ADVERTISEMENT

‘‘നീയെനിക്കു വേണ്ടി കാത്തിരിക്കുന്നുവെങ്കിൽ ഞാൻ തിരിച്ചു വരുന്ന ദിവസം നിനക്ക് എന്നോടുള്ള പ്രണയസൂചകമായി താഴ്‌വരയിൽ ഒരു വിളക്കു തെളിയിച്ചു വയ്‌ക്കുക’’ ഇങ്ങനെ പറഞ്ഞ ഉണ്ണികൃഷ്‌ണനെ ഓർക്കുന്നുണ്ടോ? അയാൾക്കു വേണ്ടി ഒരു വിളക്കല്ല ഒരായിരം വിളക്കുകൾ തെളിയിച്ചു കാത്തിരുന്ന തുളസിയെ ഓർമിക്കുന്നുണ്ടോ? ‘യാത്ര’ എന്ന ചിത്രത്തിലാണ് ഉണ്ണികൃഷ്‌ണനെയും തുളസിയെയും നാം കണ്ടുമുട്ടിയത്.. താളുകൾ പിന്നോട്ടു മറിച്ചു വായിക്കുന്നൊരു പുസ്‌തകം പോലെയാണു ബാലു മഹേന്ദ്ര അണിയിച്ചൊരുക്കിയ ‘യാത്ര’എന്ന ചിത്രത്തിന്റെ കഥ. ഒരു വിനോദയാത്രയ്‌ക്കിടയിലാണ് ഉണ്ണികൃഷ്‌ണൻ ആ കഥ പറഞ്ഞു തുടങ്ങുന്നത്. കാഴ്‌ചകളെ പിന്നോട്ടു തള്ളി മുന്നോട്ടു കുതിക്കുന്നൊരു ടൂറിസ്‌റ്റ് ബസ്.. മുഴുവൻ യാത്രക്കാരുടെയും കണ്ണുകൾ അയാളിലേക്കായിരുന്നു. യാത്രക്കാർക്കിടയിലെ കൊച്ചുകുട്ടികൾ ഇളയരാജയുടെ സംഗീതത്തിൽ കയ്യടിച്ചു പാടിയ ഒരു പാട്ട് ഓർമയില്ലേ? ആ പാട്ടിൽ അവർ പറഞ്ഞ ഇണക്കിളികളുടെ കടംകഥയോർമയില്ലേ?

തന്നന്നം താനന്നം താളത്തിലാടി... മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി

കാടിനോടുചേർന്ന ഗ്രാമത്തിൽ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥനായി വന്നു ചേർന്ന കാലത്ത് ഉണ്ണികൃഷ്‌ണനു നന്നെ യുവത്വം, ചുറുചുറുക്കിന്റെ ചെറുപ്പം. അക്കാലത്താണ് തുളസിയെ കണ്ടുമുട്ടുന്നത്. കാടിനപ്പുറവും ഇപ്പുറവും കൊടുങ്കാടെന്നു മാത്രം കരുതി കഴിഞ്ഞു കൂടിയ ഒരു സാധുപെൺകുട്ടി.  

thannannam-song
‘തന്നന്നം താനന്നം താളത്തിലാടി’ ഗാനരംഗത്തിൽ നിന്ന്.

കാട്ടിലെ ഒറ്റയടിപ്പാതകളിലൂടെയുള്ള തനിച്ചുനടത്തങ്ങൾക്ക് പതുക്കെ പതുക്കെ ഉണ്ണികൃഷ്‌ണനും അവൾക്കു കൂട്ടു വരാൻ തുടങ്ങി. കാട്ടുവഴികളിൽ വീണ്ടും വീണ്ടും അവർ കണ്ടുമുട്ടി. പറഞ്ഞ കഥകൾ പിന്നെയും പറഞ്ഞും കരഞ്ഞ കണ്ണുകൾ വീണ്ടും തുടച്ചും മുറിഞ്ഞ മനസ്സിന്റെ കോണിലെവിടെയോ അവർ തമ്മിൽതമ്മിൽച്ചേർന്നിരിക്കാൻ തുടങ്ങി. ഒരേ സ്വപ്നം കാണാനും ഒരേ പ്രണയം ശ്വസിക്കാനും തുടങ്ങി. ഒടുക്കം വിവാഹക്കാര്യം ചങ്ങാതിയെ അറിയിക്കാൻ പോയ ഉണ്ണികൃഷ്‌ണനെ വിധിയുടെ അവിചാരികത അവളിൽനിന്ന് അടർത്തിനീക്കിക്കൊണ്ടുപോകുകയായിരുന്നു. 

