ADVERTISEMENT

മലയാളികള്‍ക്ക് മകരമഞ്ഞും വൃശ്ചികക്കാറ്റും പോലെ പ്രിയപ്പെട്ടതാണ് പി.ജയചന്ദ്രന്‍ എന്ന ഗായകന്റെ സ്വരവും പാട്ടുകളും. ഭാവഗായകനെന്ന് എന്തുകൊണ്ടു നമ്മള്‍ വിളിക്കുന്നതെന്നു പാടിയ ഓരോ പാട്ടും കാതില്‍ പറയാതെ നിന്നു നമ്മോടു പാടിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നു. എണ്‍പതു തികയുകയാണ് ആ പാട്ടു ജീവന്. പി.ജയചന്ദ്രന്റെ ഭാവാര്‍ദ്രമായ ആലാപനത്തോടൊപ്പം പാടിക്കേട്ട ഏറ്റവും മനോഹരമായ പെണ്‍സ്വരം സുജാത അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പാട്ടോര്‍മകള്‍ മനോരമ ഓണ്‍ലൈനിനോടു പങ്കുവയ്ക്കുന്നു.

Read Also: പാട്ടിന്റെ പൂർണചന്ദ്രിക തെളിഞ്ഞിട്ട് 80 ആണ്ട്! ഭാവഗായകാ, പാടൂ വീണ്ടും

സിനിമയ്ക്കു പുറത്തുള്ള ആത്മബന്ധം

സിനിമയിലൊക്കെ പാടിത്തുടങ്ങും മുന്‍പേ എനിക്കറിയാവുന്ന ആളാണ് ജയേട്ടന്‍. അദ്ദേഹത്തിന്റെ കുടുംബമായ പാലിയവുമായി അടുത്ത ബന്ധമുണ്ട് ഞങ്ങളുടെ കുടുംബത്തിന്. അതുകൊണ്ട് സിനിമയില്‍ പാട്ടുകാരിയായില്ലെങ്കിലും എനിക്ക് ബന്ധമുണ്ടാകുമായിരുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. എങ്കിലും ആദ്യമായി അദ്ദേഹത്തെ കാണുന്നത് കലാഭവന്റെ ഒരു പരിപാടിയില്‍ വച്ചാണ്. ആ പരിപാടിയില്‍ അതിഥിയായി എത്തിയ അദ്ദേഹത്തിന് ബൊക്കെ കൊടുത്ത് സ്വീകരിച്ചത് ഞാനായിരുന്നു. ആ ഫോട്ടോ പിന്നീട് എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി. 

എന്നും ഒരുപാട് ആരാധനയോടെയും ഇഷ്ടത്തോടെയും മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. ഭാവഗായകന്‍ എന്ന് എന്തിനാണ് വിളിക്കുന്നതെന്നു ജീവിതത്തില്‍ ഒരുപാട് തവണ നേരിട്ടറിയാനായിട്ടുണ്ട്, അദ്ദേഹത്തിനൊപ്പം പാടിയപ്പോഴൊക്കെ. ഒപ്പം പാടിയ ഡ്യുയറ്റുകളില്‍ അദ്ദേഹം ചിലയിടങ്ങളില്‍ നല്‍കുന്ന ഭാവത്തിനൊപ്പമെത്താനാകുമോ എന്നു ചിന്തിച്ചാണ് പാടിയിട്ടുള്ളത്. വാക്കുകള്‍ക്കതീതമാണത്. 

പാട്ടു പോലെ പ്രിയം വർത്തമാനവും

ജയേട്ടന്റെ പാട്ടുകള്‍ പോലെ തന്നെ പ്രശസ്തമാണല്ലോ പാട്ടിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും. എം.എസ്.വിശ്വനാഥന്‍ സാറും പി.സുശീലാമ്മയും അദ്ദേഹത്തിനേറ്റവും പ്രിയപ്പെട്ടവരാണ്. അവരെ കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചിരിക്കുന്നതു കേള്‍ക്കാന്‍ ഭയങ്കര രസമാണ്. പാട്ടുകാരന്‍ എന്നതിലുപരി ഞാന്‍ കണ്ടതില്‍ വച്ചേറ്റവും വലിയ സംഗീത പ്രേമികളിലൊരാളുമാണ് അദ്ദേഹം. എത്ര നേരം വേണമെങ്കിലും എപ്പോഴാണെങ്കിലും പാട്ടിനെ കുറിച്ച് സംസാരിച്ചിരിക്കാന്‍ അദ്ദേഹത്തിനു വലിയ ഇഷ്ടമാണ്. 

