ADVERTISEMENT

പി.ജയചന്ദ്രനെ മലയാളികൾ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത് ഭാവഗായകൻ എന്നാണ്. വരികളുടെയും സംഗീതത്തിന്റെയും ആത്മാവ് നഷ്ടപ്പെടുത്താതെ ഓരോ ഗാനവും ആവശ്യപ്പെടുന്ന ഭാവം അതേ തീവ്രതയോടെ ആസ്വാദകരിലേക്കു പകർന്നു നൽകുന്ന അനുഗ്രഹീത ഗായകനാണ് അദ്ദേഹം. ദേവരാജാൻ മലയാളത്തിനു നൽകിയ വരദാനാമാണ് ജയചന്ദ്രൻ. 1965 ൽ പി.എ.ചിദംബരനാഥിന്റെ സംഗീതത്തിൽ കുഞ്ഞാലിമരയ്ക്കാറിലൂടെയാണ് അദ്ദേഹം ചലച്ചിത്ര പിന്നണി ഗാനശാഖയിലേക്ക് കടന്നുവരുന്നതെങ്കിലും 1967 ൽ പുറത്തിറങ്ങിയ കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി ദേവരാജാന്റെ സംഗീതത്തിൽ പാടിയ 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി' എന്ന ഗാനം ജയചന്ദ്രൻ എന്ന ഗായകനെ അടയാളപ്പെടുത്തി. പ്രണയമോ വിരഹമോ കാത്തിരിപ്പോ ഉല്ലാസമോ എന്തു തരം മാനുഷിക ഭാവങ്ങളെയും തീവ്രത നഷ്ടമാകാതെ ആസ്വാദകരിലേക്ക് പകർത്തിവെക്കാൻ അദ്ദേഹത്തിനു പ്രത്യേക സിദ്ധിയുണ്ട്. 

പ്രണയഗാനങ്ങൾ ആലപിക്കുമ്പോൾ ഇപ്പോഴും അദ്ദേഹത്തിനു പതിനേഴിന്റെ ചെറുപ്പം. എൺപതാം പിറന്നാൾ ആഘോഷിക്കുമ്പോഴും ആ ശബ്ദത്തിന് ഇന്നും നിത്യ യൗവനം. ജയചന്ദ്രൻ പല കാലങ്ങളിൽ പാടി അന്വശരമാക്കിയ ചില പ്രണയഗാനങ്ങളിലൂടെ ഒരു പിൻ നടത്തം. 

പി.ജയചന്ദ്രൻ ∙ചിത്രം മനോരമ
പി.ജയചന്ദ്രൻ ∙ചിത്രം മനോരമ

ഗാനം: മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി

സംഗീതം: ജി.ദേവരാജാൻ

ഗാനരചന: പി.ഭാസ്ക്കരൻ 

ദേവരാജാനും പി.ജയചന്ദ്രനും തമ്മിലുള്ള ആത്മബന്ധം പാട്ടുകൾ പോലെ ഹൃദ്യമാണ്. ജയചന്ദ്രൻ എന്ന ഗായകനെ ഏറ്റവും നന്നായി വിനിയോഗിച്ച സംഗീതസംവിധായകൻ ദേവരാജാനാണ്. ജയചന്ദ്രൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതും ദേവരാജാനു വേണ്ടിയാണ്. നൂറ്റിയൻപതിലധികം പാട്ടുകളാണ് ദേവരാജാൻ-ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിറവിയെടുത്തത്. 

ജയചന്ദ്രന്റെ കൈയ്യൊപ്പ് ചാർത്തിയ ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനമില്ലാതെ അദ്ദേഹത്തിന്റെ പ്രണയഗാനങ്ങളുടെ പട്ടിക അപൂർണമായിരിക്കും. പി.ഭാസ്കരന്റെ മലയാളിത്തം തുളുമ്പുന്ന വരികളും ദേവരാജന്റെ ലാളിത്യമുള്ള സംഗീതവും ജയചന്ദ്രന്റെ സ്വരമാധുരിയും ചേർന്നപ്പോൾ മലയാളത്തിൽ പിറവിയെടുത്തത് നിത്യഹരിത പ്രണയഗാനം. ജയചന്ദ്രൻ എന്ന ഗായകൻ വരവറിയിക്കുകയായിരുന്നു ആ മനോഹര ഗാനത്തിലൂടെ. ഇന്നും പുതുമ നഷ്ടപ്പെടാത്ത ഹൃദ്യമായ ഈണം. 

