ADVERTISEMENT

മാളവിക. രഞ്‌ജിന്റെ ‘തിരക്കഥ’ എന്ന ചിത്രത്തിലെ നായിക. വെള്ളിത്തിരയിലെ താരവിലാസം മാഞ്ഞൊരു സ്വപ്‌നനായിക. തിരശ്ശീലയിൽ നിന്നു മാത്രമല്ല ഈ ഭൂമിവിലാസത്തിൽ നിന്നു തന്നെ അവളുടെ പേരു മായ്‌ച്ചു കളയാൻ മരണം കാത്തിരിക്കുകയാണ്. പക്ഷേ അവൾ കാത്തിരിക്കുന്നത് മറ്റൊരാളെയാണ്; ഒരിക്കൽ അവളുടെ കൈകൾ വേർപെടുത്തി തിരിഞ്ഞുനോക്കാതെ നടന്നു പോയ പ്രണയിയെ... ചിത്രയുടെ ശബ്‌ദത്തിൽ എത്രവട്ടം കേട്ടാലും പിന്നെയും പിന്നെയും മുറിപ്പടുത്തുന്നു ഈ പാട്ട്.. ശരത്തിന്റെ സംഗീതത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾ... 

ഒടുവിലൊരു ശോണ രേഖയായ് 

മറയുന്നു സന്ധ്യ ദൂരെ 

മാളവികയ്ക്ക് ഇപ്പോൾ അഭ്രപാളിയുടെ തിളക്കമില്ല, തിരക്കുമില്ല.. ഒരു കാലത്ത്, അവളെ ഒരു നോക്കു കാണാൻ, ഒരായിരം പേർ കൊതിച്ചു കാത്തു നിന്നിട്ടുണ്ട്. ആ മാളവികയാണ് കൺകോണിലെ കനലണഞ്ഞ്, ചിരി മുറിഞ്ഞ്, അകമെരിഞ്ഞ് നീറിനീറിപ്പുളയുന്നത്. സഹതാപവും സാന്ത്വനവും കൊണ്ടെത്തുന്ന സന്ദർശകരെ കാണാതെ മുഖംതിരിക്കുന്നത്. ഇടനാഴിയിലെ കാൽപ്പെരുമാറ്റങ്ങൾക്കു കാതോർത്തു കിടക്കുമ്പോൾ എത്ര വട്ടം അവൾ നൊമ്പരപ്പെട്ടിട്ടുണ്ടായിരിക്കും, ഇനി വരുന്നതു മരണമായിരിക്കരുതേ എന്ന്.  

അവൾക്കുമുണ്ടായിരുന്നു ഒരു പ്രണയം.... ഉണ്ടായിരുന്നുവെന്നു പറയുന്നതിൽ തന്നെ ഇപ്പോഴില്ലാത്തതിന്റെയും ഇനിയൊരിക്കലും ഇല്ലാതെ പോകുന്നതിന്റെയും ഒരു നൊമ്പരം നിഴലിക്കുന്നുണ്ട്. ഒരിക്കലുണ്ടായിരുന്നൊരു പ്രണയത്തിന്റെ നിഴലിൽ കഴിഞ്ഞു കൂടുമ്പോഴും അവൾ അയാളെ കാത്തിരിക്കുന്നുണ്ട്. അജയൻ. മാളവികയുടെ ഇഷ്‌ടനായകൻ, നഷ്‌ടകാമുകൻ. ചില പ്രണയങ്ങൾ തൊട്ടുഴിഞ്ഞുപോകുന്നൊരു കാറ്റു പോലെയാണ്. വന്നുപോയെന്നറിയിക്കാൻ ഓർമകളിൽ ഒരു വേനലിന്റെ നോവു തന്നു പോകുന്ന ദീർഘനിശ്വാസങ്ങൾ. എന്നിട്ടും കാറ്റു വന്നുപോയ വഴിയേ, കണ്ണിമയ്‌ക്കാതെ നോക്കി നിന്നതെന്തിനായിരിക്കാം അവൾ? ഒരിക്കലും തിരികെവരാദൂരത്തേക്കു വീശിയിറങ്ങിയ ഒരിളം കാറ്റ് എന്നെങ്കിലുമൊരിക്കൽ തന്നെ തിരഞ്ഞു വരുമെന്ന് അവൾ കരുതിയിരുന്നോ? 

ആ കാത്തിരിപ്പിലേക്കാണ് ഒടുവിൽ അജയൻ മടങ്ങിയെത്തുന്നത്. പ്രണയത്തിന്റെ തങ്കത്തിളക്കമുണ്ടായിരുന്നു അപ്പോഴും അവളുടെ കണ്ണുകളിൽ. ഒരിക്കൽ കൂടി ഒന്നരികിൽ വന്നിരുന്നിരുന്നെങ്കിൽ എന്നു മാളവിക ഒരുപാടാഗ്രഹിച്ചൊരാൾ ഒടുവിൽ വന്നുചേരുമ്പോഴേക്കും അവൾ മറ്റൊരാളുടേതായിക്കഴിഞ്ഞിരുന്നു; മരണത്തിന്റെ. ‘തിരക്കഥ’ കണ്ടിറങ്ങുമ്പോൾ ഞാനോർത്തു, മരണത്തിനു കൊല്ലാൻ കഴിഞ്ഞിരിക്കുമോ അവളെ? ഇല്ല, ഒരിക്കലുമില്ല, പ്രണയവുമായി മടങ്ങിയെത്തിയവന്റെ മടിയിൽ കിടന്നു രാവുറങ്ങിയ മാളവിക പിന്നെയും ഒരുപാടു പുലരിച്ചുവപ്പു കണ്ട് ജീവിതത്തിന്റെ പച്ചപ്പിലേക്ക് തിരികെ നടന്നിരിക്കാം.. അവളുടെ അനുരാഗിയുടെ കൈയും പിടിച്ച്... 

ഗാനം: ഒടുവിലൊരു ശോണരേഖയായ് 

ചിത്രം: തിരക്കഥ 

രചന: റഫീഖ് അഹമ്മദ് 

സംഗീതം: ശരത് 

ആലാപനം: കെ.എസ് ചിത്ര 

ഒടുവിലൊരു ശോണരേഖയായ് മറയുന്നു സന്ധ്യ ദൂരേ 

ജനിമൃതികൾ സാഗരോർമ്മികൾ പൊഴിയാതെ ശ്യാമതീരം 

പിടയുമീ താരനാളം പൊലിയാതെ പൊലിയാതെ (ഒടുവിൽ..) 

 

പെയ്യാതെ പോയൊരാ മഴമുകിൽ തുണ്ടുകൾ 

ഇരുൾ നീലരാവു നീന്തി വന്നൂ പൂവുകളായ് 

ഓഹോ ഒരു മലർ കണിയുമായ് 

പുലരി തൻ തിരുമുഖം ഇനിയും 

കാണാൻ വന്നുവോ (ഒടുവിൽ..) 

 

ജന്മാന്തരങ്ങളിൽ എങ്ങോ മറഞ്ഞൊരാ 

പ്രിയ ജീവകണമിന്നുതിർന്നു കതിരൊളിയാൽ 

ഓഹോ അരുമയായ് ജനലഴി- 

പ്പഴുതിലൂടണയുമോ ഇനിയീ മടിയിൽ ചായുമോ (ഒടുവിൽ) 

English Summary:

Oduvil Oru Shona Rekhayaay song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com