗം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ സിനിമയുടെ വിശേഷങ്ങളുമായി സംഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ മനോരമ ഓൺലൈനിൽ.

Christo-Xavier4
ക്രിസ്റ്റോ സേവ്യർ ∙ചിത്രം മനോരമ

കരിയറിലെ വമ്പൻ ടേക്ക് ഓഫ്

സ്വതന്ത്ര സംഗീതസംവിധായകനാകുന്നത് സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവം എന്ന ചിത്രത്തിലാണ്. അതിൽ ക്യാമറ ചെയ്ത ഷഹ്നാദ് ജലാൽ ആണ് ഭ്രമയുഗത്തിന്റെയും ഛായാഗ്രാഹകൻ. അദ്ദേഹമാണ് എന്റെ കാര്യം രാഹുലേട്ടനോട് (സംവിധായകൻ രാഹുൽ സദാശിവൻ) പറയുന്നത്. സ്ക്രിപ്റ്റിന്റെ പണികൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് രാഹുലേട്ടൻ എന്നെ വിളിക്കുന്നത്. അപ്പോൾ ഫൈനൽ ഡ്രാഫ്റ്റ് ആയിട്ടില്ല. സിനിമയെക്കുറിച്ചു ചെറിയൊരു രൂപരേഖ തന്നിട്ട്, എന്നോടൊരു ഡെമോ ചെയ്ത് അയച്ചു കൊടുക്കാൻ പറഞ്ഞു. അത് വർക്ക് ആയി. അന്നു മുതൽ ഞാൻ പതിയെ ഓരോന്നു തോന്നുമ്പോൾ അതു ചെയ്ത് അയച്ചു കൊടുക്കും. സിനിമയുടെ പൂജ കഴിഞ്ഞപ്പോഴാണ് ഞാൻ തന്നെയാണ് സംഗീതസംവിധായകൻ എന്ന് ഉറപ്പിക്കുന്നത്. അതിനു മുൻപ് നമുക്ക് അറിയല്ലല്ലോ. കാരണം, ഇത്ര വലിയ പടമല്ലേ! പിന്നെ, പോസ്റ്ററുകൾ ട്രെൻഡിങ് ആയപ്പോൾ തന്നെ കിട്ടിയിരിക്കുന്നത് ചെറിയ പരിപാടിയല്ലെന്നു മനസ്സിലായി! 

ആ ഐഡിയ നിർമാതാവിന്റേത്

ഭ്രമയുഗത്തിന്റെ ജ്യൂക്ബോക്സ് ആദ്യം പുറത്തിറക്കാമെന്ന ആശയം നിർമാതാവിന്റേതാണ്. അതൊരു അടിപൊളി പ്ലാൻ ആയിരുന്നു. ‘ആദിത്യനില്ലാതെ’ എന്നു തുടങ്ങുന്ന പാട്ടാണ് ഭ്രമയുഗത്തിനു വേണ്ടി ആദ്യം ചെയ്തത്. പിന്നീട് ‘പൂമണിമാളിക’ ചെയ്തു. പേരെഴുതുമ്പോൾ കേൾക്കുന്ന ‘The Beginning’ എന്ന ട്രാക്ക് ആണ് കുറച്ചധികം സമയമെടുത്തു ചെയ്തത്. ഏഴാമതു ചെയ്ത ട്രാക്കാണ് വർക്ക് ആയത്. അതു വരുന്നതു വരെ സ്വസ്ഥതയ ഉണ്ടായിരുന്നില്ല. അവസാനം കിട്ടുമ്പോൾ ഹാപ്പി ആകും. സത്യത്തിൽ, സംഭവം കിട്ടിക്കഴിയുമ്പോൾ അതുവരെ അനുഭവിച്ച ടെൻഷനെല്ലാം മറക്കും. Age of madness ചെയ്യാൻ കാരണം നിർമാതാവ് റാം സാറാണ്. അദ്ദേഹമാണ് ഒരു ഇലക്ട്രോണിക് ട്രാക്ക് വേണമെന്നു പറയുന്നത്. എനിക്കു നല്ല പരിചയമുള്ള മേഖല ആയതുകൊണ്ട് ഞാൻ അത് എളുപ്പത്തിൽ ചെയ്തു. പക്ഷേ, അത് ഇങ്ങനെ കേറി കൊളുത്തുമെന്നു പ്രതീക്ഷിച്ചില്ല.