ഗാനം: അനുരാഗഗാനം പോലെ 

സംഗീതം: എം.എസ്.ബാബുരാജ്

ഗാനരചന: യുസഫലി കേച്ചേരി 

മലയാളത്തിലെ ഹിന്ദുസ്ഥാനി ടച്ചുള്ള സംഗീതസംവിധായകൻ എം.എസ്.ബാബുരാജിന്റെ സംഗീതത്തിൽ ജയചന്ദ്രൻ അന്വശരമാക്കിയ ഗാനം. ‘ഉദ്യോഗസ്ഥാ’ എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരി വരികളെഴുതി ബാബുരാജ് ഈണം നൽകി ജയചന്ദ്രൻ ആലപിച്ച ‘അനുരാഗം ഗാനം’ പോലെ എന്ന ഗാനം മലയാളത്തിലെ ഏക്കാലത്തെയും ക്ലാസിക്ക് ഹിറ്റുകളിലൊന്നാണ്. കാലം എത്രം കഴിഞ്ഞിട്ടും മാറ്റ് കുറയാത്ത മനോഹരം ഗാനം. പത്തിലധികം പാട്ടുകൾ ജയചന്ദ്രൻ ബാബുരാജിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. അവയെല്ലാം ഒന്നിനൊന്നു മികച്ച ഈണങ്ങൾ. എന്നിരുന്നാലും അനുരാഗം ഗാനം പോലെ എന്ന ഗാനത്തിന്റെ തട്ട് താണു തന്നെയിരിക്കും. 

ഗാനം: ശരദിന്ദു മലർദീപ നാളം നീട്ടി

സംഗീതം: എം.ബി.ശ്രീനിവാസൻ

ഗാനരചന: ഒ.എൻ.വി.കുറുപ്പ്

ജോർജ് ഓണക്കൂറിന്റെ ഉൾക്കടൽ എന്ന നോവലിന് അതേ പേരിൽ കെ.ജി.ജോർജ് ചലച്ചിത്രഭാഷ്യം ചമച്ചപ്പോൾ പിറവിയെടുത്തത് മലയാളത്തിലെ ഏക്കാലത്തെയും മികച്ചൊരു മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ. പാപ്പുക്കുട്ടി ഭാഗവതരുടെ മകളും കെ.ജി.ജോർജിന്റെ പത്നിയുമായ സെൽമ ജോർജ് എന്ന ഗായികയെ മലയാള ചലച്ചിത്ര സംഗീത ശാഖയിൽ അടയാളപ്പെടുത്തിയ ഗാനം പിറക്കുന്നതും ഇതേ ചിത്രത്തിലൂടെയാണെന്ന പ്രത്യേകതയുണ്ട്. എം.ബി.ശ്രീനിവാസാനായിരുന്നു ചിത്രത്തിന്റെ സംഗീതം. ഒ.എൻ.വി.കുറുപ്പിന്റെ കവിത തുളുമ്പുന്ന തൂലികയിൽ നിന്ന് പിറവിയെടുത്ത ‘ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രൂതി മീട്ടി..’ എന്ന മനോഹര ഗാനത്തിനു പിന്നണി തീർത്തത് സെൽമ ജോർജും പി.ജയചന്ദ്രനും ചേർന്നായിരുന്നു. ജയചന്ദ്രന്റെയും സെൽമയുടെയും കരിയറിലെ തന്നെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്. ആ കാലഘട്ടത്തിലെ യുവതയുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണിത്. യമൻ കല്യാണി രാഗത്തിൽ പിറന്നൊരു അനശ്വര ഗാനം. 

