അന്ത്യയാത്രയ്ക്കൊരുങ്ങുന്നുവെന്ന് സന്ദേശം, അവസാനഗാനം മകനുവേണ്ടി പാടിവച്ച് അവൾ പോയി; നൊമ്പരമായി 7വയസ്സുകാരൻ!

Mail This Article
അവസാനഗാനം മകന്‍ ലോറനുവേണ്ടി സമർപ്പിച്ച് ഗായിക ക്യാറ്റ് ജാനിസ് (31) യാത്രയായി. സാർകോമെയർ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂെടയാണ് ജാനിസ് ഗുരുതരാവസ്ഥയിലാണെന്ന് ആരാധകർ അറിയുന്നത്. തന്റെ അവസാനഗാനം ഗായിക വിഡിയോ സന്ദേശത്തിലൂടെ ആരാധകർക്കു പരിചയപ്പെടുത്തി. പാട്ട് ഉടൻ റിലീസ് ചെയ്യുമെന്നും അറിയിച്ചു. ആ പാട്ടിൽ നിന്നു ലഭിക്കുന്ന വരുമാനം മുഴുവൻ തന്റെ ഏഴുവയസ്സുകാരൻ മകനുള്ളതാണെന്നും ജാനിസ് പറഞ്ഞിരുന്നു.
Read Also: ഹണിമൂണിനു കൊണ്ടുപോകാമെന്നു വാഗ്ദാനം; ലൈവിനിടെ ഹാസ്യതാരത്തിന്റെ കരണത്തടിച്ച് ഗായിക
ബുധനാഴ്ച രാവിലെയായിരുന്നു ജാനിസിന്റെ അന്ത്യം. സമൂഹമാധ്യമ കുറിപ്പിലൂടെ കുടുംബാംഗങ്ങൾ തന്നെയാണ് ഗായികയുടെ വിയോഗവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ‘അവൾ വളർന്ന വീട്ടിൽ, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ജാനിസ് തന്റെ സ്വർഗീയ സ്രഷ്ടാവിന്റെ വെളിച്ചത്തിലേക്കും സ്നേഹത്തിലേക്കും സമാധാനപരമായി പ്രവേശിപ്പിക്കപ്പെട്ടു’, എന്ന് ജാനിസിന്റെ അടുത്ത ബന്ധു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ക്യാറ്റ് ജാനിസിന്റെ വിയോഗവാർത്തയിൽ സ്തബ്ധരായിരിക്കുകയാണ് ആരാധകവൃന്ദം. രോഗശയ്യയിലായിരുന്നപ്പോൾ മകനെക്കുറിച്ചോർത്തു മാത്രമായിരുന്നു ജാനിസ് വേദനിച്ചിരുന്നതെന്നും അവളുടെ പാട്ടുകളിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും മകനുവേണ്ടി മാറ്റിവയ്ക്കണമെന്നും പറഞ്ഞതായി ബന്ധുക്കൾ വെളിപ്പെടുത്തി. പുതിയ ഗാനം റിലീസ് ചെയ്യും വരെ താൻ ജീവിച്ചിരിക്കുമെന്നായിരുന്നു ക്യാറ്റ് ജാനിസിന്റെ പ്രതീക്ഷ. അക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഗായിക ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു.
എന്നാൽ റേഡിയേഷൻ കഴിഞ്ഞതോടെ ജാനിസിന്റെ ആരോഗ്യനില വഷളായി. തുടർന്ന്, പാട്ട് റിലീസിങ് കാണാൻ തനിക്കു സാധിക്കില്ലെന്നും അന്ത്യയാത്രയോടടുക്കുകയാണെന്നും ജാനിസ് നൊമ്പരത്തോടെ പറഞ്ഞു. പാട്ട് പുറത്തിറങ്ങുമ്പോൾ കിട്ടുന്ന മുഴുവൻ തുകയും തന്റെ മകനുള്ളതാണെന്നും പാട്ടിന്റെ മുഴുവൻ അവകാശവും അവന്റെ പേരിലേക്കു മാറ്റിയെന്നും ഗായിക അറിയിച്ചു. ഈ പോസ്റ്റ് പങ്കിട്ട് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ക്യാറ്റ് ജാനിസിന്റെ വിയോഗം.
ReadAlso: ‘ഈ മനുഷ്യനൊരു മുത്താണ്, രത്നം’; ഗോപി സുന്ദറിനെക്കുറിച്ച് മയോനി, ചർച്ചയാക്കി സോഷ്യൽ ലോകം
2022 ലാണ് ക്യാറ്റ് ജാനിസിന് സാർകോമെയർ ക്യാന്‍സർ ആണെന്നു സ്ഥിരീകരിച്ചത്. കഴുത്തിൽ ചെറിയ മുഴ വന്നതോടെയായിരുന്നു തുടക്കം. തുടർന്ന് ശസ്ത്രക്രിയയ്ക്കും കീമോതെറപ്പിക്കും റേഡിയേഷനുമൊക്കെ വിധേയയായി. തുടർന്ന് ജാനിസ് അർബുദത്തിൽ നിന്നും മുക്തി നേടിയെന്നു മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. എന്നാൽ തനിക്കു വീണ്ടും അർബുദം ബാധിച്ചെന്ന് ഈ വർഷം ജനുവരിയിൽ ജാനിസ് വെളിപ്പെടുത്തി. രോഗവസ്ഥയിൽ തുടരുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാറുണ്ടായിരുന്നു ജാനിസ്. ഗായികയുടെ വിയോഗവാർത്ത ആരാധകരെ ഏറെ തളർത്തിയിരിക്കുകയാണ്.