ADVERTISEMENT

‘എൻജോയ് എൻജാമി’ പാട്ട് പ്രതിഫലം സംബന്ധിച്ച വിവാദത്തിൽ എ.ആർ.റഹ്മാനെതിരെ ഉയർന്ന ചർച്ചകളിൽ വിശദീകരണവുമായി സംഗീതസംവിധായകൻ സന്തോഷ് നാരായണൻ. റഹ്മാൻ എല്ലായ്പ്പോഴും തന്നെ പിന്തുണയ്ക്കുന്നയാളാണെന്നും അതിനു നന്ദി പറയുകയാണെന്നും  സന്തോഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വാഗ്ദാനങ്ങൾ നൽകി പറ്റിച്ചെന്ന തരത്തിൽ നിരവധി വ്യാജ പ്രചാരണങ്ങൾക്ക് അദ്ദേഹം ഇരയായിട്ടുണ്ടെന്നും സന്തോഷ് നാരായണൻ കുറിപ്പിലൂടെ പറഞ്ഞു. 

 

Read Also: ഞങ്ങൾക്ക് ഒരു രൂപ പോലും തന്നില്ല: വെളിപ്പെടുത്തി സന്തോഷ് നാരായണൻ, ‘എൻജോയ് എൻജാമി’ വീണ്ടും വിവാദത്തിൽ

 

‘എന്റെ പ്രിയപ്പെട്ട റഹ്മാൻ സർ എന്നെ പിന്തുണയ്ക്കുന്ന നെടുംതൂണുകളിലൊന്നാണ്. യാതൊന്നും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം സ്നേഹവും പിന്തുണയും നൽകുന്നത്. കൂടാതെ നിരവധി വ്യാജപ്രചാരണങ്ങൾക്കും അദ്ദേഹം ഇരയായിട്ടുണ്ട്. അറിവ്, ഷാൻ വിൻസെന്റ് ഡീ പോൾ, ധീ എന്നിവരും ഞാനുമുൾപ്പെടെയുള്ള കലാകാരന്മാർക്ക് എൻജോയ് എൻജാമിയിലൂടെ പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല. മാത്രവുമല്ല, ഇമെയിലുകൾ വഴിയായി ഭീഷണി സന്ദേശങ്ങളും നേരിടേണ്ടി വന്നു. ഈയവസരത്തിൽ കലാകാരന്മാരായ ഞങ്ങളെ പിന്തുണയ്ക്കാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. അതുപോലെ തന്നെ എല്ലാ കലാകാരന്മാർക്കും ലഭിക്കേണ്ട പ്രതിഫലത്തുക ഉടൻ ലഭിക്കുമെന്ന് ഉറപ്പുവരുത്താനും ഞാൻ ആഗ്രഹിക്കുന്നു’. 

സന്തോഷ് നാരായണിന്റെ സമൂഹമാധ്യമ കുറിപ്പ് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളറിയിച്ചെത്തുന്നത്. പ്രതിഫല വിവാദത്തിലെ സത്യമെന്തെന്ന് അന്വേഷിക്കുകയാണ് പലരും. കഴിഞ്ഞ ദിവസമാണ് റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്ഫോം ആയ മാജ പുറത്തിറക്കിയ ‘എൻജോയ് എൻജാമി’ക്ക് ഒരു രൂപ പോലും പ്രതിഫലം ലഭിച്ചില്ലെന്നു വെളിപ്പെടുത്തി സന്തോഷ് നാരായണൻ വിഡിയോയുമായി രംഗത്തെത്തിയത്. അതിൽ ‘ലോകപ്രശസ്ത കലാകാരൻ’ എന്ന് സന്തോഷ് സൂചിപ്പിച്ചത് റഹ്മാനെ ആണെന്ന തരത്തിലായിരുന്നു ചർച്ചകൾ. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെന്നു ബോധ്യമായതോടെയാണ് റഹ്മാനെക്കുറിച്ചു വാചാലനായി സന്തോഷ് നാരായണന്റെ പുതിയ പോസ്റ്റ്. 

English Summary:

Santhosh Narayanan says AR Rahman has been a pillar of support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com