പി.ജയചന്ദ്രന്‍ ∙ചിത്രം മനോരമ
പി.ജയചന്ദ്രന്‍ ∙ചിത്രം മനോരമ

ഗാനം:  ഒന്നു തൊടനുള്ളിൽ

സംഗീതം: ജോൺസൺ

ഗാനരചന: കൈതപ്രം

മലയാളത്തിലെ ഏക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടിലൊന്നാണ് സത്യൻ അന്തിക്കാട്-ജോൺസൺ ടീം. 23 ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. 2002ൽ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയിലൂടെയാണ് ആ കൂട്ടുകെട്ട് വേർപിരിയുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ ഈണമിട്ട ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. ചിത്രത്തിൽ രണ്ടു ഗാനങ്ങളാണ് ജയചന്ദ്രൻ ആലപിച്ചിരിക്കുന്നത്. അതിൽ ‘ഒന്നു തൊടനുള്ളിൽ തീരാ മോഹം’ എന്ന ഗാനം ജയചന്ദ്രൻ എന്ന ഭാവഗായകന്റെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലൊന്നാണ്. ആത്മാവ് കൊടുത്ത് ഭാവ ഗായകൻ പാടിയ ഈണം. ഒരു കാറ്റ് പോലെ ഇന്നും പ്രേക്ഷകരെ തഴുകുന്ന മനോഹര ഗാനം. 

ഗാനം: മറന്നിട്ടുമെന്തിനോ 

സംഗീതം: വിദ്യാസാഗാർ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഒരിക്കലെങ്കിലും പ്രണയിച്ചവർ ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന ഗാനമാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കു വിദ്യാസാഗർ ഈണം നൽകിയ രണ്ടാംഭാവത്തിലെ ‘മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്ന മൗനാനുരാഗത്തിൻ ലോലഭാവം’ എന്ന ഗാനം. പി.ജയചന്ദ്രനും സുജാത മോഹനും ചേർന്ന് ആലപിച്ച ഗാനം നഷ്ടപ്രണയത്തിന്റെ നീറ്റലായി ആസ്വാദകരിൽ നിറയുന്നു. ഭാവ ഗായകൻ എന്ന വിശേഷണത്തോട് ജയചന്ദ്രൻ ഒരിക്കൽ കൂടി നീതി പുലർത്തുന്ന ഗാനം. പുത്തഞ്ചേരിയുടെ വരികളിൽ ഒളിഞ്ഞു കിടക്കുന്ന സൂഷ്മഭാവങ്ങളെ എത്ര മനോഹരമായിട്ടാണ് ജയചന്ദ്രൻ തന്റെ ആലാപനത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. 

ഗാനം: നീയൊരു പുഴയായി തഴുകുമ്പോൾ

സംഗീതം: കൈതപ്രം വിശ്വനാഥാൻ

ഗാനരചന: കൈതപ്രം

പാട്ടുകൾക്ക് ഏറെ പ്രധാന്യം നൽകുകയും പാട്ടുകളിൽ പരീക്ഷണം നടത്തുകയും ചെയ്യുന്ന സംവിധായകനാണ് ജയരാജ്. പല സംഗീതസംവിധായകരെയും മലയാളത്തിനു പരിചയപ്പെടുത്തിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. കണ്ണകിലൂടെ ജയരാജ് മലയാളത്തിനു പരിചയപ്പെടുത്തിയ സംഗീത സംവിധായകനാണ് കൈതപ്രം വിശ്വനാഥാൻ. തിളക്കം എന്ന ചിത്രത്തിനു വേണ്ടി സഹോദരൻ കൈതപ്രം ദമോദരന്റെ വരികൾക്ക് അദ്ദേഹം ഈണം നൽകി പി. ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഗാനമാണ് നീയൊരു പുഴയായി തഴുകുമ്പോൾ. അർബുദത്തെ തുടർന്ന് വിടവാങ്ങിയ വിശ്വനാഥന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണിത്. ജയചന്ദ്രനിലെ ഭാവ ഗായകനെ ഒരിക്കൽ കൂടി ഉണർത്തുന്ന മനോഹര ഗാനം. വരികളിലെന്ന പോലെ പുഴയായി കേൾവിക്കാരെ തഴുകി പോകുന്ന മനോഹരമായ ഗാനം. ജയചന്ദ്രന്റെ ശബ്ദത്തിൽ അല്ലാതെ ഇന്ന് സങ്കൽപ്പിക്കാനേ കഴിയില്ല ഈ ഗാനം. മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ഒരിക്കൽ കൂടി അദ്ദേഹത്തെ തേടിയെത്തി ഈ ഗാനത്തിലൂടെ. 

