ADVERTISEMENT

ഇന്ത്യയുടെ പാട്ടുജീവിതത്തെ തനിക്കു മുൻപും ശേഷവുമെന്നു രണ്ടായി തിരിച്ചിട്ട സംഗീത സംവിധായകനാണ് എ.ആർ.റഹ്മാൻ. സ്വന്തം ജീവിതത്തിലും റഹ്മാന് ഇതുപോലെ രണ്ടു പാതികളുണ്ട്. അന്തർമുഖനും ഏകാകിയുമായ റഹ്മാനും 2009 ഓസ്കർ പുരസ്കാരത്തിനുശേഷം സംഗീതത്തെക്കുറിച്ച് കൂടുതൽ വാചാലനായ റഹ്മാനും.

റഹ്മാനോട് ഏറ്റവും ചേർന്നു നിൽക്കുന്ന സംഗീതോപകരണം പിയാനോയാണ്. അത് പൊഴിച്ചത് കൂടുതലും മെലഡിയുടെ മഞ്ഞുതുള്ളികളും. മലയാളത്തിലേക്ക് എ.ആർ.റഹ്മാൻ വീണ്ടും കടന്നുവരുന്നത് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പടവുകൾ കയറിയാണ്. സ്വന്തമായി പാട്ടുകൾ ചെയ്യുന്നതിനു മുൻപ് റഹ്മാന്റെ വിരലുകൾ എത്രയോ മലയാള സിനിമകൾക്കു കീബോർഡ് വായിച്ചു. ഒട്ടേറെ മലയാള ഗാനങ്ങളൊരുക്കിയ ആർ.കെ.ശേഖറിന്റെ മകന്‍,

മലയാളത്തിലേക്കുള്ള മടങ്ങിവരവ് വേരുകളിലേക്കുള്ള തിരിച്ചു നടത്തംകൂടിയാണ്. ബ്ലെസി ഒരുക്കുന്ന ആടുജീവിതം അപൂർവമായ സംഗീതാനുഭവമായി റഹ്മാനും നെഞ്ചിലേറ്റുന്നു. ആ യാത്രയുടെ മരുക്കാറ്റുകളും മണൽപ്പാടുകളും റഹ്മാന്റെ പാട്ടുകളിലുണ്ട്. എ.ആർ.റഹ്മാൻ സംസാരിക്കുന്നു.

∙ പഴയ മലയാളം പാട്ടുകളിലൂടെ റഹ്മാൻ ഒന്നു തിരിഞ്ഞു നടന്നാൽ? 

കർണാടക സംഗീതവുമായി ഇഴചേർന്ന ഗാനങ്ങളായിരുന്നു മലയാളത്തിൽ കൂടുതലും. ദക്ഷിണാമൂർത്തി സ്വാമികൾ, എ.ടി ഉമ്മർ എം.കെ.അർജുനൻ ദേവരാജൻ മാസ്റ്റർ സലിൽ ചൗധരി എന്നിവരെല്ലാം അതിൽ അഗ്രഗണ്യരും. ഗായകരിൽ യേശുദാസിന്റെ ശബ്ദം എന്റെ വളർച്ചയ്ക്കുള്ള ജീവശ്വാസം തന്നെയായിരുന്നു.

∙ ആദ്യകാലങ്ങളിൽ ഗായകരുടെ  ശബ്ദത്തിന്റെ മാധുര്യത്തിനായിരുന്നു പ്രാധാന്യം. എന്നാൽ ഇന്ന് ഉചിതമായ ശബ്ദങ്ങൾക്കായി മുൻഗണന. ഗായകരുടെ തിരഞ്ഞെടുപ്പിന്റെ രീതിയെന്താണ്?

ചില ഗാനങ്ങൾ പ്രത്യേക സ്വഭാവമുള്ളവയായിരിക്കും. അവയ്ക്ക് അത്തരം ശബ്ദങ്ങൾ തന്നെ വേണം. എന്നാൽ ചില ഗായകരുടെ ശബ്ദങ്ങൾക്ക് ഏതു പാട്ടിനെയും മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കഴിയും. ചിത്രച്ചേച്ചി, ദാസേട്ടൻ, ശ്രേയ ഘോഷാൽ അങ്ങനെ ഒട്ടേറെ ഉദാഹരണങ്ങൾ. എല്ലാ പാട്ടുകളുടെയും ആദ്യത്തെ കേൾവിക്കാരൻ ഞാൻ തന്നെയാണ്. പുതിയ കഴിവുകൾ പരിചയപ്പെടുമ്പോൾ നമ്മളിലും പുതിയ ഊർജം നിറയും. എനിക്ക് അതു ലഭിച്ചില്ലെങ്കിൽ പാട്ട് ആസ്വദിക്കുന്നവർക്ക് അതെങ്ങനെ ലഭിക്കും? അതുകൊണ്ടാണ് ആദ്യം ഞാൻ തന്നെ കേൾക്കുന്നത്. പാചകം ചെയ്ത പാചകക്കാരൻ തന്നെ ആദ്യം രുചിച്ചു നോക്കും പോലെ.

