ADVERTISEMENT

ഇഷ്ടഗാനങ്ങൾ പാടാത്തതിന് പഴികേട്ടത് പാട്ടുകാരൻ. അടി വാങ്ങിയത് അദ്ദേഹത്തിന്റെ കാറും.

ഓർക്കുമ്പോഴേ നടുക്കം തോന്നാവുന്ന അനുഭവം. അന്നതുൾക്കൊള്ളാൻ പ്രയാസമായിരുന്നു ജയചന്ദ്രന്. എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ ആരാധകപക്ഷത്തുമില്ലേ ന്യായം എന്ന് തോന്നും. ചലച്ചിത്രഗാനത്തോട് സാധാരണ ശ്രോതാവിനുള്ള ആത്മബന്ധത്തിന്റെ തീവ്രത മനസ്സിലാക്കിത്തന്ന അനുഭവമായിരുന്നല്ലോ അത്.

ReadAlso: ‘ശബ്ദത്തിനു കനമില്ല, പക്വത പോര’; ജയചന്ദ്രനെ മാറ്റണമെന്നു വിതരണക്കാരന്റെ ശാഠ്യം, ഒടുവിൽ! 

1970 കളിൽ ഒരു കലാസമിതി ഉദ്‌ഘാടനത്തിനായി മധ്യകേരളത്തിലെ പട്ടണത്തിൽ ചെന്നതായിരുന്നു. ഉദ്‌ഘാടനം കഴിഞ്ഞപ്പോൾ പ്രിയഗായകൻ പാട്ട് പാടിക്കേൾക്കണമെന്ന് സദസ്സിനു മോഹം. തൊണ്ട ശരിയല്ലെന്നും പാടാനുള്ള മൂഡില്ലെന്നും പറഞ്ഞു ജയചന്ദ്രൻ ഒഴിഞ്ഞുമാറിയപ്പോൾ സ്വാഭാവികമായും ജനം ഇടഞ്ഞു. പാടാൻ വേണ്ടി വന്നതല്ല എന്ന വിശദീകരണം അവരെ കൂടുതൽ പ്രകോപിതരാക്കിയതേയുള്ളൂ. അതോടെ അന്തരീക്ഷം മാറി. ഗായകൻ വന്ന കാർ തല്ലിത്തകർത്തുകൊണ്ടാണ് നാട്ടുകാർ അരിശം തീർത്തത്. നിസ്സഹായനായി എല്ലാം കണ്ടുനിന്നു ജയചന്ദ്രൻ.

നിരവധി വർഷങ്ങൾ കഴിഞ്ഞു തൃശൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തുനിൽക്കേ ജയചന്ദ്രനെ തേടി ഒരു അപരിചിതൻ എത്തുന്നു. ആമുഖമൊന്നും കൂടാതെ അയാൾ പറഞ്ഞു: "സാർ, എനിക്ക് മാപ്പു തരണം. അന്ന് സാറിന്റെ കാർ തല്ലിത്തകർക്കാൻ മുൻകൈ എടുത്തത് ഞാനാണ്. സാറിന്റെ പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് ചെയ്തുപോയതാണ്. ശുദ്ധ തെമ്മാടിത്തമാണ് ചെയ്തതെന്ന് പിന്നീട് മനസ്സിലായി. എത്രയോ കാലമായി ആ കുറ്റബോധം ഉള്ളിൽ കൊണ്ടുനടക്കുന്നു. ക്ഷമിച്ചുവെന്ന് അങ്ങ് പറയാതെ ഞാൻ പോകില്ല.''

എന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു ജയചന്ദ്രന്. "എത്ര ആശ്വസിപ്പിച്ചിട്ടും അയാൾക്ക് തൃപ്തിയാകുന്നില്ല. കരയുന്ന മുഖവുമായി അങ്ങനെ നിൽക്കുകയാണ്. ഒടുവിൽ എങ്ങനെയൊക്കെയോ ഞാൻ അയാളെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. അത്തരമൊരനുഭവം നടാടെയായിരുന്നു എനിക്ക്."