പി.ജയചന്ദ്രൻ ∙ചിത്രം മനോരമ
പി.ജയചന്ദ്രൻ ∙ചിത്രം മനോരമ

ഗാനം: പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ 

സംഗീതം: രമേശ് നാരായണൻ

ഗാനരചന: ഒ.എൻ.വി.കുറുപ്പ് 

മേഘമൽഹാർ പേരുപോലെ ഒരു ഹിന്ദുസ്ഥാനി ഗാനം കേൾക്കുന്ന ആനന്ദം പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്ന മനോഹരമായൊരു പ്രണയകാവ്യം. തന്റെ സിനിമകളുടെ സ്വഭാവത്തിന് അനുസരിച്ചാണ് സംവിധായകൻ കമൽ സംഗീതസംവിധായരെ തിരഞ്ഞെടുക്കുന്നത്. മേൽമൽഹാർ എന്ന മ്യൂസിക്കൽ ലവ് സ്റ്റോറിക്ക് ഈണമിടാൻ അദ്ദേഹം തിരഞ്ഞെടുത്തത് രമേശ് നാരായണനെയായിരുന്നു. സിനിമയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന ഗാനങ്ങളാണ് അദ്ദേഹം സിനിമക്കായി ഒരുക്കിയത്. പ്രണയത്തിന്റെയും വിരഹത്തിന്റെയും നഷ്ടപ്പെടലിന്റെയുമെല്ലാം ഭാവങ്ങൾ മിന്നി മറയുന്ന ഓ.എൻ.വി. കുറുപ്പിന്റെ വരികൾക്ക് ഭാവ ഗായകരായ കെ.എസ്.ചിത്രയും പി.ജയചന്ദ്രനും ചേർന്ന് പിന്നണി തീർത്തപ്പോൾ പിറന്നത് മലയാളത്തിലെ ഏക്കാലത്തെയും ഹൃദ്യമായ ഗാനങ്ങളിലൊന്ന്. രാജീവിന്റെയും നന്ദിതയുടെയും വിശുദ്ധ പ്രണയത്തെ വാക്കുകൾക്ക് അതീതമായ അവരുടെ ഹൃദയബന്ധത്തെ ഹൃദ്യമായി പകർത്തുന്നുണ്ട് ‘പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ സൗന്ദര്യ തീർഥക്കടവിൽ’ എന്ന ഗാനം. ഒഎൻവിയുടെ ഓരോ വരിയും അത്രയെറെ സൂക്ഷമവും ഹൃദ്യവുമാണ്. അതേ തരംഗദൈർഘ്യത്തോടെ ആ വരികളെ പകർത്തുന്നുണ്ട് ചിത്രയും ജയചന്ദ്രനും ഈ ഗാനത്തിൽ. 

ഗാനം: നീ മണിമുകിലാടകൾ

സംഗീതം: അൽഫോൺസ് ജോസഫ് 

ഗാനരചന: കൈതപ്രം 

2003 ൽ മുതിർന്ന സംവിധായകൻ ഭദ്രൻ പൃഥ്വിരാജ് സുകുമാരനെയും നവ്യ നായരെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് വെള്ളിത്തിര. അൽഫോൺസ് ജോസഫ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത് ഈ ചിത്രത്തിലൂടെയാണ്. പലതരം പാട്ടുകളാൽ സമ്പന്നമായിരുന്നു അൽഫോൺസിന്റെ ആദ്യ ചിത്രം. എന്നിരാലും സിനിമയിലെ ഏറ്റവും മികച്ചതും വേറിട്ടതുമായ ഈണം 

