ADVERTISEMENT

'അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ

എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ..'

ഈ വരികൾ പ്രത്യേക താളത്തിൽ അല്ലാതെ വായിക്കാനാകുമോ മലയാളിക്ക്? താരാട്ടുപാടുകൾ ചിട്ടപ്പെടുത്താൻ മോഹൻ സിത്താരയ്ക്കു പ്രത്യേക പ്രാവീണ്യമുണ്ട് എന്ന കേൾവിയെ അന്വർഥമാക്കുന്ന പാട്ടുകളിലൊന്നായിരുന്നു 'ഉണ്ണി വാവാവോ'. 1991ൽ പുറത്തിറങ്ങിയ 'സാന്ത്വനം' സിനിമയിൽ ശങ്കരാഭരണത്തിന്റെ രാഗത്തിലായിരുന്നു ഈ ഗാനം തയ്യാറാക്കിയത്. കൈതപ്രത്തിന്റെ വരികൾ പാടിയത് കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും. ആ പാട്ടിൽ പട്ടുപാവാടയുടുത്ത മലയാളിക്കുട്ടിയായി അഭിനയിച്ച ഓർമ തെന്നിന്ത്യൻ താരം മീന മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

ആ ബീറ്റിനു നൃത്തം ചെയ്യട്ടെ?

'സാന്ത്വനം' സിനിമ ചെയ്യുന്ന സമയത്ത് ഞാൻ തെലുങ്കിൽ വളരെ തിരക്കുള്ള നടിയായിരുന്നു. തെലുങ്ക് സിനിമകളിലെ പാട്ടുകളിൽ ഡാൻസും മൂവ്മെന്റ്സും കൂടുതലായിരിക്കും. അതൊക്കെ ശീലിച്ചതു കൊണ്ട് ഉണ്ണീ വാവാവോ ചെയ്യുമ്പോൾ 'നീലപ്പീലി കണ്ണും പൂട്ടി പൂഞ്ചേലാടാലോ' എന്നു കഴിഞ്ഞു ബീറ്റ് വരുന്ന സമയത്ത് ഞാൻ കഴുത്ത് കൊണ്ട് ഓരോ മൂവ്മെന്റ് ചെയ്യാൻ തുടങ്ങി. 

ഇതു കണ്ട് ഡയറക്ടർ സർ പറഞ്ഞു, ആ മൂവ്മെന്റ് ഒന്നും വേണ്ട എന്ന്. ഞാൻ പറഞ്ഞു ''സാർ ആ ബീറ്റിന് ഇങ്ങനെ ചെയ്താൽ നന്നായിട്ടുണ്ടാവില്ലേ. ഞാൻ എന്തെങ്കിലും െചയ്യട്ടേ?" എന്നു ചോദിച്ചപ്പോൾ ''അയ്യോ വേണ്ടമ്മാ, ഒന്നും ചെയ്യേണ്ട'' എന്നു പറഞ്ഞു. എനിക്കാണെങ്കിൽ അത്രയും നല്ല ബീറ്റിന് ഒന്നും ചെയ്യാതെ വിട്ടുകളയുന്നത് വിഷമമായി. മലയാള സിനിമ അങ്ങനെയാണെന്ന് പിന്നെയാണ് മനസ്സിലാക്കിയത്. അതൊക്കെ പുതിയ അനുഭവമായിരുന്നു.

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ

നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ

കൈയിൽ പൂഞ്ചേലാടാലോ

 

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ

ഉണ്ണീ വാവാവോ വാവേ വാവാവോ

 

മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ

പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ

അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ

എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ

വാവാവോ പാടി വരൂ

 

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ

ഉണ്ണീ വാവാവോ വാവേ വാവാവോ

 

ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ് തിങ്കളുറങ്ങ്

തൃക്കൈയിൽ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ്

തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്

എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ്

മൂലോകം മുഴുവനുറങ്ങ്

 

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ

നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ 

കൈയിൽ പൂഞ്ചേലാടാലോ

 

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ

ഉണ്ണീ വാവാവോ വാവേ വാവാവോ

English Summary:

Actress Meena opens up about Unni Vaavavo song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com