ADVERTISEMENT

പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ഇളയരാജ നൽകിയ ഹർജിയിൽ നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഇളയരാജ ഈണം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് കോടതി പറഞ്ഞു. വരികളില്ലാതെ പാട്ടുകളുണ്ടാകില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും പാട്ടിൽ അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആർ.മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇളയരാജ ഈണം നൽകിയ 4500 പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സ്വകാര്യ റെക്കോർഡിങ് കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

ഇളയരാജ ചിട്ടപ്പെടുത്തിയ 4500 പാട്ടുകൾ വിവിധ സിനിമാ നിർമാതാക്കളിൽ നിന്നു എക്കോ കമ്പനി വാങ്ങിയിരുന്നു. ഇതിനെതിരായ ഹർജിയിൽ, പാട്ടുകളുടെ പകർപ്പവകാശം ഇളയരാജയ്ക്കാണെന്ന് 2019ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഇതിനെ എതിർത്താണ് കമ്പനി അപ്പീൽ സമർപ്പിച്ചത്. സിനിമയിലെ പാട്ടുകൾക്കു സംഗീതം നൽകാൻ സംഗീതസംവിധായകനെ നിർമാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിർമാതാവിന് ലഭിക്കുമെന്ന് റെക്കോർഡിങ് കമ്പനിയുടെ അഭിഭാഷകൻ വാദിച്ചു.

പാട്ടിന്റെ ഈണത്തിനു മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികൾ, ശബ്ദം, വാദ്യങ്ങൾ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, സംഗീതത്തിനുമേൽ ഈണം നൽകിയയാൾക്കു തന്നെയാണ് അവകാശമെന്ന് ഇളയരാജയുടെ അഭിഭാഷകൻ വാദമുന്നയിച്ചു. ഈണത്തിനുമേൽ അവകാശമുണ്ടെങ്കിലും പാട്ടിനു മേലുള്ള പൂർണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്നു നിരീക്ഷിച്ച കോടതി, വരികളില്ലാതെ പാട്ടുണ്ടാകുമോയെന്നും ചോദിച്ചു.

ഹർജിയിൽ വിശദമായി വാദം കേൾക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, ജൂൺ രണ്ടാംവാരം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. മുമ്പ് ഈ കേസ് പരിഗണിച്ചപ്പോൾ സംഗീതത്തിൽ ഇളയരാജ എല്ലാവർക്കും മുകളിലാണെന്നു കരുതേണ്ടെന്ന് ഇതേ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. താൻ എല്ലാവരെയുംകാൾ മുകളിലാണെന്ന് വാദിച്ച ഇളയരാജയ്ക്കു മറുപടി നൽകുകയായിരുന്നു കോടതി.

English Summary:

Madras High Court's statement on Ilaiyaraaja copyright battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com