ആരാധകനെ കുറ്റപ്പെടുത്തുന്നില്ല ഗായകൻ. ആത്യന്തികമായി കല ജനങ്ങൾക്ക് വേണ്ടിയുള്ളതല്ലേ? ആസ്വാദകരുണ്ടെങ്കിലേ ഗായകന് നിലനിൽപ്പുള്ളൂ. ആഗ്രഹം നടക്കാതെ വരുമ്പോൾ അവർ ക്രുദ്ധരാകുക സ്വാഭാവികം -- ജയചന്ദ്രൻ എന്ന ഗായകന്റെ സവിശേഷ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നു, പക്വതയാർന്ന ഈ നിരീക്ഷണം.

"ഓരോ ഗാനമേളയും ഓരോ അനുഭവമാണെനിക്ക്'' -- ജയചന്ദ്രന്റെ വാക്കുകൾ. "റെക്കോർഡിങ് സ്റ്റുഡിയോയുടെ ഏകാന്ത മൂകമായ അന്തരീക്ഷമല്ല ഗാനമേളയുടേത്. അവിടെ വൈവിധ്യമാർന്ന അഭിരുചികൾ ഉള്ള വലിയൊരു ജനക്കൂട്ടവുമായി നേരിട്ടുള്ള ഇടപഴകലാണ്. ഓരോരുത്തർക്കും ഓരോ ഇഷ്ടം. പ്രതീക്ഷിക്കുന്ന പാട്ടുകൾ കേൾക്കാതെ വരുമ്പോൾ സ്വാഭാവികമായും പലരും ചൊടിക്കും.''

ഉദാഹരണമായി മറ്റൊരരനുഭവം വിവരിച്ചു ജയചന്ദ്രൻ. തെക്കൻ കേരളത്തിലെ ഒരു ഗാനമേള കഴിഞ്ഞു തിരികെ വണ്ടികയറാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ഗായകൻ. കുറച്ചു നേരം നിന്നപ്പോൾ ഒരാൾ ഓടിക്കിതച്ചു മുന്നിലെത്തുന്നു. ശകാരവർഷവുമായാണ് വരവ്. "ആദ്യം എനിക്കൊന്നും പിടികിട്ടിയില്ല. ക്ഷമയോടെ കാര്യം ചോദിച്ചപ്പോൾ അയാൾ പറയുകയാണ്: എടോ, തന്റെ കരിമുകിൽ കാട്ടിലെ എന്ന പാട്ട് കേൾക്കാൻ 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി വന്നതാണ് ഞാൻ. ആ പാട്ട് പാടണമെന്ന് കുറിപ്പെഴുതി കൊടുത്തയച്ചിട്ടുപോലും താൻ പാടിയില്ല. താനെന്തു പാട്ടുകാരനാടോ?'' ഒരു യഥാർഥ സംഗീതാസ്വാദകന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള വാക്കുകൾ.

പി.ജയചന്ദ്രൻ ∙ചിത്രം മനോരമ
പി.ജയചന്ദ്രൻ ∙ചിത്രം മനോരമ

ആദ്യം നീരസം തോന്നിയെങ്കിലും പിന്നെ ചിന്തിച്ചപ്പോൾ അയാളുടെ ഭാഗത്തും ന്യായമുണ്ടെന്നു തോന്നിയെന്ന് ജയചന്ദ്രൻ. "ക്ഷമ ചോദിക്കുക മാത്രമല്ല, അവിടെ നിന്നുകൊണ്ട് തന്നെ കരിമുകിൽ കാട്ടിലെ എന്ന പാട്ട് അയാൾക്ക് വേണ്ടി പാടുക കൂടി ചെയ്തു ഞാൻ. സന്തോഷത്തോടെയാണ് ആ മനുഷ്യൻ യാത്ര പറഞ്ഞു പിരിഞ്ഞത്.''

ReadAlso: ‘റഹ്മാന്‍റെ വിളിയല്ല; മുഖ്യം കുളി തന്നെ’; പി.ജയചന്ദ്രന്‍റെ വിചിത്രസ്വഭാവങ്ങള്‍

ചലച്ചിത്ര ഗാനവുമായുള്ള മലയാളിയുടെ ഹൃദയബന്ധം ജയചന്ദ്രനെ പോലെ തൊട്ടറിഞ്ഞവർ അപൂർവം. തലമുറകളേ മാറുന്നുള്ളൂ. സദസ്സിന്റെ മനശാസ്ത്രം അന്നും ഇന്നും ഒരുപോലെ. ആലാപനത്തിലെ ചില്ലറ പിഴവുകൾ പോലും സഹിക്കില്ല മലയാളികൾ. "ഒരു ഗാനമേളക്കിടെ സുപ്രഭാതം എന്ന ഗാനത്തിന്റെ അവസാന ഭാഗത്ത് നിന്റെ നീല വാർമുടി ചുരുളിന്റെയറ്റത്ത് ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടേ എന്നതിന് പകരം ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ എന്ന് പാടിപ്പോയി. അറിയാതെ പറ്റിയ അബദ്ധം.