‘നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ’ എന്ന മെലഡിയായിരുന്നു. ചിത്രയും ജയചന്ദ്രനും ധന്യമാക്കിയ ഈ ഗാനത്തിന്റെ വരികൾ കൈതപ്രത്തിന്റേതാണ്. പാട്ടിന്റെ ആരോഹണഅവരോഹണങ്ങളെ അനായാസമായും ഹൃദ്യമായും ജയചന്ദ്രൻ പരിഭാഷപ്പെടുത്തുന്നു. നസീറിനു വേണ്ടി അറുപതുകളിൽ ആലപിച്ച അതേ യൗവന തീക്ഷണമായ ശബ്ദത്തിൽ പൃഥ്വിരാജെന്ന യുവനടനും വേണ്ടി രണ്ടായിരത്തിലും ജയചന്ദ്രൻ പാടുമ്പോൾ ആ സ്വരം കലാതീതമായി മാറുന്നു. അൽഫോൺസ് ജോസഫിന് അരങ്ങേറ്റ ചിത്രത്തിൽ ഇതിലും മനോഹരമായ എന്ത് സമ്മാനമാണ് വേണ്ടത്. 

ഗാനം: പൂവേ പൂവേ പാലപ്പൂവേ

സംഗീതം: വിദ്യാസാഗാർ 

ഗാനരചന: കൈതപ്രം 

നിഖിൽ മഹേശ്വരിന്റെയും അലീനയുടെയും അന്വശര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു രഘുനാഥ് പലേരിയുടെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. മലയാളത്തിലെ ഏറ്റവും മികച്ച മിസ്റ്റിക്ക് മ്യൂസിക്ക് ലൗവ് സ്റ്റോറികളിലൊന്ന്. സംഗീതത്തിന്റെ ചക്രവർത്തിയായ നിഖിൽ മഹേശ്വരന്റെ കഥ പറയുമ്പോൾ പാട്ടുകൾ കൂടിയേ തീരു. വിശാൽ കൃഷ്ണ മൂർത്തിയായി മോഹൻലാൽ നിറഞ്ഞാടിയ ദേവദൂതന് സംഗീതം നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ടത് വിദ്യാസാഗർ എന്ന മാന്ത്രികൻ. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗാർ ഈണമിട്ട് ജയചന്ദ്രനും ചിത്രയും ചേർന്ന് ആലപിച്ച മനോഹര ഗാനമാണ് ‘പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ’. ചിത്രയും ജയചന്ദ്രനും കൂടി ആ ഗാനം തങ്ങളുടേതാക്കി മാറ്റുമ്പോൾ ആസ്വാദകർക്ക് പാലപ്പൂവിന്റെ സുഗന്ധമുള്ളൊരു ഗാനം ലഭിക്കുന്നു. ദേവരാജാനു ശേഷം ജയചന്ദ്രനെ ഏറ്റവും നന്നായി ഉപയോഗിച്ച സംഗീതസംവിധായകൻ വിദ്യാസാഗറായിരിക്കും. 

ഗാനം: പ്രായം തമ്മിൽ മോഹം നൽകി 

സംഗീതം: വിദ്യാസാഗർ

ഗാനരചന: ബിച്ചു തിരുമല

പി.ജയചന്ദ്രനു മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടികൊടുത്ത ഗാനമാണ് നിറത്തിലെ പ്രായം തമ്മിൽ മോഹം നൽകി എന്ന ഗാനം. പാട്ടിന് രണ്ട് ഭാവങ്ങളുണ്ട്. ആദ്യ ചടുലവും പിന്നീട് പതിഞ്ഞ താളത്തിലേക്കും വീണ്ടും ചടുലവുമാകുന്ന ഗാനമാണത്. ഒരു കൗമരക്കാരന്റെ ചുറുചുറുക്കോടായാണ് ജയചന്ദ്രൻ ആ പാട്ട് പാടിയിരിക്കുന്നത്. ആരോഹണങ്ങളും അവരോഹണങ്ങളും ഏറെയുള്ള പാട്ട് ജയചന്ദ്രൻ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അനായാസമാക്കി മാറ്റുന്നു. ബിച്ചു തിരുമലയുടേതായിരുന്നു വരികൾ. ആനന്ദഭൈരവി രാഗത്തിലുള്ള ഗാനം സുജാതയും ജയചന്ദ്രനും ചേർന്ന് തകർത്ത് പാടിയപ്പോൾ കേരളത്തിലെ ക്യാംപസുകളും അവർക്കൊപ്പം പാടി. 

