ADVERTISEMENT

കഴിഞ്ഞ ദിവസം ബ്ലെസ്സിയുടെ ‘ആടുജീവിതം’ കണ്ടപ്പോൾ മറ്റൊരു ചിത്രം കൂടി ഓർമിച്ചു; ‘ഗദ്ദാമ’. നജീബിന്റെ മരുമണൽയാത്രയിലുടനീളം അവളുടെ മുഖംകൂടി തെളിഞ്ഞു; അശ്വതിയുടെ. റഫീഖ് അഹമ്മദ് എഴുതിയ സങ്കടപ്പരപ്പിലെ ആ ഗാനം ഓർമിക്കുകയും ചെയ്തു. 

വിദുരമീ യാത്ര.....നീളുമീ യാത്ര...

അണയാത്ത നീറും നോവുമായ്....

അവിരാമമേതോ തേടലായ്...

പട്ടാമ്പിക്കാരിയായിരുന്നു അവൾ. പച്ചിലപ്പച്ച മണക്കുന്ന നാട്ടുവഴികളിലൂടെ മാത്രം നടന്നു പരിചയിച്ചവൾ. വിവാഹം കഴിഞ്ഞെത്തുന്നത് രാധാകൃഷ്‌ണന്റെ വീട്ടിലേക്കാണ്. തെറുത്തു വച്ച തുലാമഴപ്പായ നീട്ടി വിരിച്ച് അയാൾ കാത്തിരിക്കുന്ന രാത്രികളിൽ കൂട്ടിരിക്കാൻ, ഉത്തരത്തിൽ കെട്ടിഞാത്തിയൊരു തൊട്ടിലിൽ അയാളുടെ തങ്കക്കുടങ്ങളെ താരാട്ടുവാൻ, അങ്ങനെ ഒരായുസ് മുഴുവൻ ഒരു വീട്ടകത്തിന്റെ സ്‌നേഹമാകാൻ കൊതിച്ചുവന്നവൾ.. പക്ഷേ എത്ര വേഗമാണ് അവൾ നടന്ന നാട്ടുമൺവഴികളിൽ നിന്ന് അവളുടെ കാൽപാടുകൾ തേഞ്ഞു മാഞ്ഞു പോകുന്നത്? വെള്ള പുതച്ചു കിടന്ന രാധാകൃഷ്‌ണന്റെ ശരീരത്തിലേക്ക് ഇതൾ കൊഴിഞ്ഞുവീണത് അവളുടെ മുഴുവൻ വസന്തങ്ങളുമായിരുന്നു

പിന്നെ നീണ്ട ശിശിരകാലം.. ഒരു കള്ളിമുൾച്ചെടി പോലെ ദൂരെ ഗൾഫ് നാട്ടിലൊരു മരുമണൽക്കാട്ടിൽ. പേരറിയാത്തൊരു അറബിയുടെ വീട്ടുവേലക്കാരിയായി. അറബിയുടെ വീട്ടിലെ, ആകാശത്തേക്കു തുറക്കുന്ന ഒരു കിളിവാതിലിലൂടെയാണ് പിന്നീട് അശ്വതി കനവു കാണുന്നത്. 

ഗദ്ദാമയായിട്ടുള്ള ആ വേഷപ്പകർച്ച അവളെ കൂട്ടിക്കൊണ്ടു പോകുന്നത് അതുവരെ അവൾ അറിയാത്ത നൊമ്പരങ്ങളുടെ പുതിയ ചോരപ്പാടുകളിലേക്കാണ്. ദേശഭാഷകൾക്കപ്പുറം അവളുടെ ശരീരത്തിലെ പെൺലിപികൾ തിരഞ്ഞെത്തിയവരുടെ നെറികേടുകൾ.. 

ഒടുവിലൊരു തടവറയുടെ പനിച്ചൂടിൽ പൊള്ളിവിറച്ച മനസ്സിന്റെ നെരിപ്പോടുകൾ... അങ്ങനെയാണ് അറബിയുടെ വീട്ടുമതിൽ ചാടിക്കടന്ന് അവൾ പുറംലോകത്തെത്തിച്ചേരുന്നത്. അവിടെ കാത്തിരുന്നതാകട്ടെ അതിരില്ലാത്ത മരുഭൂമി മാത്രം... അറ്റം കാണാതെ നീണ്ടുനീണ്ടു പോകുന്ന പാതകൾ, അവയ്‌ക്കിരുവശവും ചുരുൾ നിവർന്നു കിടക്കുന്ന മണൽപ്പരപ്പുകൾ... കൊതിപ്പിച്ചു കൊല്ലുന്ന കൊടുംമരീചികകൾ... എവിടേക്കെന്നു പോലുമറിയാത്തൊരു ഇറങ്ങിനടത്തം. അപ്പോൾ നജീബിനും അശ്വതിക്കും ഒരേ യാതനയുടെ ദയനീയ മുഖമാണെന്നു തോന്നി. അവരെപ്പോലെ മരുഭൂമിയിലേക്ക്, ഉറവുണങ്ങി നീറുന്ന പൊരിമണലിലേക്ക് ഇറങ്ങിനടക്കേണ്ടി വന്ന ഓരോ പരദേശിക്കും അതേ മുഖമാണെന്നു തോന്നി. ബെനെറ്റ് വീത്‌രാഗിന്റെ സംഗീതത്തിൽ ഹരിഹരന്റെ ആലാപനം ഇപ്പോഴും ആ മരുഭൂമിയിൽ അലയടിക്കുന്നുണ്ടെന്നു തോന്നി... 

ഗാനം: വിധുരമീ യാത്ര

ചിത്രം: ഗദ്ദാമ

രചന: റഫീഖ് അഹമ്മദ്

സംഗീതം: ബെനെറ്റ് വീത്‌രാഗ്

ആലാപനം: ഹരിഹരൻ, ശ്രേയാ ഘോഷാൽ

വിധുരമീ യാത്ര.. നീളുമീ യാത്ര

അണയാതെ നീറും നോവുമായ്...

അവിരാമമേതോ തേടലായ്

രാവോ പകലോ..  വെയിലോ നിഴലോ..

ഈ മൂകയാനം തീരുമോ..

ദൂരങ്ങൾ വീണ്ടും നീളുമോ...

 

കാണാക്ഷതങ്ങൾ .. കീറും പദങ്ങൾ

ഭാരങ്ങൾ പേറും ദേശാടനങ്ങൾ ..

അടയുന്നു വീണ്ടും.. വാതായനങ്ങൾ .

ഉം ..മായുന്നു താരം .. അകലുന്നു തീരം

നീറുന്നു വാനിൽ സായാഹ്നമേഘം..

ഏതോ നിലാവിൻ നീളും കരങ്ങൾ

ഈ രാവിനെ പുൽകുമോ ...

 

വിധുരമീ യാത്ര..നീളുമീ യാത്ര

അണയാതെ നീറും നോവുമായ്...

അവിരാമമേതോ തേടലായ്

English Summary:

Vidhooramee Yathra song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com