ADVERTISEMENT

ചില അപൂർവ രാത്രികൾ അങ്ങനെയെളുപ്പം പുലർന്നു മാഞ്ഞുപോകാനുള്ളതല്ല, പ്രണയം ആദ്യമായ് ഉടൽ തൊട്ടറിഞ്ഞതിന്റെ തരിപ്പും തളിർപ്പും നിറഞ്ഞൊരു പ്രിയരാത്രി ഏതു പെണ്ണിനാണു മറക്കാനാകുക? അതുവരെ, അവളുടേതെന്നു മാത്രം കരുതിയൊരു ഉടലിന് ആണൊരുത്തൻ കൂടി അവകാശിയായ രാത്രി. അവളിലെ പെൺമയ്‌ക്കൊരു പ്രണയസിന്ദൂരം തൊട്ട രാത്രി. പരോൾ കഴിഞ്ഞു തടവറയിലെ ഇരുളഴികളിലേക്കു മടങ്ങിപ്പോകുമ്പോൾ ഓർമിക്കാനും ഓമനിച്ചെടുത്തുവയ്‌ക്കാനും ഇന്ദിരയ്‌ക്കു വേറൊന്നുമില്ലായിരുന്നു, ആ രാത്രിയുടെ നിലാച്ചന്തമല്ലാതെ. ഇന്ദിരയെ മറന്നോ? ഹരിഹരന്റെ ‘പഞ്ചാഗ്നി’ എന്ന ചിത്രത്തിലെ സമരനായിക. റഷീദ് എന്ന ചെറുപ്പക്കാരൻ ഒറ്റരാത്രികൊണ്ട് ഒരു ജന്മത്തിലേക്കു മുഴുവൻ കൂട്ടുവിളിച്ചൊരു പ്രണയനായിക. 

ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട ഒരു കൊലപ്പുള്ളിക്കു പരോൾ അനുവദിച്ചു കിട്ടിയ ഏതാനും ദിവസങ്ങളായിരുന്നു അത്. അനുഭവിച്ചു തീർക്കാൻ എത്രായിരം കനവുകളുമായാണ് ഇന്ദിര തടവറയ്‌ക്കു പുറത്തെ വെയിൽവെളിച്ചത്തിലേക്കു കടന്നു വന്നത്. പക്ഷേ പരോളിനെത്തിയ അവളെ കാത്തിരുന്ന കാഴ്‌ചകൾക്കു തിളക്കം കെട്ടിരുന്നു. കയ്യാലപ്പുറങ്ങളിൽ നിന്ന് അവൾക്കു നേരെ കുത്തുവാക്കുകളും കരിങ്കണ്ണുകളും നീണ്ടു. ഇന്ദുവിന്റെ വീണ്ടുവരവ് ആരും ആഗ്രഹിച്ചിരുന്നില്ലെന്നു തോന്നിപ്പിക്കും വിധം മനംമടുപ്പും പിറുപിറുപ്പും നിറഞ്ഞു നിന്നിരുന്നു എല്ലായിടത്തും. അതുകൊണ്ടുതന്നെ, പ്രിയപ്പെട്ടവരോട് ഒരു വാക്കു യാത്ര പറയാൻ പോലും നിൽക്കാതെ തിരിച്ചുനടക്കുകയാണ് ഇന്ദിര. എങ്ങോട്ടെന്നില്ലാത്ത ആ ഇറങ്ങിനടപ്പ് അവസാനിക്കുന്നത് റഷീദ് എന്ന ചെറുപ്പക്കാരന്റെ വീട്ടുപടിക്കലാണ്. മുൻപെപ്പോഴോ കണ്ടു പരിചയപ്പെട്ടപ്പോൾ അയാൾ കൊടുത്ത ആ വീട്ടുവിലാസം അവൾ മറന്നിരുന്നില്ല. 

അയാളുടെ വീട് അവൾക്കൊരു ഇടത്താവളമാകുകയായിരുന്നു. നീണ്ടുനീണ്ടു പോകുന്നൊരു ജീവപര്യന്തം തടവുശിക്ഷയ്‌ക്കിടയിൽ ജീവിക്കണമെന്നു കൊതി തോന്നിപ്പിച്ച അപൂർവനിമിഷങ്ങൾ.. തടവറയിലേക്കു പിൻനടക്കുംമുൻപുള്ള അവസാന പുലരിയിൽ അവൾ കൺതുറന്നത് റഷീദിനൊപ്പമായിരുന്നു. ആ രാത്രിയിൽ അവർ കണ്ടത് ഒരേ സ്വപ്‌നമായിരുന്നു. ഇനിയൊരിക്കലും പുലരാത്ത പകലുകളിലേക്കും പുണരാത്ത രാത്രികളിലേക്കും ഉടൽ വേർപെടുത്തി യാത്ര പറയുമ്പോൾ അവരുടെ രണ്ടുപേരുടെയും ഇടനെഞ്ചിൽ ഒരോ നോവിന്റെ ഒരേ മുറിവാഴമായിരുന്നു.. അതുകൊണ്ടായിരിക്കാം ഓരോവട്ടവും ഈ പാട്ട് കേൾക്കുമ്പോൾ ആ രാത്രി ഒരിക്കലും മാഞ്ഞുപോകാതിരുന്നെങ്കിൽ എന്നു വെറുതെ മോഹിച്ചുപോകുന്നത്... ഒഎൻവി കുറുപ്പിന്റെ വരികൾക്ക് ബോംബെ രവിയുടെ സംഗീതം. കെ.ജെ.യേശുദാസിന്റെ ആലാപനം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ പ്രധാനകഥാപാത്രങ്ങളായെത്തിയത് മോഹൻലാലും ഗീതയും... ഈ രാത്രിഗാനം പ്രിയപ്പെട്ടതാകാൻ അങ്ങനെ എത്രയെത്ര കാരണങ്ങൾ വേറെയും... 

ഗാനം: സാഗരങ്ങളേ... 

ചിത്രം: പഞ്ചാഗ്നി

രചന: ഒഎൻവി

സംഗീതം: ബോംബെ രവി

ആലാപനം: കെ.ജെ.യേശുദാസ്

സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ

സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ

പോരൂ നീയെൻ ലോലമാമീ ഏകാതാരയിൽ ഒന്നിളവേല്‍ക്കൂ ഒന്നിളവേല്‍ക്കൂ

ആ ആ ആ ആ

(സാഗരങ്ങളേ…)

 

പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ (2)

കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോൾ

വീണ്ടും തഴുകി തഴുകി ഉണർത്തും

സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ

ആ ആ ആആ

(സാഗരങ്ങളേ…)

 

കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ തെന്നൽ മദിച്ചു പാടുന്നൂ (2)

ഈ നദി തൻ മാറിലാരുടെ കൈവിരൽപ്പാടുകൾ പുണരുന്നൂ

പോരൂ തഴുകി തഴുകി ഉണർത്തൂ

മേഘരാഗമെൻ ഏകതാരയിൽ

ആ ആ ആആ

(സാഗരങ്ങളേ…)

English Summary:

sagarangale padi unarthiya song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com