വല്ലഭന് പുല്ലും ആയുധം

പഴയ കാലഘട്ടം തോന്നിപ്പിക്കണമെന്ന് രാഹുലേട്ടൻ പറഞ്ഞിരുന്നു. ശബ്ദത്തിൽ നിന്ന് പ്രേക്ഷകർക്ക് ആ കാലഘട്ടം അനുഭവിക്കാൻ കഴിയണം. എന്തൊക്കെ പുതിയത് കൊണ്ടുവരാമെന്നതായിരുന്നു എന്റെ ചിന്ത. ഈ സിനിമയിൽ അത്തരം പരീക്ഷണങ്ങൾക്കു സാധ്യതയും അവസരവുമണ്ട്. ഫിക്‌ഷണൽ സിനിമ ആയതുകൊണ്ട് ഫിക്‌ഷണൽ ശബ്ദങ്ങളും പരീക്ഷിക്കാം. വലിയൊരു പുള്ളോർക്കുടം നിർമിച്ചാലോ എന്നൊരു ആശയം വന്നെങ്കിലും വലിയ ബജറ്റാകുന്നതുകൊണ്ട് അതുപേക്ഷിച്ചു. ഹൊറർ പടങ്ങളിലെ സൗണ്ട്സ്കേപ്പ് ചെയ്യാനുപയോഗിക്കുന്ന വാട്ടർഫോൺ എന്നൊരു ഉപകരണമുണ്ട്. അതു വാങ്ങണമെങ്കിൽ വലിയ തുക ചെലവാകും. അതുകൊണ്ട്, ഞാനും എന്റെ ഒരു സുഹൃത്ത് അഖിൽ ജോയും ചേർന്ന് ആ ഉപകരണം ഉണ്ടാക്കിയെടുത്തു. രണ്ടെണ്ണം അത്തരത്തിൽ നിർമിച്ചു. ഒരെണ്ണത്തിൽ നോട്ടുകൾ കിട്ടും. മറ്റേതിൽ സൗണ്ട്സ്കേപ്പും. പിന്നെ, പ്ലാസ്റ്റിക് ബക്കറ്റിന്റെ നടുവിൽ ഗിറ്റാറിന്റെ ഒരു സ്ട്രിങ് കൊടുത്ത് ഒരു സംവിധാനമുണ്ടാക്കി. അതിൽ നിന്നുള്ള ശബ്ദമാണ് പോറ്റി തീം മ്യൂസിക്കിൽ പ്രേക്ഷകർ കേൾക്കുന്നത്. അതുപോലെ, തകര കൊണ്ടുള്ള എണ്ണപ്പാട്ടയിലും സ്ട്രിങ് കൊടുത്ത് ശബ്ദമുണ്ടാക്കുന്ന സംവിധാനം സ്വന്തമായി ഉണ്ടാക്കിയെടുത്തു. അതുപോലെ, ഡിഗർഡൂ (Didgeridoo) എന്ന പേരിൽ ഒരു ഉപകരണമുണ്ട്. സാധാരണ കാണുന്ന ഡിഗർഡൂവിനെ മോഡിഫൈ ചെയ്താണ് നമുക്ക് ആവശ്യമായ ശബ്ദങ്ങൾ ഉണ്ടാക്കിയെടുത്തത്.

ലൊക്കേഷനിൽ നിന്നു കിട്ടുന്ന ഊർജം

എന്റെ ആദ്യചിത്രമായ മദനോൽസവത്തിന്റെ ലൊക്കേഷനിൽ ഞാൻ മുഴുവൻ സമയവും ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ ചിത്രം 18 പ്ലസിന്റെ ലൊക്കേഷനിൽ പോകാൻ കഴിഞ്ഞില്ല. കാരണം, മദനോൽസവം കഴിഞ്ഞ സമയത്തായിരുന്നു 18 പ്ലസിന്റെ ഷൂട്ട് കഴിഞ്ഞ് എനിക്ക് ഫയൽസ് തരുന്നത്. ഭ്രമയുഗത്തിന്റെ ലൊക്കേഷനിൽ ഞാൻ പോയിരുന്നു. ഇത്തരത്തിൽ ലൊക്കേഷനിൽ പോകുന്നതു പലപ്പോഴും എനിക്ക് സഹായകരമായി വന്നിട്ടുണ്ട്. ആ പ്രോജക്ടിലേക്ക് പെട്ടെന്ന് കയറാൻ പറ്റും. ഭ്രമയുഗത്തിന്റെ ലൊക്കേഷനിൽ പോയപ്പോൾ ആ മനയിൽ എത്തിപ്പെട്ട ഫീൽ ആയിരുന്നു. ആ സമയത്ത് മ്യൂസിക് ഒന്നും വരില്ല. പക്ഷേ, ആ ഫീൽ കിട്ടും. ഭ്രമയുഗത്തിന്റെ സെറ്റിൽ ചെല്ലുമ്പോൾ രാഹുലേട്ടൻ സംസാരിക്കും. ഷൂട്ടേജ് കാണിച്ചു തരും. അങ്ങനെ കുറെ 'മനസിലാക്കലുകൾ' നടക്കും. രാഹുലേട്ടൻ എന്നെ അത്രയും ചേർത്തു പിടിച്ചാണ് ഈ സിനിമയിൽ എന്നെ നിറുത്തിയത്. യാതൊരു വിധ സമർദ്ദങ്ങളുമില്ലാതെ സമാധാനമായിട്ടാണ് മ്യൂസിക് ചെയ്തത്. 