പാടിക്കഴിഞ്ഞ് ബാക്ക് സ്റ്റേജിൽ വന്നപ്പോൾ ഒരു അപരിചിതൻ അവിടെ ക്ഷുഭിതനായി കാത്തുനിൽക്കുന്നു --തലയിലെങ്ങനാ സാറേ മുറി പണിയണത്, ആ വിദ്യയൊന്ന് കാണിച്ചുതരാമോ എന്ന ചോദ്യത്തോടെ. തെറ്റിപ്പോയി, ക്ഷമിക്കണം എന്ന് പറഞ്ഞുനോക്കിയെങ്കിലും അയാൾ വിടാനുള്ള ഭാവമില്ല. ഒടുവിൽ ഭാരവാഹികൾ വന്ന് ബലം പ്രയോഗിച്ചു പുറത്തുകൊണ്ടുപോകേണ്ടി വന്നു അയാളെ.''

സിനിമയിൽ പാടിത്തുടങ്ങും മുൻപേ സ്റ്റേജ് പരിപാടികളിൽ സാന്നിധ്യമറിയിച്ചു തുടങ്ങിയിരുന്നു ജയചന്ദ്രൻ. അത്തരമൊരു ഗാനമേളയാണ് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന്റെ വഴിതിരിച്ചുവിട്ടതും. ഡിഫൻസ് ഫണ്ടിന് വേണ്ടി എം.ബി.ശ്രീനിവാസന്റെ നേതൃത്വത്തിൽ 1965 ൽ ചെന്നൈയിൽ നടന്ന സംഗീതപരിപാടിയിൽ യേശുദാസിന് പാടാൻ വച്ചിരുന്ന പഴശ്ശിരാജയിലെ "ചൊട്ട മുതൽ ചുടല വരെ" എന്ന ഗാനം ദാസിന്റെ അഭാവത്തിൽ പാടാൻ ഭാഗ്യം ലഭിച്ചത് ജയചന്ദ്രന്.

പി.ജയചന്ദ്രൻ ∙ചിത്രം മനോരമ
പി.ജയചന്ദ്രൻ ∙ചിത്രം മനോരമ

ഹൃദയസ്പർശിയായ ആ ആലാപനം സദസ്സിലിരുന്ന് കേട്ട ശോഭന പരമേശ്വരൻ നായരും ആർ.എസ്.പ്രഭുവും "കുഞ്ഞാലിമരക്കാർ'' എന്ന സിനിമയിൽ പാടാൻ യുവഗായകന് അവസരം നൽകുന്നു. പിന്നണിഗായകനായി അരങ്ങേറ്റം കുറിച്ച ശേഷമുള്ള ജയചന്ദ്രന്റെ ആദ്യ ഗാനമേളയ്ക്ക് വേദിയൊരുക്കിയത് കൊല്ലം ഫാത്തിമാ കോളജ് ആണ്, 1967 ൽ. പാടിയതേറെയും യേശുദാസിന്റെ ഹിറ്റുകൾ. "ഹാർമോണിയം, തബല, ഗിറ്റാർ, വയലിൻ... പിന്നെ ബോംഗോസും... ഇത്രയേയുള്ളൂ അന്നത്തെ ഓർക്കസ്ട്ര. ഗാനമേളാ ട്രൂപ്പിന്റെ പ്രതിഫലം 1500 രൂപ.''– ജയചന്ദ്രൻ ഓർക്കുന്നു.

