ADVERTISEMENT

7 വർഷത്തിനു ശേഷം പുതിയ സംഗീത ആൽബം പുറത്തിറക്കി ഗായിക ഷക്കീറ. ‘ലാസ് മുജെരെസ് യാ നോ ലോറൻ’ എന്ന പേരിലൊരുക്കിയ ആൽബം മാർച്ച് 22നാണ് റിലീസ് ചെയ്തത്. സ്ത്രീകൾ ഇനി കരയരുത് എന്നാണ് പാട്ട് അർഥമാക്കുന്നത്. 16 ഗാനങ്ങൾ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മുൻ പങ്കാളിയും സ്പാനിഷ് ഫുട്‌ബോളറുമായ ജെറാർദ് പീക്കേയുമായി വേർപിരിഞ്ഞതിനു ശേഷമുള്ള ഷക്കീറയുടെ ആദ്യ ആൽബമാണിത്. വേർപിരിയലിനു പിന്നാലെ 2022ൽ പീക്കേയെ പരിഹസിച്ച് ‘ഔട്ട്‌ ഓഫ് ദ് ലീഗ്’ എന്ന പേരിൽ ഷക്കീറ ഹ്രസ്വഗാനം ഒരുക്കിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജെറാർദ് 23 കാരിയായ ക്ലാരയുമായി ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പുറത്തുവന്നതോടെ ഇതിനെ പരിഹസിക്കും വിധത്തിലായിരുന്നു ഷക്കീറയുടെ പാട്ട്.

2022 ജൂണിലാണ് ഷക്കീറയും ജെറാർദ് പീക്കേയും വേർപിരിഞ്ഞത്. വാർത്താക്കുറിപ്പിലൂടെയായിരുന്നു ഇരുവരുടെയും വേർപിരിയൽ പ്രഖ്യാപനം. ഷക്കീറയെ പ്രശസ്തിയിലേക്കെത്തിച്ച ഫുട്ബോൾ ഗാനം ‘വക്കാ വക്കാ’യുടെ ചിത്രീകരണ വേളയിലാണ് ജെറാർദ് പീക്കേയുമായി ഗായിക പരിചയത്തിലാകുന്നത്. അതു പിന്നീട് പ്രണയത്തിലേക്കെത്തി. 12 വർഷം നീണ്ട പ്രണയബന്ധത്തിനൊടുവിൽ പീക്കേയും ഷക്കീറയും പിരിയുകയായിരുന്നു. ഇരുവർക്കും രണ്ട് മക്കളുണ്ട്. 

അതേസമയം, പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിനൊപ്പം പാട്ടൊരുക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഷക്കീറ വെളിപ്പെടുത്തി. ലാസ് മുജെരെസ് യാ നോ ലോറന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ഷക്കീറ ഇക്കാര്യം തുറന്നുപറഞ്ഞത്. ഷക്കീറയുടെ വാക്കുകൾ കേട്ട് ആരാധകർ ആവേശഭരിതരായിരിക്കുകയാണ്. ഇതിഹാസഗായകർ ഒരുമിച്ചൊരുക്കുന്ന പാട്ട് കേൾക്കാൻ തങ്ങൾ കാത്തിരിക്കുകയാണെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. എന്നാൽ ഷക്കീറയുടെ വാക്കുകളോട് ടെയ്‌ലർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English Summary:

Singer Shakira releases new album

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com