Christo-Xavier1
ക്രിസ്റ്റോ സേവ്യർ

ചോരയല്ല, അറിവാണ് കഴിവ്

ദിൻനാഥ് പുത്തഞ്ചേരി (ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ) ഭ്രമയുഗത്തിനു വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട്. രാഹുലേട്ടനാണ് അദ്ദേഹത്തെ നിർദേശിച്ചത്. നല്ല വരികൾ വരണമെങ്കിൽ നല്ല അറിവു വേണം. അദ്ദേഹത്തിന് അതുണ്ട്. നല്ല താളമുണ്ട് ദിൻ നാഥേട്ടന്! അതുപോലെ അറിവും. അല്ലാതെ ചോരയിൽ നിന്നു വാക്കു വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിനൊപ്പമുള്ള സെഷൻ നല്ല രസമായിരുന്നു. വേഗത്തിൽ അദ്ദേഹം പാട്ടെഴുതും. 'ഇതു ശരിയായില്ല, വേറെ ആലോചിച്ചാലോ എന്നു പറഞ്ഞാൽ, ഓകെ... ഇതാ അടുത്തത്' എന്നു പറയുന്നതു പോലെയാണ് അദ്ദേഹത്തിന്റെ രീതി. 

ദിവസവും ഒരു ഹൊറർ പടം

എല്ലാ ദിവസവും ഏറ്റവും ചുരുങ്ങിയത് ഒരു സിനിമയെങ്കിലും കാണുകയെന്നത് പണ്ടു മുതലേയുള്ള ശീലമാണ്. ഭ്രമയുഗത്തിന്റെ വർക്ക് തുടങ്ങിയതിൽപ്പിന്നെ എല്ലാ ദിവസവും ഒരു ഹൊറർ പടം കാണുന്നത് ശീലമാക്കി. സ്റ്റുഡിയോയിൽ ഒറ്റയ്ക്ക് ഇരുന്നാണ് കാണുക. ചില ദിവസങ്ങളിൽ പുറത്തിറങ്ങാൻ പോലും പേടി തോന്നും. അപ്പോൾ അവിടെ തന്നെ കിടന്നുറങ്ങും. എങ്കിൽപ്പോലും അത്തരം സിനിമകൾ കാണുന്നത് നിറുത്തിയില്ല. ജോൺസൺ മാഷൊക്കെ ഇത്രയും സാങ്കേതികവിദ്യ വികസിക്കാതിരുന്ന കാലത്ത് വെറും മ്യൂസിക് നോട്സ് കൊണ്ട് ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ചു വച്ചിട്ടുണ്ട്. മണിച്ചിത്രത്താഴിന്റെ സൗണ്ട്സ്കേപ്പ് ഇന്നും അത്ഭുതമാണ്. നല്ലൊരു സൗണ്ട്സ്കേപ്പ് എനിക്കും ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ, ഇത്രയും വലിയൊരു പരിപാടി കയ്യിൽ വരുമ്പോൾ, ഉറപ്പായും നല്ലൊരു ഔട്ട്പുട്ട് ഉണ്ടാകും. 