∙ ഗായകർ തളർന്നുപോയ സമയങ്ങളിൽ ധൈര്യം നൽകി പാടിപ്പിച്ചിട്ടുണ്ടല്ലോ. മിൻമിനി അത്തരം അനുഭവം പറയുകയുണ്ടായി...

ഗായകരിലുള്ള വിശ്വാസം തന്നെ കാരണം. അവർ തന്നെ ആ ഗാനം പാടണം എന്ന നിശ്ചയം. ഗായകർ തെറ്റുവരുത്തിയാൽ കൂടെയുള്ള മറ്റ് അംഗങ്ങൾ ചിലപ്പോൾ അസ്വസ്ഥരാകും. എന്നാൽ മൾട്ടി ട്രാക്ക് റിക്കോർഡിങ് വന്നതോടുകൂടി അവർക്ക് ആദ്യം പാടിയത് മെച്ചപ്പെടുത്താനുള്ള അവസരം ലഭിച്ചു. 80 കളിൽ 6 മണിക്കൂർ കൊണ്ട് ഒരു ഗാനം പൂർത്തീകരിക്കുമായിരുന്നു. അന്ന് 20 ദിവസം കൊണ്ട് സിനിമ പുറത്തിറങ്ങിയെങ്കിൽ ഇന്നത് വർഷങ്ങളായി. ജനങ്ങൾ അത്തരം സിനിമയ്ക്കായി കാത്തിരിക്കുന്നുമുണ്ട്.

∙ സാധാരണ സെറ്റുകളിലൊന്നും പോകുന്ന ശീലക്കാരനല്ല. എന്നാൽ ആടുജീവിതം ഷൂട്ടിങ് സ്ഥലം റഹ്മാൻ നേരിട്ടുപോയി സന്ദർശിച്ചു. ഒരു മലയാള സിനിമയിലെ സെറ്റിൽ ആദ്യമായി പോയി എന്ന പ്രത്യേകതയുമുണ്ടല്ലോ.

നമ്മൾ എല്ലാവരും ഒരിക്കലെങ്കിലും ആടുജീവിതം അനുഭവിച്ചിട്ടുണ്ടാകും. പ്രതിസന്ധികൾ അനുഭവിക്കാൻ മരുഭൂമിയിൽ പോകണമെന്നില്ല. പല രൂപത്തിൽ അവ നമ്മെ തേടിയെത്തും. മനോധൈര്യം കൊണ്ട് അതിൽ നിന്നും നമ്മൾ പുറത്ത് കടക്കുന്നു. അങ്ങനെ നോക്കുമ്പോൾ ആടുജീവിതം ഒരു പ്രതീകാത്മകമായ കഥയാണ്. ആ സെറ്റിൽ രണ്ടു ദിവസം പോയി അവരിൽ ഒരാളായി കഴിഞ്ഞു. പാട്ടു ചെയ്യാൻ വന്നപ്പോഴേ ബ്ലെസിക്ക് ഞാൻ വാക്കു നൽകിയിരുന്നതാണ് അത്. 

∙ അന്തർമുഖനാണ് റഹ്മാനെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്രയും വലിയ ഓഡിയൻസിനെ എങ്ങനെ മാനേജ് ചെയ്യുന്നു? 

എന്റെ ആദ്യ സിനിമ റോജ ഇറങ്ങിയപ്പോൾ ഇതാകും എന്റെ അവസാന സിനിമ എന്നാണ് ഞാൻ കരുതിയത്. വീണ്ടും പരസ്യ ജിങ്കിളുകളിലേക്കോ കീ ബോർഡ് വായിക്കാനോ പോകാൻ ഞാനന്നു മനസ്സുകൊണ്ട് തയാറായിരുന്നു. എന്നാൽ എനിക്കു ലഭിച്ച സ്നേഹവും പിന്തുണയും വലുതായിരുന്നു. ജനങ്ങൾ വേദിയിൽ എത്തുന്നത് കലാകാരന്റെ പ്രകടനം കാണാനാണ്. അവിടെ മടിച്ചു നിന്നിട്ട് കാര്യമില്ല. ആൾക്കൂട്ടത്തെ കാണുമ്പോൾ പേടി തോന്നുമ്പോൾ കറുത്ത കൂളിങ് ഗ്ലാസ് വയ്ക്കും. പിന്നെ കുഴപ്പമില്ല.

∙ സംഗീത സംവിധാനം പോലെ തന്നെ താങ്കൾക്ക് പ്രിയപ്പെട്ടതാണ് വലിയ കൺസേർട്ടുകളും. 

കൺസേർട്ടുകളിൽ വരുന്ന ജനങ്ങളുടെ സന്തോഷത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാർഥിക്കും. സംഗീതം സൗജന്യമായി ലഭിക്കുന്ന ഇക്കാലത്ത് ആളുകൾ പണം മുടക്കി കൺസേർട്ടുകൾക്ക് വരുന്നുണ്ടെങ്കിൽ അവർക്കു വേണ്ടത് ഏറ്റവും മികച്ചതാണ്. ഒരു ഗായകന് ഗാനത്തെ എത്ര പരുവപ്പെടുത്താൻ സാധിക്കും എന്ന് കൺസേർട്ടുകളിൽ നിന്നു മനസ്സിലാക്കാം.

