ADVERTISEMENT

പുതിയ കാമുകിയെ മക്കൾക്കു പരിചയപ്പെടുത്താനൊരുങ്ങി ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസ്. നടിയും മോഡലുമായ സ്റ്റോർമി ബ്രീയുമായി ഗായകൻ ഡേറ്റിങ്ങിലാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. നടി സോഫി ടേണറുമായി ബന്ധം വേർപെടുത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് ജോയുടെ പുതിയ പ്രണയവാർത്ത ചർച്ചയായത്. മക്കളായ വില്ല, ഡെൽഫിൻ എന്നിവർക്കു മുന്നിൽ ജോ, സ്റ്റോർമിയെ ഉടൻ പരിചയപ്പെടുത്തുമെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു.  

സ്റ്റോർമിയുമായി പ്രണയത്തിലാണെന്ന് ജോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം ഇരുവരെയും പലപ്പോഴും പൊതു ഇടങ്ങളിൽ വച്ച് ഒരുമിച്ചു കാണുകയും ചുംബനചിത്രങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു. അടുത്തിടെ നടിയും ജൊനാസ് ബ്രദേഴ്സിലെ ഇളയവനായ നിക്കിന്റെ പങ്കാളിയുമായ പ്രിയങ്ക ചോപ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും ജോ–സ്റ്റോർമി പ്രണയവാർത്ത ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ഷാംപെയ്ൻ ഗ്ലാസ് പിടിച്ചുകൊണ്ടുള്ള 4 പേരുടെ കൈകളുടെ ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. പിന്നാലെ പ്രിയങ്കയുടെ കൂടെയുള്ള രണ്ടുപേർ ജോയും പുതിയ കാമുകിയുമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ പ്രിയങ്ക ചിത്രം നീക്കം ചെയ്തു. എന്നാൽ ഇതുസംബന്ധിച്ചുള്ള ചർച്ചകൾ കെട്ടടങ്ങയില്ല. ഇപ്പോഴിതാ സ്റ്റോർമിയെ ജോ ഉടൻ തന്നെ മക്കൾക്കു മുന്നിലെത്തിക്കുമെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചതോടെ പ്രണയം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. പ്രിയങ്കയുെട ഇൻസ്റ്റഗ്രാം സ്റ്റോറി വീണ്ടും ചർച്ചയാകുന്നുമുണ്ട്. 

ജോ ജൊനാസുമായി വേർപിരിഞ്ഞ് ആഴ്ചകൾ മാത്രം പിന്നിട്ടപ്പോൾ സോഫി ടേണർ പുതിയ പ്രണയം ആരംഭിച്ചിരുന്നു. ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്സണ്‍ ആണ് നടിയുടെ പുതിയ പങ്കാളി. ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് പ്രണയബന്ധം സ്ഥിരീകരിക്കപ്പെട്ടത്. വിഷയത്തിൽ ജോ ജൊനാസ് പരോക്ഷ പ്രതികരണം നടത്തിയിരുന്നു. ഇത് വളരെ പെട്ടെന്നായിപ്പോയെന്നും പൊതുഇടത്തിൽ വച്ച് മറ്റൊരു പുരുഷനോടുള്ള സോഫിയുടെ സ്നേഹപ്രകടനം തന്നെ ഞെട്ടിച്ചെന്നും ജോ പറഞ്ഞതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. 

ജോ ജൊനാസുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള നടപടികൾ പുരോഗമിക്കവെയാണ് ജോൺ ഡിക്കിൻസണൊപ്പമുള്ള സോഫിയുടെ ചുംബന ദൃശ്യങ്ങൾ പുറത്തുവന്നത്. സോഫിയും ജോൺ ഡിക്കിൻസണും തമ്മിൽ പലയിടങ്ങളിൽ വച്ചു കണ്ടിട്ടുണ്ടെന്നും ഇരുവരും ഒരുമിച്ച് പാരിസിലേക്കു യാത്ര ചെയ്തുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സോഫിക്കൊപ്പമുള്ള യാത്രയെക്കുറിച്ചു ചോദിച്ചപ്പോൾ ‘ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ല’ എന്നാണ് ജോൺ ഡിക്കിൻസൺ മറുപടി നൽകിയത്. 

2023സെപ്റ്റംബറിലാണ് തങ്ങൾ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് ജോ ജൊനാസും സോഫി ടേണറും വെളിപ്പെടുത്തിയത്. ഈ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകരുടെ വിശ്വാസം. എന്നാല്‍ സോഫിക്കും ജോയ്ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. 

മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. ഡെൽഫിന്‍ എന്നാണു കുഞ്ഞിന്റെ പേര്. വിവാഹമോചന ഹർജി നൽകിയ ശേഷമാണ് ജോയും സോഫിയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് പോലും പരസ്യപ്പെടുത്തിയത്. വിവാഹമോചിതരായതോടെ മക്കളുടെ സംരംക്ഷണം സോഫിയും ജോയും തുല്യമായാണ് ഏറ്റെടുത്തിരിക്കുന്നത്.

English Summary:

Joe Jonas likely to introduce rumoured Girlfriend to his daughters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com