ഇത് എന്റെ പാഷൻ

പത്താംക്ലാസ് കഴിഞ്ഞ സമയം മുതൽ എനിക്ക് സംഗീതത്തിൽ എന്തു ചെയ്യണമെന്ന ഐഡിയ കൃത്യമായിരുന്നു. സംഗീതസംവിധായകനാകുക എന്ന ലക്ഷ്യം മുന്നിൽ വച്ചാണ് എല്ലാം ചെയ്തത്. ആർഎൽവി കോളജിൽ കർണാടിക് മ്യൂസിക് പഠിക്കാൻ ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. മ്യൂസിക് പ്രൊഡക്ഷന്റെ അടിസ്ഥാന പാഠങ്ങൾ യുട്യൂബ് നോക്കിയാണ് പഠിച്ചത്. യുട്യൂബ് ആണ് എന്റെ ആദ്യത്തെ ആശാൻ! ചില ഭക്തിഗാനങ്ങൾ ചെയ്തു. പരസ്യങ്ങളും ഹ്രസ്വചിത്രങ്ങളും ചെയ്തു. ആ സമയത്താണ് എസ്ര എന്ന സിനിമ ഇറങ്ങുന്നതും ഞാൻ സുഷിൻ ശ്യാമിന്റെ വലിയ ആരാധകനാകുന്നതും. അദ്ദേഹത്തിന്റെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. നേരിൽ കണ്ടു. ഇതിനു സമാന്തരമായി ഞാൻ ഫെയ്സ്ബുക്കിൽ സിനിമാക്കാർ ആണെന്നു തോന്നുന്നവർക്കൊക്കെ മെസജ് അയയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ്, മദനോൽസവത്തിന്റെ സംവിധായകൻ സുധീഷ് ഗോപിനാഥനെ പരിചയപ്പെടുന്നതും അവസരം ചോദിക്കുന്നതും. അഞ്ചു വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം എന്നെ ഒരു സിനിമ ചെയ്യാൻ വിളിച്ചത്. അപ്പോഴേക്കും സുഷിൻ ചേട്ടന്റെ കൂടെ വർക്ക് ചെയ്ത് എനിക്ക് എക്സ്പീരിയൻസ് കിട്ടി. അതിനു മുൻപാണ് ആ വിളി വന്നിരുന്നതെങ്കിൽ, ഒരുപക്ഷേ, ഞാൻ ആ പടത്തോടെ ഔട്ട് ആയിപ്പോയേനെ. 

Christo-Xavier3
ക്രിസ്റ്റോ സേവ്യർ ∙ചിത്രം മനോരമ

സുഷിൻ ശ്യാമിന്റെ സംഗീത കളരി

ഒരു ഹ്രസ്വചിത്രമോ പരസ്യമോ പോലും കിട്ടാതെ ആകെ ഭ്രാന്ത് പിടിച്ചിരുന്ന ഒരു സമയത്താണ് ഞാൻ സുഷിനേട്ടനെ വിളിച്ച് എങ്ങനെയെങ്കിലും എന്നെയും അസിസ്റ്റന്റ് ആയി ചേർക്കണമെന്നു നിർബന്ധം പറയുന്നത്. അദ്ദേഹത്തെ ആദ്യം വിളിക്കുന്ന സമയത്ത് അദ്ദേഹത്തിന് സ്വന്തമായൊരു സ്റ്റുഡിയോ സ്പേസ് ഉണ്ടായിരുന്നില്ല. അതായിരുന്നു, എന്നോട് അൽപമൊന്നു കാത്തിരിക്കാൻ പറഞ്ഞത്. അവസാനം, ട്രാൻസിന്റെ സമയത്താണ് ഞാൻ വീണ്ടും വിളിച്ചത്. അങ്ങനെ, അദ്ദേഹത്തിനൊപ്പം നിന്നു കുറെ കാര്യങ്ങൾ പഠിക്കാനായി. മിന്നൽ മുരളി, കുറുപ്പ്, ഭീഷ്മപർവം എന്നിങ്ങനെ കുറച്ചു ചിത്രങ്ങളിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചു. 

ഈ വിജയം ഇമോഷനലാണ്

ഞാനൊരു ഗായകൻ ആകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ, കംപോസർ ആകാനായിരുന്നു എനിക്കിഷ്ടം. ഭ്രമയുഗത്തിൽ ഞാൻ തന്നെ പാടിയാൽ മതിയെന്നു പറഞ്ഞത് രാഹുലേട്ടനാണ്. ഞാൻ ട്രാക്ക് പാടി അയച്ചുകൊടുത്തപ്പോൾ ആ ട്രാക്കുകൾ ഞാൻ തന്നെ പാടിയാൽ മതിയെന്നു പറഞ്ഞു. അങ്ങനെയാണ്, ഭ്രമയുഗത്തിൽ ഞാൻ ഗായകൻ കൂടിയാകുന്നത്. തിയറ്ററിൽ എന്റെ ശബ്ദത്തിൽ പാട്ടു കേട്ടപ്പോൾ അമ്മ ഇമോഷനലായി. അമ്മയായിരുന്നു എന്നെ ചെറുപ്പം മു‍തൽ പാട്ടു പഠിപ്പിച്ചിരുന്നത്. വീട്ടിൽ എപ്പോഴും റേഡിയോ വയ്ക്കും. എനിക്ക് ചെറുപ്പം മുതലെ ഗായകൻ ആകുന്നതിനേക്കാൾ ഇഷ്ടം കംപോസർ ആകുന്നതിനോടായിരുന്നു. നമ്മൾ ഉണ്ടാക്കിയെടുത്ത ട്രാക്ക് എന്നു പറയുമ്പോഴുള്ള സന്തോഷമില്ലേ?! അതിലൊരു സുഖമുണ്ട്. എന്നുകരുതി പാട്ടു പാടാൻ വിളിച്ചാൽ, പോകാതിരിക്കില്ല. അങ്ങനെ എല്ലാവർക്കും കിട്ടുന്നതല്ലല്ലോ അത്തരം അവസരങ്ങൾ!

