പ്രതീക്ഷയുടെ വെളിച്ചമാകുന്ന ‘ഹോപ്’; ഈണമൊരുക്കി, പാടി അഭിനയിച്ച് റഹ്മാൻ, യൂട്യൂബിൽ തരംഗം

Mail This Article
ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ പ്രമോ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. പ്രതീക്ഷയുടെ കിരണം വീശുന്ന ഗാനം ‘ഹോപ്’ എന്ന പേരിലാണ് ഒരുക്കിയിരിക്കുന്നത്. എ.ആർ.റഹ്മാൻ ചിട്ടപ്പെടുത്തിയ പാട്ട് ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. ജീവിക്കാൻ പ്രേരിപ്പിക്കുന്ന, ജീവിതവഴികളെ മനോഹരമാക്കുന്ന ശുഭപ്രതീക്ഷകളെയാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ദിനങ്ങളെക്കുറിച്ചു പ്രതീക്ഷ നൽകുന്ന ഗാനമാണ് ‘ഹോപ്’.
5 ഭാഷകളിലായാണ് റഹ്മാൻ ‘ഹോപ്’ ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, വിവേക്, ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എ.ആര്‍.റഹ്‌മാന്‍, റിയാഞ്ജലി എന്നിവർ ഗാനത്തിനു വേണ്ടി വരികള്‍ എഴുതിയിരിക്കുന്നു. എ.ആര്‍.റഹ്‌മാനും റിയാഞ്ജലിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ റഹ്മാന്റെ ദൃശ്യങ്ങളും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
സിനിമയിലുള്ള തന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ചിത്രമാണ് ആടുജീവിതമെന്ന് എ.ആർ.റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. യോദ്ധയ്ക്കു ശേഷം മലയൻകുഞ്ഞ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിനു വേണ്ടി ഈണമൊരുക്കാനാണ് റഹ്മാൻ മലയാളത്തിലേക്കു രണ്ടാം വരവ് നടത്തിയത്. പിന്നീടെത്തുന്ന ചിത്രമാണ് ആടുജീവിതം. ഇത് ഒരു സംഗീതസംവിധായകന്റെ ചിത്രമായാണു കാണുന്നതെന്ന് ആടുജീവിതത്തിന്റെ വെബ്സൈറ്റ് ലോഞ്ചിനെത്തിയപ്പോൾ റഹ്മാൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
പൃഥിരാജ് സുകുമാരൻ നായകനായെത്തുന്ന ചിത്രമാണ് ‘ആടുജീവിതം’. അമല പോൾ നായികയാകുന്നു. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജിമ്മി ജീന്‍ ലൂയിസ്, റിക്ക് അബി, താലിബ് അല്‍ ബലൂഷി, കെ.ആര്‍.ഗോകുല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മാർച്ച് 28നാണ് ‘ആടുജീവിതം’ റിലീസ്.