ADVERTISEMENT

സംഗീതത്തിൽ ബിരുദാനന്തര ബിരുദമുണ്ട് ഗായിക കെ.എസ്.രഹ്നയ്ക്ക്. എന്നാൽ, കൂടുതൽ അവസരങ്ങൾ ലഭിച്ചത് മാപ്പിളപ്പാട്ട് രംഗത്താണെന്നു മാത്രം. മേഖലയിലെ കുലപതികളാണ് ഗുരുക്കൻമാർ. ഒട്ടേറെ പ്രമുഖർക്കൊപ്പം വിദേശരാജ്യങ്ങളിൽ അടക്കം അരങ്ങുകൾ പങ്കിടാനുള്ള അവസരം ലഭിച്ചു. മലയാളത്തിൽ ടെലിവിഷൻ റിയാലിറ്റി ഷോ തുടങ്ങിയപ്പോൾ ആദ്യ വിധികർത്താക്കളിൽ ഒരാളായിരുന്നു. ആകാശവാണി, ദൂരദർശൻ ആർട്ടിസ്റ്റ്. സംഗീത ജീവിതത്തിൽ 33 വർഷം പിന്നിട്ട, നിലമ്പൂർ സ്വദേശിയായ രഹ്നയുടെ വിശേഷങ്ങളിലേക്ക്:

നിലമ്പൂർ കോവിലകത്തെ സംഗീതപഠനം

സ്കൂൾ പഠനകാലത്ത് നാട്ടിലെ സംഗീതക്ലാസുകളിൽ പോയിരുന്നു. പലയിടങ്ങളിലായിരുന്നു ക്ലാസ്. വീടിന്റെ വിളിപ്പാടകലെയുള്ള നിലമ്പൂർ കോവിലകത്ത് വച്ചായിരുന്നു ഒടുവിൽ പഠനം. പാലക്കാട് വെങ്കിട്ടരാമൻ, മഞ്ചേരി ശശി, തുവ്വൂർ കൃഷ്ണകുമാർ തുടങ്ങിയവരായിരുന്നു ഗുരുനാഥൻമാർ. കോവിലകത്തെ അംഗങ്ങളുടെ പ്രോൽസാഹനവും പിന്തുണയും ഏറെ ഗുണകരമായി.

പഠിച്ചത് കർണാടക സംഗീതം, തിളങ്ങിയത് മാപ്പിളപ്പാട്ടിൽ

സ്കൂളിൽ പഠിക്കുമ്പോൾ ലളിതഗാനങ്ങളാണ് കൂടുതൽ പാടിയത്. 3 വർഷം തുടർച്ചയായി ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനവും ലഭിച്ചു. ഇതിന്റെയെല്ലാം ബലത്തിലാണ് ചിറ്റൂർ ഗവ.കോളജിൽ ഉപരിപഠനത്തിനെത്തുന്നത്. പഠനസമയത്ത് പാലക്കാട്, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിലെ ട്രൂപ്പുകളിൽ പാടിയിരുന്നു. ഉണ്ണിമേനോനോടൊത്തു പാടാനും അവസരം കിട്ടി. എന്നാൽ, പിന്നീട് കൂടുതൽ പാടിയത് മാപ്പിളപ്പാട്ടുകൾ ആയതിനാലാകാം ആ ട്രാക്കിലായി തുടർന്നുള്ള യാത്ര. അതേസമയം, എല്ലാത്തരം പാട്ടുകളും ഞാൻ പാടിയിട്ടുണ്ട്.

സിനിമാ പിന്നണിഗായിക

പ്രണയനിലാവ്, ദൈവനാമത്തിൽ തുടങ്ങി 5 സിനിമകളിൽ പാടിയിട്ടുണ്ട്. പ്രണയനിലാവിലെ "പൊന്നിട്ട പെട്ടകം പൂട്ടല്ലേ അത് തന്നതെനിക്കീ മുത്തല്ലേ " എന്ന ഗാനം ഏറെ ശ്രദ്ധേയമായി.

പ്രമുഖർക്കൊപ്പം അവസരം

പാട്ടിന്റെ വഴിയിൽ കൈപിടിച്ചു നയിച്ചവർ അനവധിയാണ്. ബാപ്പു വെള്ളിപ്പറമ്പ്, പീർമുഹമ്മദ്, മഞ്ചേരി അഷ്റഫ്, പുലിക്കോട്ടിൽ ഹൈദർ, കെ.വി.അബുട്ടി, കണ്ണൂർ നൗഷാദ്, മുഹ്സിൻ കുരിക്കൾ, കെ.എം.മഞ്ചേരി, പ്യാരി മഞ്ചേരി, ഒ.എം.കരുവാരക്കുണ്ട് ഇവരൊക്കെ അവസരങ്ങൾ ഒരുക്കിയവരാണ്. കെ.എസ്.ചിത്ര, വി.എം.കുട്ടി, എരഞ്ഞോളി മൂസ, വിളയിൽ ഫസീല, റംല തുടങ്ങിയവർക്കൊപ്പമെല്ലാം അരങ്ങുകൾ പങ്കിട്ടു. വി.ദക്ഷിണാമൂർത്തി, ജി.ദേവരാജൻ, എം.കെ.അർജുനൻ, കെ.രാഘവൻ, വിദ്യാധരൻ, ബേണി ഇഗ്നേഷ്യസ്, കൈതപ്രം, സുനിൽ ഭാസ്കർ തുടങ്ങിയ പ്രതിഭകൾ ഈണമിട്ട ഭക്തിഗാനങ്ങളും മറ്റും പാടാനുള്ള ഭാഗ്യവുമുണ്ടായി.

പിതാവിന്റെ സ്വാധീനം 

കലയെ സ്നേഹിച്ച ഉപ്പ ഷൗക്കത്തലിയാണ് വഴികാട്ടിയത്. അദ്ദേഹം ചെറുപ്പത്തിലേ പാട്ട് പഠിച്ചിരുന്നു. നാട്ടിൽ നാടകപ്രവർത്തനവും നടത്തിയിരുന്നു. സംഗീത സംവിധായകൻ എം.എസ്.ബാബുരാജുമായുള്ള സൗഹൃദത്തിൽ നിന്നാണ് എന്റെ പാട്ടുകമ്പത്തിന് അദ്ദേഹം പിന്തുണയേകിയത്. എംടിയുടെ തിരക്കഥയിൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത ഓളവുംതീരവും എന്ന ക്ലാസിക് സിനിമയുടെ നിർമാണത്തിൽ പങ്കാളി കൂടിയാണ് അദ്ദേഹം.

പുതിയ മാപ്പിളപ്പാട്ടുകളുടെ നിലവാരം

പാട്ടുകളെ പഴയതെന്നും പുതിയതെന്നും തരം തിരിക്കേണ്ട കാര്യമില്ല. എല്ലാകാലത്തും നല്ല പാട്ടുകളുണ്ട്. മാറ്റം എല്ലാരംഗത്തും പ്രകടമാണ്.

പുതിയ അവസരങ്ങൾ

ഖത്തറിൽ കെഎംസിസി നടത്തിയ ഒരാഴ്ച നീണ്ട പരിപാടിക്കുശേഷം കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്. പുതിയ പാട്ടുകളുടെ റിക്കോർഡിങ് നടന്നു വരികയാണ്.

English Summary:

Musical journey of singer Rahna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com