ADVERTISEMENT

പ്രതിസന്ധികളില്‍ തളര്‍ന്നുപോയ, പ്രതിഷേധങ്ങളില്‍ മുഖം കുനിച്ച സംഗീത അധ്യായങ്ങളൊന്നും ജാസി ഗിഫ്റ്റിന്റെ ജീവിതത്തിലില്ല. മലയാളിയുടെ ചലച്ചിത്ര സംഗീതത്തെ തന്നെ പൊളിച്ചെഴുതി പുതുചരിത്രം കുറിച്ചപ്പോഴും പിന്നാലെ വന്നത് എത്രയെത്ര വിമര്‍ശനങ്ങള്‍. വ്യത്യസ്തതയെ അംഗീകരിച്ചപ്പോഴും ലജ്ജാവതിയോടെ അവസാനിക്കുന്നതാണീ പാട്ടുയുഗമെന്നു തറപ്പിച്ചു പറഞ്ഞവര്‍ അതിലും ഏറെ. എല്ലാത്തിനേയും തന്റെ പാട്ടുപാടി തോല്‍പ്പിക്കുകയായിരുന്നു ആ സംഗീതജ്ഞന്‍. ജാസി ഗിഫ്റ്റ് പാടുമ്പോള്‍ ഇന്നും പുതുതലമുറയടക്കം ആടി പാടുന്നത് പാട്ടില്‍ അദ്ദേഹം സഞ്ചരിച്ചത് തനിക്കും മുന്നില്‍ വരാന്‍ പോകുന്ന തലമുറയ്‌ക്കൊപ്പമായിരുന്നതുകൊണ്ടായിരിക്കാം.

ഫോര്‍ ദ് പീപ്പിള്‍ എന്ന ചിത്രത്തിലെ ഗാനങ്ങളൊക്കെയും കേരളക്കരയ്‌ക്കൊരു ഉത്സവമായിരുന്നു. മാറുന്ന മലയാളിയുടെ സംഗീതരുചികളിലെ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകളെ കൂട്ടിക്കുഴച്ചും മലയാളം വരികള്‍ക്കൊപ്പം ഇംഗ്ലിഷ് ചേര്‍ത്തുമൊക്കെ ജാസി ഗിഫ്റ്റ് പാട്ടുകളൊരുക്കിയപ്പോള്‍ പലരുടെയും നെറ്റി ചുളുങ്ങി. പാട്ട് വമ്പന്‍ ഹിറ്റായതോടെ അവര്‍ അസ്വസ്ഥരായി. ജാസി ഗിഫ്റ്റിന്റെ അക്കാലത്തെ സ്വീകാര്യതയ്‌ക്കൊപ്പം തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ് അന്ന് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും. ആ പാട്ടുകള്‍ പോലെ ആ ശബ്ദവും വിമര്‍ശിക്കപ്പെട്ടു. തേനൂറുന്ന ശബ്ദം കൊണ്ടു മാത്രം പാടുമ്പോഴാണ് പാട്ടുപാട്ടാകുന്നതെന്ന പാരമ്പര്യവാദികളുടെ വാക്കുകള്‍ക്കു മൂര്‍ച്ചയേറി. ജാസി ഗിഫ്റ്റിനെ അവര്‍ തലങ്ങും വിലങ്ങും ആക്രമിച്ചു.

അക്കാലത്തെ ഒരു പ്രശസ്ത ഗാനരചയിതാവ് ജാസി ഗിഫ്റ്റിനെ അതിരുകടന്നു വിമര്‍ശിച്ചു. സംഗീതത്തെ കൊല്ലുകയാണെന്നും ഇത്തരം ഗാനങ്ങള്‍ക്ക് ആയുസ്സ് തീരെ കുറവാണെന്നും വിധിയെഴുതി. അപ്പോഴൊക്കെ ആ വിമര്‍ശനങ്ങളെ ജാസി ഗിഫ്റ്റും ചിരിച്ച മുഖത്തോടെ നേരിട്ടു. അതിരു കടന്ന വാക്കുകള്‍ക്കോ മറുപടികള്‍ക്കോ സമയം നീക്കിവച്ചില്ല. തനിക്കൊപ്പം അക്കാലത്തെ പുതുതലമുറ കൈകോര്‍ത്തു നടക്കുന്നുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ ശക്തിയായി. മലയാള സിനിമ സംഗീതത്തിലെ ആ പൊളിച്ചെഴുത്തിനെ അസ്വസ്ഥതയോടെ നോക്കി കണ്ട സംഗീതസംവിധായകരും പിന്നീട് മാറി ചിന്തിച്ചു. പുതുതലമുറ ജാസി ഗിഫ്റ്റിനൊപ്പമാണെന്ന് മനസ്സിലാക്കിയതോടെ അവരില്‍ പലരും ജാസിയുടെ സ്റ്റൈലുകളെ പരീക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ലജ്ജാവതി മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റു ഗാനങ്ങള്‍ക്കൊപ്പം ആദ്യം തന്നെ ഇടം പിടിച്ചു. ഈ ഗാനം കേള്‍ക്കാന്‍ മാത്രം തിയറ്ററില്‍ പോയവരുമുണ്ട് ഏറെ. സിനിമ തീര്‍ന്നശേഷം വീണ്ടും ഈ ഗാനം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതോടെ അതും ചരിത്രമായി. ജാസിയുടെ ശബ്ദം പുതുതലമുറയുടെ സംഗീതമാണെന്ന് അന്ന് സുകുമാര്‍ അഴീക്കോട് പോലും വിലയിരുത്തി. രണ്ടു പതിറ്റാണ്ടിലേറെ കടന്നിട്ടും ആ പാട്ടുകള്‍ക്കിന്നും മധുരപതിനേഴിന്റെ ചേലാണ്.

ജാസിയുടെ ശബ്ദത്തിലെ വ്യത്യസ്ത ഇന്ത്യയിലാകെ അലയടിച്ചു. തെന്നിന്ത്യയിലെ മിക്ക സംഗീതസംവിധായകര്‍ക്കും ആ ശബ്ദം പ്രിയപ്പെട്ടതായി. ഒരൊറ്റ പാട്ടുകൊണ്ട് ജാസിയുഗം അവസാനിച്ചെന്നു പറഞ്ഞവര്‍ക്കും ജാസി പാട്ടിലൂടെ മറുപടി നല്‍കി. തെമ്മാ തെമ്മാ തെമ്മാടി കാറ്റേ, നില്ല് നില്ല്, കടുംതുടി എവിടെ തുടങ്ങിയ ഗാനങ്ങള്‍ ചെറുപ്പക്കാരുടെ ആഘോഷമായി. സ്‌നേഹതുമ്പി, അഴകാലില മഞ്ഞച്ചരടിലെ തുടങ്ങിയ ഗാനങ്ങള്‍ക്കൊണ്ട് തനിക്ക് മെലഡിയും വഴങ്ങുമെന്ന് തെളിയിച്ചു. ജാസി ഗിഫ്റ്റ് ഇന്നും മലയാളിക്കു പകരം വയ്ക്കാനില്ലാത്ത പേരാണ്. അതുകൊണ്ടുതന്നെയാണ് ആ ഗായകനൊപ്പം ഇന്നും കേരളക്കര ചേര്‍ന്നു നില്‍ക്കുന്നത്. വേദികളില്‍ ആദരിച്ചാലും അവഗണിച്ചാലും ജാസി ഇനിയും പാടിക്കൊണ്ടേയിരിക്കും.

English Summary:

Musical journey of Jassie Gift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com