അവരും അറിയട്ടെ ആ തീവ്രാനുഭവങ്ങൾ! ആടുജീവിതത്തിന് മുദ്രനടനത്തിന്റെ ഭാഷ്യം, വിഡിയോ ശ്രദ്ധ നേടുന്നു
Mail This Article
ബ്ലെസി ചിത്രം ആടുജീവിതത്തിലെ പാട്ടുകൾക്ക് മുദ്രനടനത്തിന്റെ ഭാഷ്യമൊരുക്കി ഡഫ് എജ്യൂക്കേറ്ററും പത്രപ്രവർത്തകയുമായ സിൽവി മാക്സി മേന. കലയും സാഹിത്യവും കേൾവി പരിമിതർക്കു കൂടി അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിൽവി മുദ്രനടനം രൂപകൽപന ചെയ്തത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ആടുജീവിതത്തിലെ ‘ഇസ്തിഗ് ഫർ’, ‘പെരിയോനേ റഹ്മാനേ’ എന്നീ ഗാനങ്ങളാണ് സിൽവി മുദ്രനടനത്തിൽ ചിട്ടപ്പെടുത്തിയത്. ‘രാജ്യത്ത് ആറുകോടി മുപ്പതുലക്ഷം പേർ കേൾവിപരിമിതർ ആണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. മനുഷ്യജീവിതത്തിന്റെ വൈകാരികമായ തീവ്രാനുഭവങ്ങൾ തീക്ഷ്ണമായി വരച്ചുകാട്ടുന്ന ആടുജീവിതത്തിലെ ഗാനങ്ങൾ ഈ വിഭാഗക്കാർക്കിടയിൽ ശ്രദ്ധേയമാക്കുവാനുള്ള ശ്രമമാണിത്’, സിൽവി പറയുന്നു.
അതേസമയം, ‘ആടുജീവിതം’ മാർച്ച് 28ന് പ്രേക്ഷകർക്കു മുന്നിലെത്തും. അമല പോളും പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ നായികാ–നായകന്മാരാകുന്നു. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയാണ് അതേപേരിൽ സിനിമ ഒരുങ്ങുന്നത്. എ.ആർ.റഹ്മാൻ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.