തിരക്കുള്ള ജീവിതത്തിൽ ടൈം മാനേജ്മെന്റ്  എങ്ങനെ?

കുടുംബത്തിന്റെ പിന്തുണയാണ് സഹായം. അമ്മ, ഭാര്യ, കുട്ടികൾ എല്ലാവരും എന്റെ തിരക്കുകൾ മനസ്സിലാക്കി ഒപ്പം നിൽക്കും. സംഗീതത്തിലേക്കിറങ്ങുമ്പോൾ മറ്റെല്ലാം ഞാൻ മാറ്റിവയ്ക്കും. കുടുംബത്തിനായും സമയം കണ്ടെത്തും. ഞാൻ ഉറക്കത്തിലാണെങ്കിൽ ആരു വന്നാലും വീട്ടുകാർ എന്നെ ഉണർത്തില്ല. അതിപ്പോൾ രാഷ്ട്രപതിയാണെങ്കിൽ പോലും. എന്റെ കുടുംബം എന്റെ കൂടെയില്ലെങ്കിൽ എല്ലാം കഴിഞ്ഞു.

സംഗീതത്തിലെ ആത്മീയതയെ ഇഷ്ടപ്പെടുന്നയാളാണല്ലോ?

നാം എല്ലാവരും ഈ ലോകത്ത് സൃഷ്ടിക്കപ്പെട്ടവരാണ്. സൃഷ്ടാവുമായി സംബന്ധിക്കാൻ എല്ലാവർക്കും അവരുടേതായ മാർഗങ്ങളുണ്ടാകും. എനിക്കത് സംഗീതമാണ് എന്നു മാത്രം.

തമിഴിലെ ലാൽസലാം എന്ന ചിത്രത്തിൽ നിർമിത ബുദ്ധി ഉപയോഗിച്ച് ഗായകരുടെ ശബ്ദം പുനഃസൃഷ്ടിച്ചിരുന്നുവല്ലോ. എഐ ഭാവിയിൽ സംഗീതത്തിൽ എന്തെല്ലാം ചലനങ്ങളുണ്ടാക്കും.

സാങ്കേതികവിദ്യകൾ നല്ലതിനു വേണ്ടി ഉപയോഗപ്പെടുത്തേണ്ടവയാണ്. എനിക്കു നഷ്ടപ്പെട്ടത് രണ്ടു ഗായകരെയാണ്. ഷാഹുൽ ഹമീദും ബംബ ബക്യയും. ലാൽ സലാം എന്ന ചിത്രത്തിനായി ഫോക് ശബ്ദം വേണമെന്ന് സംവിധായിക ഐശ്വര്യ രജനികാന്ത് ആവശ്യപ്പെട്ടപ്പോൾ ബംബ ബക്യ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി. അങ്ങനെയാണ് ടൈംലെസ് വോയ്സസ് എന്ന കമ്പനിയുമായി ചേർന്ന് ഷാഹുലിന്റെയും ബംബയുടെയും ശബ്ദം പുന:സൃഷ്ടിച്ചത്. അവരുടെ കുടുംബത്തെ കേൾപ്പിച്ച് അനുവാദം വാങ്ങി, പ്രതിഫലവും നൽകിയതിനു ശേഷമാണ് സിനിമയിൽ ഉപയോഗിച്ചത്.

സ്വന്തം ഗാനങ്ങളിൽ ഇപ്പോൾ ഓർമ വരുന്നത്? 

ആടുജീവിതത്തിലെ 'പെരിയോനേ റഹ്മാനേ’ എന്നു തുടങ്ങുന്ന ഗാനം. ദൈവത്തെക്കുറിച്ചുള്ള പാട്ടാണത്. ഇതിലെ രാഗവും ഞാൻ ആദ്യമായാണ് ഉപയോഗിക്കുന്നത്.

യുവ മലയാള സംഗീതസംവിധായകരെ ശ്രദ്ധിക്കാറുണ്ടോ? ഇവിടത്തെ ട്രെൻഡുകൾ? 

2-3 വർഷങ്ങൾക്കു മുൻപ് ഗൾഫ് യാത്രയ്ക്കിടെ ഒരു റേഡിയോ സ്റ്റേഷന്റെ പരിപാടി കേട്ടു. അതിലെ പാട്ടുകളെല്ലാം മലയാളം ആണെന്നു മനസ്സിലായപ്പോൾ അത്ഭുതം തോന്നി. എല്ലാം മികച്ചത്. ചുരുങ്ങിയ ചെലവിൽ മികച്ചത് ആസ്വാദകർക്കു നൽകുന്നതാണ് മലയാളത്തിന്റെ വിജയം.

English Summary:

Exclusive Interview with A R Rahman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com