സ്വയം നിർമിച്ച സ്റ്റുഡിയോ

വീട്ടിൽ ആകെ രണ്ടു മുറികളേ ഉള്ളൂ. കട്ടിൽ ഇട്ടിരിക്കുന്ന മുറിയിൽ തന്നെയാണ് കംപ്യൂട്ടർ വച്ച് ഞാൻ മ്യൂസിക് പ്രോഗ്രാമിങ് പരിപാടി ചെയ്തു തുടങ്ങിയത്. അവിടെ കട്ടിലുണ്ട്, മേശയുണ്ട്, അലമാരിയുണ്ട്. അതിന്റെ ഇടയിലിരുന്നാണ് എന്റെ പണികൾ. ഷോർട്ട്ഫിലിംസും പരസ്യചിത്രങ്ങളും ഒക്കെ ചെയ്യാൻ തുടങ്ങിയപ്പോൾ അതുമായി ബന്ധപ്പെട്ട ആളുകൾ സംസാരിക്കാൻ വരുമല്ലോ. അതുകൊണ്ട്, ഒരു സ്റ്റുഡിയോ ഉണ്ടാക്കിയാലോ എന്ന ചിന്ത വന്നു. കുറച്ചു പണം സ്വരൂപിച്ചു. ചേച്ചിയും കുറച്ചു പണം നൽകി സഹായിച്ചു. അങ്ങനെ വീടിന്റെ മുകളിൽ ഞാൻ തന്നെ ഒരു സ്റ്റുഡിയോ സെറ്റ് ചെയ്തു. എന്റെ ഒരു അങ്കിൾ ഈ പണികളിൽ സഹായിച്ചു. അങ്ങനെയാണ് വീടിന്റെ മുകളിൽ സ്റ്റുഡിയോ ഒരുക്കിയത്. വലിയ ട്രീറ്റഡ് സ്റ്റുഡിയോ ഒന്നുമല്ല. റോഡിലൂടെ ബുള്ളറ്റൊക്കെ പോയാൽ അതെല്ലാം കേറും. എങ്കിലും, എന്റെ സ്റ്റുഡിയോ ആണല്ലോ. എനിക്ക് എത്ര ടേക്ക് വരെ വേണമെങ്കിലും എടുക്കാം.

ഇത് എന്റെ ആഗ്രഹവും സ്വപ്നവും

എന്നെ സംബന്ധിച്ച് എനിക്ക് ഈ മേഖലയെ പറ്റുമായിരുന്നുള്ളൂ. ഇതു തന്നെ എനിക്കു വേണം. അതെന്റെ ആഗ്രഹമാണ്. ഈ ഭ്രമയുഗം നടന്നില്ലായിരുന്നെങ്കിൽ ഞാൻ ഇനിയും ഓടുമായിരുന്നു. മദനോൽസവമോ, 18 പ്ലസോ നടന്നില്ലായിരുന്നെങ്കിലും ഞാൻ എന്റെ പരിശ്രമങ്ങൾ തുടരുമായിരുന്നു. എന്നാണെങ്കിലും എന്റെ സ്വപ്നം ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും. ഭ്രമയുഗം വലിയൊരു ടേക്ക് ഓഫ് നൽകി. ഇനി ഇതിനു മുകളിൽ കൊടുക്കേണ്ട ഒരു ഉത്തരവാദിത്തം കൂടിയുണ്ട്. എന്നെക്കൊണ്ട് സാധിക്കും വിധം ഏറ്റവും മികച്ചത് കൊടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

English Summary:

Interview with Bramayugam Music Director Christo Xavier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com