ADVERTISEMENT

സംഗീതജീവിതം അവസാനിപ്പിക്കുന്നുവെന്നു സൂചന നൽകി അമേരിക്കൻ ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ ലിസോ. നിരന്തരം നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങൾ തന്റെ മനസ്സിനെ അസ്വസ്ഥമാക്കി. പലരും തന്നെ അകറ്റി നിർത്തുകയും അനാദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും ലിസോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ജോ ബൈഡന്റെ ഇലക്‌ഷൻ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ ലിസോ ഒരു സംഗീതപരിപാടി നടത്തിയിരുന്നു. പിന്നാലെ ഗായികയ്ക്കെതിരെ വിമർശനസ്വരങ്ങൾ തലപൊക്കി. സൈബർ ആക്രമണം രൂക്ഷമായപ്പോഴാണ് താൻ എല്ലാം അവസാനിപ്പിക്കുകയാമെന്നു സൂചിപ്പിച്ച് കുറിപ്പുമായി ലിസോ എത്തിയത്.

‘ജീവിതത്തിലും ഇന്റർനെറ്റിലും എല്ലാവരാലും വലിച്ചിഴക്കപ്പെടുന്നതു സഹിച്ച് ഞാൻ മടുത്തു. സംഗീതം സൃഷ്ടിക്കുകയും ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്യണമെന്നു ഞാൻ ആഗ്രിഹിക്കുന്നു. അതു മാത്രമാണ് എനിക്ക് ആവശ്യം. എന്നാൽ ലോകം എന്നെ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കു തോന്നിത്തുടങ്ങി. കാഴ്ചക്കാരെ സൃഷ്ടിക്കാൻ പലരും എനിക്കെതിരെ പ്രചരിപ്പിക്കുന്ന നുണകളെ ഞാനെപ്പോഴും എതിർത്തിട്ടുണ്ട്. എന്റെ ശരീരപ്രകൃതം നോക്കി പലരും തമാശകൾ മെനഞ്ഞെടുക്കുന്നു. എന്നെ അറിയാത്ത ആളുകൾ എന്നെ അകറ്റിനിർത്തുകയും എന്റെ പേരിനോട് അനാദരവ് കാണിക്കുകയും ചെയ്യുന്നു. അതിനാൽ ഞാൻ‌ എല്ലാം ഉപേക്ഷിക്കുന്നു’, ലിസോ കുറിച്ചു. 

ഗായികയുടെ വാക്കുകൾ ഇപ്പോൾ സജീവചർച്ചാ വിഷയമായിരിക്കുകയാണ്. നിരവധി പേർ ലിസോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തുന്നുണ്ട്. അതേസമയം, മറുവശത്ത് സൈബർ ആക്രമണങ്ങൾ രൂക്ഷമാവുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ നിന്നാണോ അതോ സംഗീതലോകത്തുനിന്നാണോ ലിസോയുടെ പിന്മാറ്റമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

കഴിഞ്ഞ വർഷം ലിസോയ്ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളുയർന്നിരുന്നു. ലൈംഗിക ബന്ധത്തിനും നഗ്ന ഫോട്ടോഷൂട്ടിനും നിർബന്ധിച്ചുവെന്നു ചൂണ്ടിക്കാട്ടി ലിസോയ്ക്കെതിരെ സഹപ്രവർത്തകരായ അരിയാനാ ഡേവിസ്, ക്രിസ്റ്റൽ വില്ല്യംസ്, നോയേൽ റോഡ്രിഗസ് എന്നിവർ പരാതി നൽകി. ലൊസാഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയിലാണ് മൂവരും ലിസോയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്.

ബോഡി ഷെയ്മിങ് നടത്തിയെന്ന ആരോപണവും ലിസോയ്ക്കെതിരെ ഉയർന്നു. തന്റെ ശരീരത്തെക്കുറിച്ച് എല്ലായ്പ്പോഴും പോസ്റ്റീവ് ആയി പൊതുവേദികളിൽ സംസാരിക്കുന്ന ലിസോ, യഥാർഥ ജീവിതത്തിൽ അതിനു നേർ വിപരീതമാണെന്ന് പരാതിക്കാർ ആരോപിച്ചു. ശരീരഭാരം കൂടുതലുള്ളവരെ മാനസികമായി തളർത്തുകയും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിച്ചെന്നും പരാതികൾ ഉയർന്നു. ഇത്തരം ആരോപണങ്ങളെല്ലാം തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതാണെന്നും എല്ലാത്തിനും പരിധിയുണ്ടെന്നുമായിരുന്നു ലിസോയുടെ പ്രതികരണം.

English Summary:

Singer Lizzo's social media post goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com