ഇന്ത്യയിലും പുറത്തുമായി പിന്നീട് ആയിരക്കണക്കിന് വേദികൾ. നൂറു കണക്കിന് സഹഗായികമാർ, പി.ലീല മുതൽ ചിത്ര അരുൺ വരെ. ആദ്യമാദ്യം വേദിയിൽ നിലത്തിരുന്നായിരുന്നു പാട്ട്. പിന്നെ കസേരയിലിരുന്നായി. അതുകഴിഞ്ഞ് നിന്നുകൊണ്ടും. മൈക്കുകളും സ്പീക്കറുകളും മാറിമാറിവന്നു. കണ്ടൻസർ മൈക്കുകളും ഷുവർ മൈക്കുകളും പോയി പകരം അങ്ങേയറ്റം സെൻസിറ്റിവ് ആയ ഡിജിറ്റൽ മൈക്കുകൾ എത്തി. മരത്തിൽ വലിച്ചുകെട്ടിയ പാട്ടു കോളാമ്പികളുടെ സ്ഥാനത്ത് ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന മൾട്ടിവാട്ട്സ് സ്പീക്കറുകൾ നിറഞ്ഞു. എല്ലാ മാറ്റങ്ങളുടെയും സാക്ഷിയായി ജയചന്ദ്രനുണ്ട് നമുക്കൊപ്പം; കാലത്തിന് തൊടാൻ കഴിയാത്ത നാദസൗഭഗവുമായി. 

എന്റെ ഓർമയിലെ ഏറ്റവും രസകരമായ ഗാനമേളാനുഭവത്തിന് സാക്ഷ്യം വഹിച്ചത് കോഴിക്കോട് ടൗൺഹാളിൽ വച്ച്. കാർഗിൽ യുദ്ധവേളയിലെ ഒരു സ്റ്റേജ് പരിപാടിയിൽ ജയേട്ടൻ "തൊട്ടാവാടി"യിലെ ആ പ്രശസ്ത ഗാനം ‘ഉപാസന ഉപാസന ഇത് ധന്യമാമൊരുപാസന’ പാടുന്നു. പാട്ടിന്റെ ചരണത്തിലെ "മനുഷ്യാ ഹേ മനുഷ്യാ" എന്ന വരി റെക്കോർഡിൽ നിന്നു വ്യത്യസ്തമായി അപാരമായ ശ്വാസനിയന്ത്രണത്തോടെ സുദീർഘമായി പാടി അവതരിപ്പിക്കുന്ന പതിവുണ്ട് ജയേട്ടന്. 

അന്നെന്തോ ആ നീട്ടൽ കേട്ടില്ല. കാര്യമായ മനോധർമപ്രകടനത്തിനൊന്നും മുതിരാതെ തികച്ചും സ്വാഭാവികമായി "മനുഷ്യ"നിലൂടെ കടന്നുപോകുന്നു ഗായകൻ. മുന്നിലിരുന്ന ശ്രോതാക്കളിലൊരാൾക്കു സഹിച്ചില്ല ആ ഒഴുക്കൻ മട്ട്. "ജയേട്ടാ, ആ മനുഷ്യന് നീളം പോരാ.. ഇനീം പോരട്ടെ..", കയ്യും കലശവും കാട്ടി  ഉറക്കെ വിളിച്ചുപറയുന്നു അയാൾ; ഉള്ളിലെ ലഹരിയുടെ പിൻബലത്തോടെ.

പി.ജയചന്ദ്രൻ ∙ചിത്രം മനോരമ
പി.ജയചന്ദ്രൻ ∙ചിത്രം മനോരമ

രണ്ടാം ചരണത്തിലെ "മനുഷ്യാ"യുടെ സമയത്തും ആവലാതി ആവർത്തിക്കപ്പെട്ടപ്പോൾ പാട്ട് ഇടക്കുവച്ച് നിർത്തി, ശ്രോതാവിനെ നോക്കി ജയചന്ദ്രൻ മൈക്കിൽ പറഞ്ഞു: "തൽക്കാലം ഇത്രേ പറ്റൂ സുഹൃത്തേ. ഇനിയും നീട്ടിപ്പാടാൻ ഒരു ഫുൾ കോഴി വേണ്ടിവരും. മനുഷ്യനല്ലേ? ശ്വാസം കിട്ടാതെ ചത്തുപോകും."

അന്ന് ടൗൺഹാളിൽ മുഴങ്ങിയ ചിരി ഇതാ ഇപ്പോഴുമുണ്ട് കാതിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com