ഗാനം: എന്തേ ഇന്നും വന്നീലാ 

സംഗീതം: വിദ്യാസാഗർ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി 

മട്ടാഞ്ചേരിയുടെയും ഫോർട്ട്കൊച്ചിയുടെയും പശ്ചാത്തലത്തിൽ കമലൊരുക്കിയ മറ്റൊരു സംഗീത സാന്ദ്രമായ പ്രണയകാവ്യമായിരുന്നു ഗ്രാമഫോൺ. പലതരം സംഗീതധാരകൾ ചേർന്നൊരു മനോഹര ഈണമായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ ഗാനമായ എന്തേ ഇന്നും വന്നീലാ എന്ന ഗാനം. ഒരേ സമയം മാപ്പിളപ്പാട്ടിന്റെയും ഗസലിന്റെയും ഹിന്ദുസ്ഥാനിയുടെയും ഗുണങ്ങളുള്ള ഹൃദ്യമായ ഈണം. പോയ കാലത്തിന്റെ ദീപ്തമായ സ്മരണകളിലേക്ക് നമ്മളെ കൂട്ടികൊണ്ടു പോകുന്ന പ്രണയകാവ്യവും നാം കേട്ടത് ജയചന്ദ്രന്റെ മാന്ത്രിക ശബ്ദത്തിലൂടെ. അതേ അയാൾ അനുരാഗം മീട്ടും ഗന്ധർവനെന്നു സാക്ഷ്യപ്പെടുത്തുന്നു ആ ഈണം. ഹിന്ദുസ്ഥാനി രാഗമായ ദേശ്-ൽ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ ആത്മാവിന് തൊടുന്ന ആലാപനം. 

ഗാനം: അറിയാതെ അറിയാതെ 

സംഗീതം: സുരേഷ് പീറ്റേഴ്സ് 

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് രഞ്ജിത്ത് സ്വതന്ത്ര സംവിധായകനാകുന്നത് രാവണപ്രഭുവിലൂടെയാണ്. അദ്ദേഹം തന്നെ തിരക്കഥയെഴുതിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമെന്നു വിശേഷിപ്പിക്കുന്ന ചിത്രത്തിനു വേണ്ടി സംഗീതം നിർവഹിക്കാൻ നിയോഗിച്ചത് സൂരേഷ് പീറ്റേഴ്സിനെ. പ്രണയത്തിനൊപ്പം രതിക്കും പ്രധാന്യം നൽകുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ ആഴമുള്ള വരികൾ ആലപിക്കാൻ സുരേഷ് തിരഞ്ഞെടുത്തത് ഭാവ ഗായകനെ. അറിയാതെ അറിയാതെ ഈ പവിഴവാർത്തിങ്കളറിയാതെ എന്ന സൂപ്പർഹിറ്റ് ഗാനം അവിടെ പിറവിയെടുത്തും. ജയചന്ദ്രനും ചിത്രയും ചേർന്ന് ധന്യമാക്കി മറ്റൊരു മനോഹരം ഈണം. മഴതുള്ളി കിലുക്കത്തിൽ സുരേഷ് പീറ്റേഴ്സിനു വേണ്ടി ജയചന്ദ്രൻ ആലപിച്ച തേരിറങ്ങും മുകിലേയും ഈ കൂട്ടുകെട്ടിൽ പിറന്ന അന്വശരമായ മറ്റൊരു ഗാനമാണ്. 

