ADVERTISEMENT

എസ്.ജാനകി: സ്വരലയ ലാവണ്യത്തിൽ മനം മയക്കി പാട്ടുകൾ ആവർത്തിച്ചു കേൾക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്ന നാദവിസ്മയം, ആ നാവിൻ തുമ്പിൽ നിന്നുതിർന്ന തൃമധുരം ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്കു പുതുമഴ പോലെ പെയ്തിറങ്ങി. ഉച്ചാരണ പിശകുകൾക്ക് അവസരം കൊടുക്കാതെ ഓരോ ഭാഷയുടെയും മൂല്യങ്ങളുൾക്കൊണ്ട് വാക്കുകൾ ഹൃദിസ്ഥമാക്കി പാടുന്ന തെന്നിന്ത്യൻ പൂങ്കുയിലിന് ഇന്ന് 86ാം പിറന്നാൾ. പതിനെട്ടു ഭാഷകളിലായി നാൽപതിനായിരത്തിലേറെ ഗാനങ്ങൾക്കു ജാനകി ഇതിനകം സ്വരമായിക്കഴിഞ്ഞു. മാതൃത്വത്തിന്റെ മധുരവും കാമുകിയുടെ വശ്യതയുമെല്ലാം ഉൾക്കൊണ്ടു ജാനകി പാടിയപ്പോൾ തലമുറകൾക്കാകെ അത് ജീവരാഗമായി. വയസ്സ് 86 തികയുമ്പോഴും ആ സ്വരത്തിന് ഇന്നും കൗമാരത്തിന്റെ ശാലീനത തന്നെ.

janaki3
എസ്.ജാനകി

1938ൽ ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിൽ ഏപ്രിൽ 23 നു സിസ്തല ശ്രീരാമമൂർത്തിയുടെയും സത്യവതിയുടെയും മകളായി എസ്.ജാനകി ജനിച്ചു. ചെറു പ്രായത്തിൽത്തന്നെ സംഗീതവാസന പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശരിയായ സംഗീതവിദ്യാഭ്യാസം ലഭിച്ചില്ല. രണ്ടോ മൂന്നോ മാസം പൈദിസ്വാമി എന്ന നാദസ്വരവിദ്വാനു കീഴിൽ പഠിക്കാൻ ശ്രമിച്ചുവെങ്കിലും ആ ഗുരുനാഥൻ, നിനക്ക് എല്ലാം ഭഗവാൻ നൽകി അനുഗ്രഹിച്ചിട്ടുണ്ടെന്നു പറഞ്ഞു. ഇതാണ് എസ്.ജാനകിയുടെ സംഗീത വിദ്യാഭ്യാസം.

1956ൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിതഗാനമത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അന്നത്തെ ഇന്ത്യൻ പ്രസിഡന്റിൽ നിന്നു പുരസ്കാരം വാങ്ങിയതോടെ ജാനകിയുടെ ഭാഗ്യതാരകം ഉദിച്ചു തുടങ്ങി. 1957ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ വർഷം തന്നെ അഞ്ചു ഭാഷാചിത്രങ്ങളിൽ പാടി. തമിഴിലായിരുന്നു തുടക്കം.

janaki6
കെ.ജെ.യേശുദാസിനൊപ്പം എസ്.ജാനകി

‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ..’ എന്ന ഗാനമാണ് മലയാളത്തിൽ ജാനകി ആദ്യം പാടിയത്. തുടർന്ന് എത്രയോ ഗാനങ്ങൾ. മലർക്കൊടി പോലെ, തുമ്പീ വാ, സന്ധ്യേ, ആടി വാ കാറ്റേ, നാഥാ നീ വരും, കിളിയേ കിളിയേ, കണ്ണു കണ്ണും, മോഹം കൊണ്ടു ഞാൻ എന്നിങ്ങനെ ആ വിശ്രുത ഗായികയെ അടയാളപ്പെടുത്തുന്ന പാട്ടുകൾ നിരവധി.

janaki1
എസ്.ജാനകി

പതിറ്റാണ്ടുകൾ നീണ്ട സംഗീത സപര്യയിൽ അനവധി പുരസ്കാരങ്ങളും ജാനകിയെ തേടിയെത്തി. നാലു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം, നാൽപത്തിയൊന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ, മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ്, കലൈമാമണി പുരസ്കാരം, സുർസിങ്ങർ ബിരുദം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ സ്വന്തമാക്കി.

janki5
എസ്.ജാനകി

എസ്.ജാനകിക്ക് ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡുകൾ ലഭിച്ചത് മലയാളത്തിൽ നിന്നുമാണ്. പാടിത്തുടങ്ങിയ വർഷം മുതൽ ഗായിക മലയാളത്തിലുണ്ട്. പാട്ടിൽനിന്നു വിരമിച്ചതും മലയാളത്തിൽ നിന്നു തന്നെ. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്കെത്തുന്നത് ജാനകിയിലൂടെയാണ്. ജാനകിയമ്മയെക്കുറിച്ച് ആധികാരികമായി ഒരു പുസ്തകമിറങ്ങിയതും മലയാളത്തിൽ തന്നെ. ‘ആലാപനത്തിലെ തേനും വയമ്പും’ എന്ന േപരിലുള്ള പുസ്തകം അഭിലാഷ് പുതുക്കാട് ആണ് രചിച്ചത്. നിത്യ നിർവൃതി നൽകി തലമുറകളെ പാട്ടിലാക്കിയ ജാനകിയമ്മയ്ക്കു പിറന്നാൾ മംഗളങ്ങൾ.

English Summary:

S Janaki celebrates 86th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com