ADVERTISEMENT

പൊള്ളുന്ന വെയിലിനെ അതിജീവിച്ച് പ്രകൃതിയെ മഞ്ഞപട്ടണിയിക്കുവാൻ മേടപുലരിയെത്തി. വിഷു പക്ഷിയുടെ കുറുകലും പൊന്നുരുക്കുന്ന കൊന്നപൂക്കളും പ്രകൃതിക്കു സ്വർണചാമരം വീശുമ്പോൾ മലയാളസിനിമഗാനങ്ങളെ ഐശ്വര്യപൂർണ്ണമാക്കുവാൻ വല്ലപ്പോഴുമൊക്കെ കൊന്ന പുവിട്ടു നിൽക്കാറുണ്ട്. പി.ഭാസ്ക്കരനും വയലാറും ഒഎൻവിയും ശ്രീകുമാരൻ തമ്പിയും ഗിരീഷ് പുത്തഞ്ചേരിയും വരികളെ കണികൊന്നകൾ കൊണ്ടു സ്വർണ്ണം പൂശിയവരിൽ ചിലരാണ്.

മിക്ക വിഷുപാട്ടുകളിലും കാർഷികസംബന്ധമായ ഭാവനകളാണു കവികൾ എഴുതിവച്ചിരിക്കുന്നത്. വിഷു എന്നാൽ തുല്യമായത് എന്നാണ് അർഥം. അതായത്, രാത്രിയുടെയും പകലിന്റെയും ദൈർഘ്യം ഒരുപോലെയുള്ള ദിവസം! നരകാസുരനെ വധിച്ച മഹാവിഷ്ണൂവിനെ കീർത്തിക്കുന്ന ഉത്സവം എന്നും ഐതിഹ്യമുണ്ട്. പെൺസ്വരങ്ങളിലാണു വിഷുസംബന്ധിയായ പാട്ടുകൾ കൂടുതലും പിറന്നത്. പ്രത്യേകിച്ച് എസ്.ജാനകി, പി.സുശീല, കെ.എസ്.ചിത്ര തുടങ്ങിയവരുടെ സ്വരങ്ങളിൽ.

വിഷുകിളി കണിപ്പൂകൊണ്ടുവാ (ഇവൻ മേഘരൂപൻ), കൊന്നപ്പൂ പോലെ മുന്നിൽ (താവളം) പാടുന്നു വിഷുപക്ഷികൾ മെല്ലെ. (പുനരധിവാസം), കൊന്ന പൂവേ കൊങ്ങിണി പൂവേ (അമ്മയെ കാണാൻ), മഞ്ഞകണികൊന്ന പൂവുകൾ ചൂടും (ആദ്യത്തെ അനുരാഗം), മേട പൊന്നണിയും കൊന്ന പൂക്കണിയായ് (ദേവാസുരം), ശ്യാമവാനിലേതോ കണികൊന്നപൂത്തുവോ (ആനച്ചന്തം), കണികൊന്നകൾ പൂക്കുമ്പോൾ (ഒരു അഭിഭാഷകന്റെ കേസ് ഡയറി), മൈനാക പൊൻ മുടിയിൽ പൊന്നുരുകി പൂവിട്ടൂ വിഷുകണികൊന്ന (മഴവിൽകാവടി), കൊന്നപ്പൂ ചൂടുന്ന കിന്നാരം (കനകചിലങ്ക), അമ്പലനടകൾ പൂവണിഞ്ഞു (കുങ്കുമചെപ്പ്), കൊന്ന പൂപൊൻ നിറം തേനിൽ (കിന്നരി പുഴയോരം), കൊന്ന പൂക്കൾ പൊന്നുരുക്കുന്നോ (ഒരു വിളിയും കാത്ത്), പൊന്നിലഞ്ഞികൾ പന്തലൊരുക്കി (ഗുരുവായൂർ കേശവൻ), കൊന്ന പൂത്തു പുന്ന പൂത്തു. (സൗധാമിനി), കൊന്നപ്പൂ പോലെ മുന്നിൽ (താവളം), തങ്കകണികൊന്ന പൂവിതറും (അമ്മിണി അമ്മാവൻ), മലർകൊന്ന പൂത്തു മലർകണിയായി (മദനോത്സവം), കണികാണും നേരം കമലനേത്രന്റെ (ഓമനകുട്ടൻ), കണികാണണം കൃഷ്ണാ (ബന്ധനം) കൊന്നപ്പൂക്കൾ പൊന്നുരുക്കുന്നു (ഒരോ വിളിയും കാതോർത്ത്) തുടങ്ങി നിരവധി ഗാനങ്ങളിൽ കൊന്നപൂക്കളൂടെ ശോഭയും തിളക്കവുമുണ്ട്.

തിരിയോ തിരി പൂത്തിരി...

ഋതുഭേതമില്ലാതെ പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്നകളുള്ള സിനിമാഗാനങ്ങൾ ഏറെയുണ്ടെങ്കിലും പൂർണ്ണമായും വിഷു വിഷയമായി ഭാസ്ക്കരൻ മാഷ് എഴുതിയ ഒരുഗാനം ‘മൂന്ന് പൂക്കൾ എന്ന ചിത്രത്തിലുണ്ട്. മാഷിന്റെ വരികളിൽ വിഷുപുലരിയിലെ ഒരുക്കങ്ങളും ആഹ്ലാദം നിറയ്ക്കുന്ന ഊർജവുമുണ്ട്. ആസ്വാദകർക്കു കൈനീട്ടമായ്.

ചിത്രം: മൂന്ന് പൂക്കൾ

 

സംഗീതം: പുകഴേന്തി

 

രചന: പി.ഭാസ്ക്കരൻ

 

ആലാപനം: എസ്.ജാനകിയും സംഘവും

തിരിയോ തിരി പൂത്തിരി

കണിയോ കണി വിഷുകണി

 

കാലിൽ കിങ്ങിണി കൈയിൽ പൂത്തിരി

 

നാളെ പുലരിയിൽ വിഷുകണി (തിരിയോ തിരി പൂത്തിരി)

 

ആകാശത്തിൻ തളികയിലാകെ

 

അവിലും മലരും അരിമണിയും

 

വെണ്മതിയാകും വെള്ളരിക്കാ..

 

പൊന്മുകിലാകും  വെൺപുടവ... (തിരിയോ തിരി പൂത്തിരി)

 

സംക്രമരാത്രി വാനിൽ പൂത്തിരി കൊളുത്തി

 

ചന്ദ്രിക തൻ പട്ടെടുത്തു പാരിടം ചാർത്തി.. (സംക്രമരാത്രി..)

 

കണികാണാൻ ഉണരണം കണ്ണുപൊത്തി ഉണരണം

 

കണികാണാൻ ഉണരണം കണ്ണുപൊത്തി ഉണരണം

 

കാലത്തെ കൈ നിറയെ കൈനീട്ടം വാങ്ങണം

 

കാല കാലത്തെ കൈ നിറയെ കൈനീട്ടം വാങ്ങണം..

 

കണികാണാൻ ഉണരണം കണ്ണുപൊത്തി ഉണരണം

English Summary:

Vishu special songs in Malayalam movies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com