ഗാനം: പാട്ടിൽ ഈ പാട്ടിൽ 

സംഗീതം: എം.ജയചന്ദ്രൻ

ഗാനരചന: ഒ.എൻ.വി.കുറുപ്പ്

ബ്ലെസിയെന്ന മാസ്റ്റർ ക്രാഫ്റ്റ്മാനൊരുക്കിയ പ്രണയകാവ്യത്തിന്റെ പേരും പ്രണയമെന്നു തന്നെ. ഒഎൻവി - എം.ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിറവിയെടുത്ത ചിത്രത്തിലെ പാട്ടുകളിലും നിറഞ്ഞ് നിന്നത് അടുമുടി പ്രണയം തന്നെ. പ്രണയത്തിലെ ഏറ്റവും മികച്ച ഗാനം പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരീല്ലേയായിരുന്നു. ഫീമെയിൽ വേർഷൻ പാൻ ഇന്ത്യൻ ഗായികയും ജയചന്ദ്രന്റെ പ്രിയപ്പെട്ട പാട്ടുകാരിയുമായ ശ്രേയ ഘോഷാലിനു നൽകിയപ്പോൾ മെയിൽ വേർഷൻ എം.ജയചന്ദ്രൻ മാറ്റിവച്ചത് പി.ജയചന്ദ്രനായിരുന്നു. ജയചന്ദ്രന്റെ ശബ്ദത്തിനു ഏറ്റവും വഴങ്ങുന്ന ഭാവം പ്രണയം തന്നെയാണെന്ന് അടിവരയിടുന്നു ഈ ഗാനവും. ഭാവ സാന്ദ്രമായ മറ്റൊരു മനോഹരമായ ജയചന്ദ്രൻ മെലഡി. 

ഗാനം: കല്ലായിക്കടവത്ത് കാറ്റൊന്നും 

സംഗീതം: എം.ജയചന്ദ്രൻ

ഗാനരചന: കൈതപ്രം 

കാത്തിരിപ്പിന്റെയും അനിശ്ചിതത്വത്തിന്റെയും പെരുമഴ കല്ലായിപുഴയിൽ തിമിർത്ത് പെയ്തപ്പോൾ പ്രതീക്ഷയുടെ കടവത്ത് അടുത്ത പ്രണയത്തിന്റെ തോണിയിലേറി പി.ജയചന്ദ്രൻ ഒരിക്കൽ കൂടി സംഗീത ആസ്വദകരിലേക്ക് പെയ്തിറങ്ങി. കമലിന്റെ പെരുമഴകാലത്തിനു വേണ്ടി കൈതപ്രം ഈണമിട്ട് ‘എം.ജയചന്ദ്രൻ ഈണമിട്ട കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ’ എന്ന ഗാനം സുജാത മോഹനൊപ്പം പി.ജയചന്ദ്രൻ തന്റെ പേരിലേക്ക് എഴുതി ചേർത്തു. പ്രിയതമനു വേണ്ടി കാത്തിരിക്കുന്ന പ്രിയപ്പെട്ടവളുടെ പ്രണയവും വിരഹവും കാത്തിരിപ്പുമെല്ലാം നിറയുന്ന പാട്ട് അതിന്റെ തീവ്രത നഷ്ടമാകാതെ ഒരിക്കൽ കൂടി ജയചന്ദ്രൻ സംഗീത പ്രേമികളിലേക്ക് പകരുന്നു. 

 

ഗാനം: സ്വയംവര ചന്ദ്രികേ

സംഗീതം: ദീപക് ദേവ് 

ഗാനരചന: കൈതപ്രം 

ദീപക് ദേവിന്റെ ആദ്യ ചിത്രമായ ക്രോണിക്ക് ബാച്ചിലറിനെയും തന്റെ സ്വരമാധുരികൊണ്ട് ധന്യമാക്കുന്നുണ്ട് പി.ജയചന്ദ്രൻ എന്ന ഗായകൻ. ദീപക്കിന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ് ഖരഹരപ്രിയയിൽ ചിട്ടപ്പെടുത്തി സുജാതയും ജയചന്ദ്രനും ചേർന്ന് ആലപ്പിച്ച സ്വയവരം ചന്ദ്രികേ എന്ന ഗാനം.കൈതപ്രത്തിന്റേതായിരുന്നു വരികൾ. സംഭാഷണ രൂപേണയുള്ള പാട്ടിനെ ഹൃദ്യമാക്കി മാറ്റുന്നു ജയചന്ദ്രനും സുജാതയും 

