ADVERTISEMENT

രണ്ടാമത്തെ കുഞ്ഞിന്റെ ജനനം സംബന്ധിച്ച് സംസ്ഥാന സർക്കാർ അനാവശ്യ ആരോപണങ്ങളുന്നയിച്ച് തന്നെയും കുടുംബത്തെയും ദ്രോഹിക്കുന്നുവെന്ന് കൊല്ലപ്പെട്ട പ‍ഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ പിതാവ് ബാൽകൗർ സിങ്. ഐവിഎഫ് വഴിയാണ് ബാൽകൗർസിങ്ങിനും ഭാര്യ ചരൺ കൗറിനും രണ്ടാമത്തെ കൺമണി പിറന്നത്. നിയമപ്രകാരമാണോ ചികിത്സ തേടിയതെന്നു ചോദിച്ചാണ് തന്നെയും കുടുംബത്തെയും സർക്കാർ വൃത്തങ്ങൾ ഉപദ്രവിക്കുന്നതെന്നു ബാൽകൗർസിങ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

Read Also: മുഖം പൊത്തി കരഞ്ഞ് അമ്മ, കണ്ണീരടക്കിപ്പിടിച്ച് അച്ഛൻ; എല്ലാറ്റിനും സാക്ഷിയായി അരികിൽ സിദ്ധുവിന്റെ ചിത്രം! നോവ്

കുഞ്ഞ് പിറന്ന അന്നുമുതൽ തനിക്കും കുടുംബത്തിനും സ്വര്യം തരുന്നില്ലെന്നും ചികിത്സയുടെ രേഖകളെല്ലാം ഹാജരാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ പ്രതിനിധികൾ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണെന്നും ബാൽകൗർ ആരോപിക്കുന്നു. ഭാര്യയെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുന്നതുവരെയെങ്കിലും തങ്ങളെ ഉപദ്രവിക്കരുതെന്നും അതിനു ശേഷം ചോദ്യം ചെയ്യലിനു വിധേയമാകാൻ എവിടെ വേണമെങ്കിലും താൻ വരാമെന്നും ബാൽകൗർ സിങ് വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ബാൽകൗറിനു പിന്തുണയറിയിച്ച് പ്രതിപക്ഷപാർട്ടികളും രംഗത്തെത്തി. സംസ്ഥാന സർക്കാരിന്റെ പ്രവൃത്തികൾക്കെതിരെ ശക്തമായ വിമർശനസ്വരങ്ങളാണ് അവർ ഉയർത്തുന്നത്.

അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART) 2021 ഡിസംബറിൽ പാസാക്കിയ നിയമപ്രകാരം ഐവിഫ് ചികിത്സയ്ക്ക് സ്ത്രീക്കും പുരുഷനും പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിലെ നിർദേശപ്രകാരം സ്ത്രീകൾക്ക് 21 മുതൽ 50 വരെയും പുരുഷന്മാർക്ക് 21 മുതൽ 55 വരെയുമായിരിക്കണം പ്രായം. അതിൽ കൂടുതൽ പ്രായമുള്ളവർ ഐവിഎഫ് ചികിത്സയ്ക്കു വിധേയരാകാൻ പാടില്ല. എന്നാൽ ഈ നിയമം ലംഘിച്ചാണ് സിദ്ധുവിന്റെ മാതാപിതാക്കൾ കുഞ്ഞിനു ജന്മം നൽകിയതെന്നു ചൂണ്ടിക്കാണിച്ചാണ് കുഞ്ഞ് നിയമപരമായി ജനിച്ചതല്ലെന്നു സർക്കാർ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ചരൺ 58ാം വയസ്സിലാണ് ഗർഭം ധരിച്ചതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം നിയമങ്ങളെല്ലാം പാലിച്ചെന്നും രേഖകൾ ഹാജരാക്കാമെന്നും ബാൽകൗർ സിങ് പ്രതികരിച്ചു.

Read Also: രണ്ടാം കുഞ്ഞിനെ വരവേറ്റ് കൊല്ലപ്പെട്ട സിദ്ധു മൂസാവാലയുടെ മാതാപിതാക്കൾ

ബാൽകൗർ സിങ്ങിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. മകന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കടുത്ത വിഷാദത്തിന് അടിമപ്പെട്ടുപോയ ഇരുവരുടെയും മാനസികാരോഗ്യം വീണ്ടെടുക്കാൻ ബന്ധുക്കൾ പ്രത്യേക ശ്രമങ്ങൾ നടത്തിയിരുന്നു. ചരൺ വീണ്ടും ഗർഭിണിയായതോടെ അതിയായ സന്തോഷത്തിലായിരുന്നു കുടുംബം. മാർച്ച് 17നാണ് ചരൺ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഇക്കാര്യം ബാൽകൗർ സിങ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 

2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിൽ സിദ്ധു മൂസാവാല വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ മൂസാവാലയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. കാറിന്റെ സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary:

Singer Sidhu Moosewala's father alleges harassment by Punjab govt over newborn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com