ADVERTISEMENT

കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസ്സിൽ ശുദ്ധസംഗീതത്തിന്റെ തേൻമഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായിക സുജാത മോഹന് ഇന്ന് 61ാം പിറന്നാൾ മധുരം. പാദസരക്കിലുക്കം പോലുള്ള ആ മധുര നാദത്തിൽ അലിഞ്ഞൊഴുകിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ നാവിൻ തുമ്പിൽ ഇടവേളകളില്ലാതെ വിരുന്നെത്തുന്നു. സദാ മന്ദസ്മിതം പൊഴിക്കുന്ന മുഖവും ഭാവം തുളുമ്പുന്ന ആലാപനവുമായി സുജാത സംഗീതാസ്വാദകരുടെ മനസ്സിലേക്ക് ഒഴുകിയെത്തിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും ആ മധുര നാദത്തിനു പകരം വയ്ക്കാൻ മറ്റൊരു സ്വരം കണ്ടെത്താൻ മലയാളികൾക്ക് ഇനിയുമായിട്ടില്ല. ഗായികമാർ പലരും മലയാളത്തിൽ വന്നുപോയെങ്കിലും ഒരിക്കലും ഇഷ്ടം തീരാത്തൊരു പ്രണയസ്വരമായി സുജാതയെ നാം എന്നും കേൾക്കുന്നു. കാതുകൾ കൊണ്ടു മാത്രമല്ല, ഹൃദയം കൊണ്ടും.

ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണു സുജാത ജനിച്ചത്. എട്ടാം വയസ്സിൽ കലാഭവനിൽ നിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങി. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനആൽബങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സുജാത. നെയ്യാറ്റിൻകര വാസുദേവൻ, കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച സുജാത ഒമ്പതാം വയസ്സുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് ‘കൊച്ചുവാനമ്പാടി’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

1975ൽ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിന് വേണ്ടി പാടിയാണ് സുജാത പിന്നണി ഗാനരംഗത്ത് എത്തുന്നത്. അതേ വർഷം ‘കാമം ക്രോധം മോഹം‘ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ... എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കർപ്പൂര ദീപങ്ങൾ, ദൂരെ കിഴക്കുദിച്ചു, പൂവേ തുടങ്ങി സൂപ്പർ ഹിറ്റായ നിരവധി ഗാനങ്ങൾ. മലയാളത്തിന്റെ മാത്രമല്ല തമിഴിന്റെയും പ്രിയ ഗായികയാണ് സുജാത.

ഇളയരാജയുടെ സംഗീതത്തിൽ ‘കവികുയിൽ’ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ ഗായിക റോജയിലെ ‘പുതുവെള്ളൈ മഴൈ’എന്ന പാട്ടിലൂടെ സംഗീതലോകത്ത് ചിരപ്രതിഷ്ഠ നേടി. തുടർന്ന് എ.ആർ.റഹ്മാന്റെ സംഗീതത്തിൽ പുതിയ മുഖം, ജെന്റിൽമാൻ, ഡ്യുയറ്റ്, കാതലൻ, പുതിയ മന്നർഗൾ, ബോംബെ, ഇന്ദിര, മുത്തു, ജീൻസ് തുടങ്ങിയ നിരവധി ചിത്രങ്ങൾക്കു വേണ്ടി പാടി. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി ഏകദേശം പതിനായിരത്തിലധികം ഗാനങ്ങൾ പാടിയ സുജാത, മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം നാല് തവണയും തമിഴ്നാട് സർക്കാരി‌‌‌‌‌‌ന്റെ പുരസ്കാരം മൂന്ന് തവണയും സ്വന്തമാക്കി. ആലാപന ശൈലിയിൽ വ്യത്യസ്തത പുലർത്തുന്ന സുജാതയുടെ സ്വരം നിത്യ ഹരിത നാദമായി വിലയിരുത്തപ്പെടുന്നു. പതിറ്റാണ്ടുകളായി മലയാളി ഹൃദയങ്ങളിൽ മധു പൊഴിക്കുന്ന ഭാവഗായിക ഇനിയും ചലച്ചിത്ര മേഖലയെ സംഗീതസാന്ദ്രമാക്കട്ടെ.

English Summary:

Sujatha Mohan celebrates 61st birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com