പക്ഷേ, തടവറയുടെ തണുത്ത ഇരുട്ടിലും ഒറ്റപ്പെടലിലും അയാളെ പൊതിഞ്ഞു നിൽക്കുന്നുണ്ട്, കാണാദൂരെയെവിടെയോ തനിക്കു വേണ്ടി കാത്തിരിക്കുന്ന  തുളസിയുടെ ചുടുനിശ്വാസങ്ങൾ. തന്റെ തിരിച്ചുവരവും നോക്കി കൺചെരാതെരിയിച്ചു കാത്തിരിക്കാൻ തുളസിയെ പോലൊരു പെൺകൊടിയുണ്ടെന്ന ഓർമ മാത്രം മതിയായിരുന്നു ഉണ്ണികൃഷ്‌ണനെ ഏതകലങ്ങളിൽ നിന്നും തിരികെയെത്തിക്കാൻ. ഏതൊരേകാകിയെയും ഉന്മാദിയാക്കാൻ... ആകാശങ്ങളിലേക്കു പറത്തിവിടാൻ, അതേ ആകാശങ്ങളിൽ നിന്ന് ഏതു നിമിഷമാത്രയിലും ഭൂഗുരുത്വം കൊണ്ടെന്ന പോലെ അവനെ പിൻവിളിക്കാൻ പ്രണയത്തിനല്ലാതെ മറ്റെന്തിനാകാൻ? 

അവളുടെ കാത്തിരിപ്പിന്റെ കഥയോർക്കുമ്പോഴെല്ലാം മനസ്സു വീണ്ടും ആ കൽവിളക്കിലെ തിരിനാളങ്ങളെപ്പോലെ വെറുതെ നൊമ്പരപ്പെടുന്നു...

ചേരാനുള്ളവരായിരുന്നോ അവർ? അതോ പിരിയാനുള്ളവരോ? അറിയില്ല.. പക്ഷേ മറ്റൊന്നറിയാമായിരുന്നു, അവരൊരുമിച്ചു തെളിയിച്ച നെയ്ത്തിരിവെട്ടങ്ങൾ കെട്ടടങ്ങാനുള്ളതല്ലായിരുന്നു. അവരുടെ പ്രണയം തീർന്നുപോകാനുള്ളതുമല്ലായിരുന്നു.....

ഗാനം: തന്നന്നം താനന്നം താളത്തിലാടി

ചിത്രം: യാത്ര

രചന: ഒഎൻവി

സംഗീതം: ഇളയരാജ

ആലാപനം: യേശുദാസ്, അമ്പിളി, അന്ന, ആന്റണി ആന്റോ

തന്നന്നം താനന്നം താളത്തിലാടി

മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി

ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികൾ

ഒന്നാനാം കുന്നിന്റെയോമനകൾ

കാടിന്റെ കിങ്ങിണികൾ (തന്നന്നം...)

 

കിരുകിരെ പുന്നാ‍രത്തേൻ മൊഴിയോ

കരളിലെ കുങ്കുമപ്പൂമ്പൊടിയോ

കളിയാടും കാറ്റിന്റെ കൈയ്യിൽ വീണു

കുളിരോടു കുളിരെങ്ങും തൂകി നിന്നു

ഒരു പൂവിൽ നിന്നവർ തേൻ നുകർന്നു

ഒരു കനി പങ്കു വെച്ചവർ നുകർന്നു

ഇരുമെയ്യാണെങ്കിലും ജീവനൊന്നായ്

നിറമുള്ള സ്വപ്നങ്ങൾ പൂവിടും നാൾ

കൂടൊന്നു കൂട്ടാൻ നാരുകൾ തേടി

ആൺകിളിയെങ്ങോ പോയി

ദൂരേ ദൂരേ

പെൺ കിളി കാത്തിരുന്നു 

 

ഒരു പിടി ചുള്ളിയും തേൻ തിനയും

തിരയുമാ പാവമാമാൺ കിളിയോ

വനവേടൻ വീശിയ വലയിൽ വീണു

മണിമുത്ത് മുള്ളിൽ ഞെരിഞ്ഞു താണൂ

ഒരു കൊച്ചു സ്വപ്നത്തിൻ പൂ വിടർന്നാൽ

ഒരു കൊടും കാട്ടിലതാരറിയാൻ

ഒരു കുഞ്ഞുമെഴുതിരിയുരുകും പോലെ

കരയുമാ പെൺകിളി കാത്തിരുന്നു

ആയിരം കാതം ദൂരെയിരുന്നാ

ആൺകിളി എന്തേ ചൊല്ലീ

ദൂരേ ദൂരേ

പെൺ കിളി കാത്തിരുന്നു  (തന്നന്നം..)

English Summary:

Thannannam Thaanannam thalathilaadi song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com