സംസാരത്തിനിടയില്‍ പെട്ടെന്നായിരിക്കും ഇവരുടെയൊക്കെ ചില പാട്ടുകളുടെ വരികള്‍ പാടുക. നമ്മള്‍ കേട്ടിട്ടു പോലുമുണ്ടാകില്ല. അന്നേരം ജയേട്ടന്‍ പറയും, അയ്യോ ഇതുവരെ കേട്ടിട്ടില്ലേ. പോയി കേള്‍ക്കൂട്ടോ എന്ന്. വലിയ ആവേശമാണ് അന്നേരം. ഒത്തിരി പഴയ പാട്ടായിരിക്കും അത്. അത്രമാത്രം സംഗീത്തെക്കുറിച്ച് അറിവുണ്ട് അദ്ദേഹത്തിന്. ആ വര്‍ത്തമാനം ആരും കേട്ടിരുന്നു പോകും. അദ്ദേഹത്തിന്റെ സ്വരത്തോടും ആലാപന ശൈലിയോടുമുള്ള ഇഷ്ടം ആ വര്‍ത്തമാനത്തോടുമുണ്ട്. 

Read Also: വീണ്ടും കാണമെന്നു പറഞ്ഞു പോയി, പിന്നെ കണ്ടത് 4 പതിറ്റാണ്ടിനിപ്പുറം; ജയചന്ദ്രനൊപ്പം ആദ്യം പാടിയ പെണ്‍സ്വരം ഇവിടെയുണ്ട്!

പ്രിയപ്പെട്ട ജയരാഗങ്ങൾ

അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. ഞങ്ങളൊരുമിച്ചു പാടിയതില്‍ മറന്നിട്ടുമെന്തിനോ, സ്വയംവരചന്ദ്രികേ, കല്ലായി കടവത്ത്, ആരും ആരും കാണാതെ, തിങ്കള്‍ നിലാവില്‍ ഇതൊക്കെ എനിക്കു പ്രിയപ്പെട്ടവയാണ്. സ്റ്റീഫന്‍ ദേവസി ആദ്യമായി സംഗീതം നല്‍കിയ പാട്ടാണ് തിങ്കള്‍ നിലാവില്‍... അദ്ദേഹത്തിന്റെ പാട്ടുകളില്‍ ഏറ്റവുമിഷ്ടം ഏതിനോടെന്നു ചോദിച്ചാല്‍ പറയാന്‍ പ്രയാസമാണ്. ഒത്തിരിയുണ്ട്.  

നിഷ്‌കളങ്കമാണ് അദ്ദേഹത്തിന്റെ രീതികളെല്ലാം. എല്ലാത്തിനോടും അങ്ങേയറ്റം സത്യസന്ധതയോടെയേ ഇടപെടാറുള്ളൂ. അതുകൊണ്ടു തന്നെ ഒന്നിനെക്കുറിച്ചും തുറന്നുപറയാന്‍ മടിയില്ല. പാട്ടുകളെക്കുറിച്ചായാലും ജീവിതത്തെക്കുറിച്ചായാലും. അങ്ങനെ സംസാരിച്ചതുകൊണ്ട് ആര്‍ക്കെങ്കിലും തന്നോട് വിരോധമുണ്ടാകുമോ ഇല്ലയോ എന്നൊന്നും അദ്ദേഹം നോക്കാറില്ല. നമ്മളൊക്കെ എന്തെങ്കിലും തുറന്നുപറയുമ്പോൾ തന്നെ നൂറുവട്ടം ആലോചിച്ച്, അങ്ങേയറ്റം മയപ്പെടുത്തി പറയും. ജയേട്ടന്‍ അങ്ങനെയൊന്നുമല്ല. അതുകൊണ്ട് തനിക്കെന്തെങ്കിലും നഷ്ടമുണ്ടാകുമോ എന്നൊന്നും ചിന്തിക്കാത്ത, ഒരു ഡോണ്ട് ബോതര്‍ ആറ്റിറ്റ്യൂഡ് ആണ്. അത് ഈ രംഗത്ത് അപൂര്‍വമാണല്ലോ. എല്ലാം കൊണ്ടും ഇഷ്ടം തോന്നിയിട്ടുള്ള മനുഷ്യനാണ് അദ്ദേഹം. ഭഗവാന്‍ ആയുസും ആരോഗ്യവും നല്‍കട്ടേയെന്നു മാത്രമേ പ്രാർഥനയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com