ഫെയ്ബുക് ഹാക്ക് ചെയ്യപ്പെട്ടു, പേജിൽ അശ്ലീല വിഡിയോ; നടപടിയെടുക്കാതെ സൈബർ സെൽ, പരാതിയുമായി ഗായിക

Mail This Article
ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് റിപ്പോർട്ട് ചെയ്യാൻ സഹായം അഭ്യർഥിച്ച് ഗായിക ചിത്ര അരുൺ. കഴിഞ്ഞ ദിവസം ഗായികയുടെ പേജിൽ അശ്ലീല വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്യപ്പെട്ട അവസ്ഥയിലാണെന്നും സൈബർ സെല്ലിലും ഫെയ്സ്ബുക്കിലും റിപ്പോർട്ട് ചെയ്തെങ്കിലും നടപടി ഉണ്ടായില്ലെന്നും ഗായിക പറയുന്നു.
ചിത്ര അരുണിന്റെ വാക്കുകൾ: മൂന്നു മാസത്തോളമായി എന്റെ ഫെയ്സ്ബുക് പേജ് ഹാക്ക്ഡ് ആണ്. സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നെങ്കിലും പ്രത്യേകിച്ചു നടപടി ഒന്നും അവർ സ്വീകരിച്ചിട്ടില്ല. ഫെയ്സ്ബുക് അധികൃതരേയും മെയിൽ വഴി വിവരം അറിയിച്ചിരുന്നു. പക്ഷേ, പ്രയോജനകരമായ നടപടി അവിടെ നിന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം എന്റെ പേരിലുള്ള പേജിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു. ഇക്കാര്യം എന്റെ സുഹൃത്തുക്കളും പരിചയക്കാരും എന്നെ അറിയിച്ചു. മൂന്നാമതൊരാളെപ്പോലെ മാത്രമേ എനിക്കും എന്റെ പേജ് കാണാൻ പറ്റുന്നുള്ളൂ. അല്ലാതെ വേറൊന്നും ചെയ്യാൻ പറ്റുന്നില്ല. എന്റെ ആ പേജ് പിന്തുടരുന്നവരാണെങ്കിൽ ദയവ് ചെയ്ത് അൺഫോളോ ചെയ്ത് പേജ് റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
ഹൗസ്ഫുൾ, റാണി പദ്മിനി, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിൽ ചിത്ര അരുൺ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചലച്ചിത്ര പിന്നണിഗാനങ്ങൾക്കൊപ്പം ഭക്തിഗാനരംഗത്തും സജീവമാണ് ഗായിക. ചിത്ര അരുൺ ആലപിച്ച ഓണപ്പാട്ടുകളും ഏറെ പ്രശസ്തമാണ്.