നിഗൂഢതകൾ ഒളിപ്പിച്ച് ‘ഒരു കട്ടിൽ ഒരു മുറി’യിലെ ഗാനം; വിഡിയോ ശ്രദ്ധ നേടുന്നു
Mail This Article
‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘അരികിലകലെയായ്’ എന്നാരംഭിക്കുന്ന പാട്ടിന് അൻവർ അലിയാണ് വരികൾ കുറിച്ചത്. വർക്കി ഈണമൊരുക്കിയ ഗാനം നാരായണി ഗോപൻ ആലപിച്ചു. അബിൻ പോൾ ആണ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് ഈ മനോഹര മെലഡിക്കു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘നെഞ്ചിലെ എൻ നെഞ്ചിലേ’ എന്ന പ്രണയഗാനവും ആസ്വാദകശ്രദ്ധ നേടിയിരുന്നു.
‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നിവയ്ക്കു ശേഷം ഷാനവാസ്.കെ.ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ‘ഒരു കട്ടിൽ ഒരു മുറി’. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ്.വി.തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ഒരു കട്ടിലിനെയും മുറിയെയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദർഭങ്ങൾ വിഷയമാക്കിയൊരുങ്ങുന്ന ചിത്രം സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ.പി.ഉണ്ണികൃഷ്ണൻ, പി.എസ്.പ്രേമാനന്ദൻ, പി.എസ്.ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണു നിർമിക്കുന്നത്. എൽദോസ് ജോർജ് ഛായാഗ്രാഹണം നിർവഹിക്കുന്നു. എഡിറ്റിങ്: മനോജ്.