jayachandran-1

ഗാനം: വിരൽ തൊട്ടൽ വിരിയുന്ന പെൺപൂവേ 

സംഗീതം: ദേവ 

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

തമിഴിലെ സൂപ്പർഹിറ്റ് സംഗീത സംവിധായകൻ ദേവ ഈണമിട്ട മലയാള ചിത്രമാണ് ഫാന്റം. ഗിരിഷ് പുത്തഞ്ചേരി രചിച്ച അൽപ്പം ഇറോട്ടിക് സ്വഭാവമുള്ള പ്രണയഗാനമാണ് ‘വിരൽ തൊട്ടൽ വിരിയുന്ന പെൺപൂവേ എന്ന ഗാനം’. ഒരേ സമയം പ്രണയ-രതി ഭാവങ്ങൾ ഉള്ള ഗാനം. പാട്ടിലെ സൂക്ഷമഭാവങ്ങളെ മനോഹരമായി ആലാപനത്തിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ട് പിന്നണിയിൽ പി.ജയചന്ദ്രൻ. പതിവ് പോലെ ജയചന്ദ്രനു പിന്നണിയിൽ കെ.എസ്.ചിത്ര മികച്ച പിന്തുണ നൽകിയപ്പോൾ പിറന്നത് മലയാളത്തിലെ വേറിട്ടൊരു പ്രണയഗാനമാണ്. 

ഗാനം: പൊടിമീശമുളയ്ക്കണ കാലം 

സംഗീതം: ആനന്ദ് മധുസൂദനൻ

ഗാനരചന: സന്തോഷ് വർമ 

ക്രിസ്ത്യൻ പാശ്ചത്തലത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു അനൂപ് മേനോനും മുരളി ഗോപിയും ഒന്നിച്ച സൂരജ് ടോം ചിത്രം. പാ.വ. സന്തോഷ് വർമ്മ വരികളെഴുതി ആനന്ദ് മധുസൂദനന് ഈണമിട്ട മനോഹരമായ പ്രണയഗാനാണ് പൊടിമീശ മുളയ്ക്കണ കാലം. കൗമര പ്രണയത്തെ ഹൃദ്യമായി അടയാളപ്പെടുത്തുന്ന വരികളും സംഗീതവും ഭാവ ഗായകൻ ജയചന്ദ്രന്റെ ശബ്ദം കൂടിയായപ്പോൾ മറ്റൊരു സൂപ്പർഹിറ്റ് ഗാനം കൂടി പിറവിയെടുത്തു. കാതുകൾക്ക് ഇമ്പമേകുന്ന മറ്റൊരു ജയചന്ദ്രൻ സ്പെഷ്യൽ. ബോക്സ് ഓഫിസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാതെ പോയ ഈ ഗാനം ഇപ്പോഴും ഓർമ്മിക്കപ്പെടുന്നത് ഈ ഗാനത്തിന്റെ പേരിലാണ്. 

ഈ പട്ടിക പൂർണമല്ല, ഇനിയും എത്രയോ പ്രണയഗാനങ്ങളിലൂടെ ജയചന്ദ്രൻ എന്ന ഗായകൻ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. പല കാലങ്ങളിൽ പലഭാവങ്ങളിൽ അദ്ദേഹം പാടിയ ശ്രദ്ധേയമായ ചില പ്രണയഗാനങ്ങളിലൂടെ സഞ്ചരിക്കാനാണ് ശ്രമിച്ചത്. സംഗീത സാന്ദ്രമായ പി ജയചന്ദ്രന്റെ യാത്ര തുടരട്ടെ. സംഗീതത്തോടുള്ള അദ്ദേഹത്തെ പ്രണയത്തിന് എന്നും നിത്യയൗവനവും.

English Summary:

Superhit romantic songs of veteran singer P Jayachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com