ADVERTISEMENT

സംഗീതജ്ഞരായിരുന്ന ജയ–വിജയൻമാർ ഇരട്ട സഹോദരർ മാത്രമായിരുന്നില്ല, സഹയാത്രികരും സുഹൃത്തുക്കളുമായിരുന്നു. ഒന്നിച്ചുള്ള ആ സംഗീതയാത്രയ്ക്കിടെ അപ്രതീക്ഷിതമായാണു കെ.ജി. വിജയൻ കടന്നുപോയത്. ഈ വിധിവിളയാട്ടം ജയനെ ഒട്ടൊന്നുമല്ല തളർത്തിയത്. ആത്മാവിന്റെ ഭാഗമായ സംഗീതത്തിൽ പോലും താൽപര്യം നഷ്ടപ്പെട്ട്, ചിറകുപോയ പക്ഷിയെപ്പോലെ ജയൻ കഴിഞ്ഞ നാളുകൾ... അക്കാലത്താണ് ഗായകൻ യേശുദാസിനെ തിരുവനന്തപുരത്തുവച്ച് യാദൃശ്ചികമായി കാണുന്നത്. ‘‘ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കരുത്. പാട്ടിലേക്കു മടങ്ങി വരൂ. വിഷുക്കാലത്തിനായി സന്തോഷമുള്ള കുറെ കൃഷ്ണഭക്തിഗാനങ്ങൾ ചെയ്യൂ. രമേശൻ നായർ എഴുതിയാൽ അസ്സലാവും. കസെറ്റ് തരംഗിണി ഇറക്കാം’’– യേശുദാസ് നിർബന്ധിച്ചു.

ജയൻ പറയുന്നു: ‘‘അന്ന് തിരുവനന്തപുരം ആകാശവാണിയിൽ ജോലി ചെയ്യുകയായിരുന്നു രമേശൻ നായർ. ഞാൻ നേരെ അദ്ദഹത്തിന്റെ വീട്ടിലെത്തി യേശുദാസിന്റെ നിർദേശത്തെപ്പറ്റി പറഞ്ഞു. അന്നു രാത്രിതന്നെ ഞങ്ങൾ പാട്ടുണ്ടാക്കാനിരുന്നു. നിങ്ങൾ അവിശ്വസിച്ചേക്കാം, നേരം പുലർന്നപ്പോഴേക്കും ‘മയിൽപ്പീലി’ എന്ന ആൽബത്തിലെ ഒൻപതു പാട്ടും പിറന്നുകഴിഞ്ഞിരുന്നു.’’ 

‘എന്റെ വീട്ടിലെത്തിയിട്ടും ജയൻ ശാന്തനായിരുന്നില്ല. വിജയന്റെ വേർപാടിലുള്ള സങ്കടത്തിൽ അത്രമേൽ അദ്ദേഹം ഉലഞ്ഞിരുന്നു. സഹോദരന്റെ മരണത്തിൽ ഇതുപോലെ തളർന്നുപോയ ഒരാളെയും ഞാൻ കണ്ടിട്ടില്ല. ദുഃഖത്തിൽനിന്നു കരകയറാൻ അദ്ദേഹത്തെ എങ്ങനെയും സഹായിക്കാൻ ഞാൻ ഒരുക്കമായിരുന്നു. അതുകൊണ്ട് അന്നുതന്നെ പാട്ടുകൾ തുടങ്ങിയേക്കാം എന്നു കരുതി. 

പക്ഷേ, ഒരു രാത്രികൊണ്ട് എല്ലാം പൂർത്തിയാവുമെന്നു കരുതിയതേയില്ല. എന്റെ കഴിവല്ല, ഞാൻ ഭഗവാന്റെ ഗുമസ്തൻ മാത്രം. അദ്ദേഹം എന്നോടു മന്ത്രിച്ചതു ഞാൻ വരികളാക്കി എന്നു മാത്രം.’ എസ്.രമേശൻ നായർ സാക്ഷ്യപ്പെടുത്തുന്നു.

