ADVERTISEMENT

പ്രണയാതുരമായ ഗാനങ്ങൾ സമ്മാനിച്ച പങ്കജ് ഉധാസ് ഓർമയാകുമ്പോൾ സംഗീതപ്രേമികളുടെ മനസ്സിൽ നിത്യഹരിതമായി നിൽക്കുകയാണ് അദ്ദേഹത്തിന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയ അതുല്യഗാനങ്ങൾ. ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് ആരാധകരെ സ്വന്തമാക്കിയ പങ്കജ് ഉധാസിന്റെ മനോഹരമായ ആറു ഗാനങ്ങളിലൂടെ ഒരു തിരിച്ചു നടത്തം. 

Read Also: അന്ന് ഉധാസ് പറഞ്ഞു, കരയാന്‍വേണ്ടി ആരും എന്റെ പാട്ട് കേള്‍ക്കരുത്; പക്ഷേ ഇന്നിതാ...! നോവിച്ച് മടക്കം

∙ ചിട്ടി ആയീ ഹേ 

ഗസൽ ഗായകനായി തിളങ്ങി നിന്ന പങ്കജ് ഉധാസിനെ ചലച്ചിത്രപ്രേമികൾക്കിടയിൽ പ്രശസ്തനാക്കിയ ഗാനമാണ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത നാം എന്ന ചിത്രത്തിലെ 'ചിട്ടീ ആയീ ഹേ'. ലക്ഷ്മികാന്ത് പ്യാരേലാൽ സംഗീതം നൽകിയ ഗാനം ഇന്നും സൂപ്പർഹിറ്റാണ്. പങ്കജ് ഉധാസ് തന്നെയാണ് സിനിമയിൽ ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. അതും പങ്കജ് ഉധാസായി തന്നെയാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിനു മുൻപും പങ്കജ് സിനിമയിൽ പാടിയിട്ടുണ്ടെങ്കിലും 1986ൽ പുറത്തിറങ്ങിയ 'നാം' ആയിരുന്നു ഗായകന് ബോളിവുഡിൽ ഒരു മേൽവിലാസം നൽകിയത്

ആജ് ഫിർ തും പെ

മൂന്നു ദശാംബ്ദങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഒരു പുതിയ ഗാനത്തിന്റെ അനുഭവം സമ്മാനിക്കുന്ന പങ്കജ് ഉധാസിന്റെ ഗാനമാണ് ദയവാൻ എന്ന ചിത്രത്തിൽ പാടിയ 'ആജ് ഫിർ തും പെ'. അനുരാധ പദുവാളിനൊപ്പം പാടിയ ഈ യുഗ്മഗാനം വൻ ഹിറ്റായി. ലക്ഷ്മികാന്ത് പ്യാരേലാലിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ഗാനം ഇന്നും പ്രണയിതാക്കളുടെ ഇഷ്ടഗാനങ്ങളിലൊന്നാണ്.

ജീയേ തോ ജിയേ കൈസേ

1991ൽ ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ സാജൻ എന്ന ചിത്രത്തിൽ പങ്കജ് ഉധാസ് ആലപിച്ച ഗാനം ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്. ജിയേ തോ ജിയേ കൈസേ എന്ന ഗാനം യുവാക്കളുടെ ഇടയിൽ ഏറെ പ്രസിദ്ധമായിരുന്നു. പങ്കജ് ഉധാസിന്റെ ശബ്ദം നദീം ശ്രാവണിന്റെ സംഗീതത്തിൽ വേറിട്ടൊരു അനുഭൂതിയാണ് ആരാധകർക്കു സമ്മാനിച്ചത്. കുമാർ സാനു, എസ്.പി ബാലസുബ്രഹ്മണ്യം എന്നിവർക്കൊപ്പമാണ് സാജനിൽ പങ്കജ് ഉധാസിന്റെ ട്രാക്കും ശ്രദ്ധിക്കപ്പെട്ടത്. ഇതേ ഗാനം എസ്.പി.ബിയും അനുരാധ പദുവാളും ആലപിച്ചിട്ടുണ്ട്. 

ന കജ്‍രേ കി ധാർ

1994ൽ പുറത്തിറങ്ങിയ മൊഹ്റ എന്ന ചിത്രത്തിലെ ന കജ്‍രേ കി ധാർ എന്ന ഗാനത്തിലൂടെ പങ്കജ് ഉധാസ് ഒരിക്കൽക്കൂടി യുവാക്കളുടെ ഹൃദയത്തിൽ ചേക്കേറി. വിജു ഷായുടെ സംഗീതത്തിൽ പങ്കജ് ആലപിച്ച ഗാനത്തിന് ഇന്നും ആരാധകരേറെയുണ്ട്. സാധനാ സർഗത്തിനൊപ്പവും സോളോ ആയും ഈ ഗാനം പങ്കജ് ഉധാസ് ആലപിച്ചിട്ടുണ്ട്. 1994ലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു മൊഹ്റ. ടിപ് ടിപ് ബർസാ പാനി, മേം ചീസ് ബഡി ഹൂ തുടങ്ങിയ ഗാനങ്ങൾക്കൊപ്പം തന്നെ ഈ ഗാനവും ആരാധകശ്രദ്ധ നേടി. 

ആഹിസ്താ

ഒരു സിനിമയുടെ ലേബലിൽ അല്ലാതെ ഹിറ്റായ പങ്കജ് ഉധാസിന്റെ ഗാനമാണ് ആഹിസ്താ. സ്വകാര്യ ടെലിവിഷൻ ചാനലുകളിലൂടെ ഇന്ത്യയിൽ സ്വതന്ത്ര മ്യൂസിക് ആൽബങ്ങൾ ധാരാളമായി പുറത്തിറങ്ങിയ കാലത്താണ് സ്റ്റോളൻ മൊമന്റ്സ് എന്ന പേരിൽ പങ്കജ് ഉധാസ് മനോഹരമായ ഗാനങ്ങളുമായെത്തുന്നത്. ആ ആൽബത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ആഹിസ്താ. 

∙ ചുംപ്കെ ചുംപ്കെ

പങ്കജ് ഉധാസ് പുറത്തിറക്കിയ മെഹക് എന്ന ആൽബത്തിലെ ശ്രദ്ധേയമായ ഗാനമാണ് ചുംപ്കെ ചുംപ്കെ. ഒരു സിനിമാതാരം എന്ന നിലയിൽ പ്രശസ്തനാകും മുൻപ് ജോൺ എബ്രഹാം അഭിനയിച്ച മ്യൂസിക് വിഡിയോ എന്ന പ്രത്യേകത കൂടിയുണ്ട് ഈ ആൽബത്തിന്. ടെലിവിഷനിൽ വമ്പൻ സ്വീകാര്യതയായിരുന്നു ഈ ഗാനത്തിന് അക്കാലത്ത് ലഭിച്ചത്. ബോളിവുഡിൽ അവസരത്തിനായി അലയുന്ന കാലത്താണ് ജോൺ എബ്രഹാമിനെ പങ്കജ് ഉധാസ് കണ്ടെത്തുന്നതും ഈ ആൽബത്തിൽ അഭിനയിക്കാൻ അവസരം നൽകുന്നതും. സിനിമാ കരിയറിൽ ഒരു മെന്ററുടെ സ്ഥാനമാണ് പങ്കജ് ഉധാസിനുള്ളതെന്ന് ജോൺ എബ്രഹാം തുറന്നു പറഞ്ഞിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com