അവർ വരുന്നു, ഉലകം ചുറ്റി പാടാൻ; ആകാംക്ഷയുടെ കൊടുമുടി കയറി ആർമി: ബിടിഎസ് ഉയിർ!

Mail This Article
ലോകപ്രശസ്ത കൊറിയൻ ബാൻഡ് ബിടിഎസ് ലോകപര്യടനത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബാൻഡ് അംഗങ്ങളെല്ലാം തിരിച്ചെത്തിയതിനു ശേഷമായിരിക്കും സംഘം ‘ഉലകം ചുറ്റി’ പാട്ടു പാടാൻ ഇറങ്ങുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. 2025–ലാണ് ബിടിഎസ് പാട്ടുലോകത്തിലേക്കു തിരികെയെത്തുക. ബിടിഎസിന്റെ മടങ്ങിവരവിനു വേണ്ടി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. 2020–ൽ ബിടിഎസ് ലോകപര്യടനത്തിനു പദ്ധതിയിട്ടിരുന്നുവെങ്കിലും കോവിഡ് മഹാമാരി പടർന്നുപിടിച്ചതോടെ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു.

ബിടിഎസിലെ ഓരോരുത്തരും സൈനിക സേവനം പൂർത്തിയാക്കി മടങ്ങി വരുന്ന തീയതികൾ ഔദ്യോഗിക സ്രോതസ്സുകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംഘത്തിലെ മുതിർന്ന അംഗമായ ജിൻ ഈ വർഷം ജൂണിൽ തിരികെയെത്തും. ജൂൺ അവസാനത്തോടു കൂടി ജംഗൂക്കിന്റെ സേവനം അവസാനിക്കും. ഒക്ടോബറിൽ ആണ് ജെ–ഹോപ് എത്തുക. ബിടിഎസിലെ മറ്റ് അംഗങ്ങളുടെ സൈനികസേവനം അടുത്തവർഷമേ പൂർത്തിയാകൂ. 2025 ജൂൺ 10നാണ് ആഎമ്മും വിയും മടങ്ങിയെത്തുക. അതേ മാസം തന്നെ ജിമിന്റെയും സുഗയുടെയും സേവന കാലാവധി അവസാനിക്കും. ജിമിൻ ആണ് ഏറ്റവുമൊടുവിലായി സൈനികസേവനത്തിനിറങ്ങിയത്. സുഗ തോളെല്ലിനു പരുക്ക് പറ്റി കുറച്ചു നാൾ പട്ടാള ക്യാംപിൽ ചികിത്സയിലായിരുന്നു.

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനികസേവനത്തിലേര്‍പ്പെട്ടിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ, ബാൻഡിലെ മുതിർന്ന അംഗമായ ജിൻ 2022 ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ സൈനിക സേവനം ആരംഭിക്കുകയായിരുന്നു. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും ക്യാംപിലെത്തി. ട്രെയിനിങ് മികച്ച നിലയിൽ പൂർത്തിയാക്കി വിയും ആർഎമ്മും മിലിട്ടറിയിലെ എലൈറ്റ് ഗ്രാജുവേറ്റ്സ് പദവി സ്വന്തമാക്കിയിരുന്നു.

2022 ജൂണില്‍ ആണ് ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു സംഘത്തിന്റെ ഔദ്യോഗിക അറിയിപ്പ്. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നുമുള്ള ബാൻഡ് അംഗങ്ങളുടെ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ബിടിഎസ് ആർമിയെ (ബിടിഎസിന്റെ ആരാധകവൃന്ദം) ഒന്നായി ഉലച്ചു.

സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിരിയുന്നതെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിനിറങ്ങാന്‍ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീട് ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. 2025ൽ തങ്ങൾ മടങ്ങിവരുമെന്ന് ബിടിഎസ്, ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ ബാൻഡിന്റെ ലോകപര്യടനത്തിന്റെ വാർത്തകൾ വന്നതോടെ ആവേശത്തിലാണ് ബിടിഎസ് ആർമി. ലോകവേദികൾ കീഴടക്കാൻ ഏഴംഗസംഘം വരുന്നതും കാത്ത് ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകവൃന്ദം.