പിറ്റേന്നുതന്നെ കെ.ജി.ജയനും രമേശൻ നായരുംകൂടി തരംഗിണിയിലെത്തി യേശുദാസിനോട് പാട്ടുകൾ തയാറാണെന്ന് അറിയിച്ചു. ‘ആൽബത്തിലെ ‘ചന്ദനചർച്ചിതം... ’എന്ന ഒരുപാട്ടു മാത്രമേ യേശുദാസ് കേട്ടുള്ളൂ. ‘ഒരുപാട്ടുകൊണ്ടുതന്നെ തൃപ്തിയായി. വേറെയൊന്നും കേൾക്കേണ്ട. എത്രയും വേഗം റിക്കോർഡ് ചെയ്തേക്കാം എന്ന് അദ്ദേഹം പറഞ്ഞു.’ ജയൻ ഓർമിക്കുന്നു.

കുറച്ചു പാട്ടുകൾ തിരുവനന്തപുരത്തും ബാക്കി ചെന്നൈയിലുമായിരുന്നു റിക്കോർഡിങ്. പുറത്തിറങ്ങിയയുടനെ വൻഹിറ്റായി ഈ ആൽബം. 

രാധതൻ പ്രേമത്തോടാണോ കൃഷ്ണാ..., അണിവാകച്ചാർത്തിൽ ഞാൻ..., ചന്ദനചർച്ചിത..., ചെമ്പൈക്കു നാദം..., ഗുരുവായൂരപ്പാ നിൻ..., ഹരികാംബോജി രാഗം..., നീയെന്നെ ഗായകനാക്കി..., ഒരു പിടി അവിലുമായി..., യമുനയിൽ ഖരഹരപ്രിയ... എന്നിങ്ങനെ ഒന്നിനൊന്നു കിടപിടിക്കുന്ന കൃഷ്ണഭക്തി ഗാനങ്ങൾ... എല്ലാം പാടിയത് യേശുദാസ്! ഇന്നോളമിറങ്ങിയ കൃഷ്ണഭക്തി ഗാനങ്ങളിൽ ഏറ്റവും ഹിറ്റായ ‘മയിൽപ്പീലി’യിലെ ഈണങ്ങൾ പിറന്നതു ദുഃഖസാന്ദ്രമായ ആ മനസ്സിൽനിന്നായിരുന്നു.

എത്രലക്ഷം കോപ്പി വിറ്റുവെന്നു കൃത്യമായ കണക്കുപോലും കാണില്ല. ഭക്തിഗാനമെന്നതിനേക്കാൾ ലളിതഗാനമായാണു മലയാളികൾ ഇത് ആസ്വദിച്ചതെന്നു കരുതാം.. മനോഹരമായ രചനയും സംഗീതവും സുഭഗമായ ആലാപനവും ഒത്തിണങ്ങിയ ആൽബം.

മയിൽപ്പീലി ആൽബത്തിലെ മറ്റ് എട്ടു പാട്ടിൽനിന്ന് തികച്ചും ഭിന്നമാണ്

‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ 

ഞാൻ പാടും ഗീതത്തോടാണോ

പറയൂ നിനക്കേറ്റം ഇഷ്ടം പക്ഷേ,

പകൽപോലെ ഉത്തരം സ്പഷ്ടം’ എന്ന സംഗീതം. മറ്റുള്ളവയേക്കാൾ അയഞ്ഞ, ആഹ്ലാദഭരിതമായ ഈണം. ഈ വ്യത്യാസത്തിന്റെ രഹസ്യം ജയൻ വെളിപ്പെടുത്തുന്നു. 

‘പാട്ടുകൾ ചെയ്ത് ഏതാണ്ട് അർധരാത്രി ആയപ്പോൾ അൽപം വിശ്രമിക്കാനിരുന്നു. അപ്പോൾ രമേശൻ നായർ ടിവി ഓൺ ചെയ്തു. ടിവിയിൽ ഒരു ഗസലാണ് കണ്ടത്. ആ ഈണം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. 

അതിന്റെ സ്വാധീനത്തിൽ ഞാൻ അപ്പോൾത്തന്നെ ഉണ്ടാക്കിയ ട്യൂണാണ് ‘രാധതൻ പ്രേമത്തോടാണോ....’. അത് ഏത് ഹിന്ദുസ്ഥാനി രാഗമാണെന്ന് എനിക്ക് ഇന്നും അറിയില്ല. ആഭേരിയുടെ ഛായ ഉണ്ടെന്നു മാത്രം.’

ആൽബത്തിൽ ട്യൂണിട്ടിട്ട് എഴുതിയ ഏകഗാനവും ഇതുതന്നെ. മറ്റെല്ലാം രചനയ്ക്കൊത്തുള്ള സംഗീതമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com