ADVERTISEMENT

‘‘നിങ്ങൾ കേട്ടത് സാദരം.. അവതാരകൻ ജോൺ കുര്യൻ...’’ കോഴിക്കോട്ട് ആകാശവാണി റിയൽ എഫ്എം പ്രേക്ഷകർ എന്നും കേൾക്കുന്ന ആ പേര് ഇനി കേൾക്കില്ല. ശുദ്ധമലയാളത്തിൽ ഹൃദ്യമായി പരിപാടികൾ അവതരിപ്പിക്കുകയും ജനകീയ വിഷയങ്ങളെക്കുറിച്ച് പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്ന പി.ജോൺ കുര്യൻ ആകാശവാണിയുടെ പടിയിറങ്ങി. ആകാശവാണി 103.6 റിയൽ എഫ്എമ്മിന്റെ പ്രോഗ്രാം എക്സിക്യുട്ടീവ് ആയാണ് ജോൺ കുര്യൻ വിരമിച്ചത്.

പത്രപ്രവർത്തന മേഖലയിലെ പ്രവൃത്തിപരിചയവുമായാണ് ജോൺ കുര്യൻ ആകാശവാണിയിലേക്ക് എത്തിയത്. ‘വയലും വീടും’ വിഭാഗത്തിൽ ദേശീയ പുരസ്കാരങ്ങൾ നേടിയ പരിപാടികളുടെ  ഭാഗമായിരുന്നു. കോഴിക്കോട് ആകാശവാണി വിവിധ് ഭാരതി ചാനൽ 2000 ൽ എഫ്എം പ്രക്ഷേപണത്തിലേക്ക് മാറിയപ്പോൾ ടീമിനെ നയിക്കാനുള്ള ചുമതല ലഭിച്ചു.

വരുമാനത്തിലും ജനപ്രിയതയിലും മുന്നിട്ട് നിന്ന കോഴിക്കോട് എഫ്എം റിയൽ എഫ്എം എന്ന പേരുമായി ശ്രദ്ധേയമാവുന്നതിൽ പ്രധാനപങ്കുവഹിച്ചത് ജോൺ കുര്യനായിരുന്നു. അക്കാലത്ത് ‘പൂമുഖം’ എന്ന പേരിൽ പ്രഭാത പ്രക്ഷേപണം പുനഃസംഘടിപ്പിച്ചു. ‘സൈബർ മാജിക്ക്’ പോലുള്ള കാലാനുസൃത പരിപാടികൾ തയാറാക്കി. 

‘പ്രിയഗീതം’ തത്സമയ ഫോൺ ഇൻ പരിപാടിയിൽ ജോൺകുര്യന്റെ സരസമായ അവതരണ ശൈലി കേൾവിക്കാർക്ക് ഹരമായിരുന്നു. മലയാള റേഡിയോ പ്രക്ഷേപണത്തിൽ ഏറ്റവും കൂടുതൽ കാലമായി നടന്നുവരുന്ന റേഡിയോ ചാറ്റ് ഷോ ആയ റിയൽഎഫ്എം മോണിങ് ചാറ്റ് ഷോയുടെ ക്രീയേറ്റിവ് ഡയറക്ടറായിരുന്നു. ഈ ചാറ്റ് ഷോ 1375 ദിവസം പൂർത്തിയാക്കിയ ദിവസമാണ് ജോൺകുര്യൻ വിരമിച്ചത്. ‘ശ്രദ്ധ’, ‘സാദരം’ തുടങ്ങിയ അനുദിന പരിപാടികളുടെ അവതാരകനും ആസൂത്രകനുമായിരുന്നു.

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യങ്ങളെ നിത്യേന ഓർമ്മിക്കുന്ന ‘സാദരം’ പഠിതാക്കൾക്കും മത്സരപ്പരീക്ഷാർഥികൾക്കും ആശ്രയിക്കാവുന്ന പരിപാടിയായിരുന്നു. പത്തുവർഷമായി സംപ്രേഷണം ചെയ്യുന്ന പരിപാടിയാണ്. ഇംഗ്ലിഷ്, മലയാളം ഭാഷാ പ്രയോഗങ്ങളെ പരിചയിപ്പെടുത്തുന്ന പരമ്പരകൾ തയ്യാറാക്കി. യുവാക്കളെ റേഡിയോ പരിപാടികളിലേക്കാകർഷിക്കും വിധം യുവവാണിക്ക് പുതിയ രൂപം നൽകി.  ശ്രോതാക്കളുടെ കത്തുകൾ ഉൾപ്പെടുത്തുന്ന എഴുത്തുപെട്ടി അവതരണമാണ് ജനപ്രിയമായ മറ്റൊരു പരിപാടി. മാവേലിക്കര പടിഞ്ഞാറെത്തലക്കൽ കുടുംബാംഗമാണ്.

English Summary:

Radio presenter John Kurian retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com