'എന്ത് രസാണ് കേൾക്കാനും കാണാനും'; പരം പരം പരം പരമസുന്ദരി പാടി കയ്യടി നേടി മഞ്ജു വാരിയർ
Mail This Article
വനിത ഫിലിം അവാർഡ്സ് വേദിയിൽ ആടിപ്പാടി മഞ്ജു വാരിയർ. മിമി എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടി എ.ആർ റഹ്മാൻ ഒരുക്കിയ 'പരം പരം പരം പരമസുന്ദരി' എന്ന സൂപ്പർഹിറ്റ് ഗാനമാണ് വേദിയിൽ മഞ്ജു പാടി അവതരിപ്പിച്ചത്. ഗാനരംഗത്തിലെ സിഗ്നേച്ചർ ചുവടു വച്ചു കൊണ്ടായിരുന്നു ആരാധകരുടെ മനം കവർന്ന മഞ്ജുവിന്റെ പ്രകടനം.
മലയാളത്തിന്റെ പരമസുന്ദരി ബോളിവുഡിലെ പരമസുന്ദരി ഗാനം പാടുന്നതു കാണാനും കേൾക്കാനും എന്തൊരു രസമാണെന്നാണ് ആരാധകരുടെ പ്രതികരണം. സിംപിൾ–ക്ലാസി വേഷത്തിലെത്തിയ മഞ്ജു, അനായാസമായി വേദിയിൽ ആടിപ്പാടി കയ്യടി നേടി. മിമി എന്ന ചിത്രത്തിനു വേണ്ടി ശ്രേയാ ഘോഷാൽ ആലപിച്ച ഗാനമാണ് പരം പരം പരം പരമസുന്ദരി. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികൾ.
പുരസ്കാരനിശകളിൽ ഒറ്റയ്ക്കും മറ്റു ഗായകർക്കൊപ്പവും മഞ്ജു വാരിയർ പാട്ടുകൾ പാടാറുണ്ട്. പലപ്പോഴും ലളിതമായ ഗാനങ്ങളാണ് മഞ്ജു വേദിയിൽ പാടുന്നതിനു തിരഞ്ഞെടുക്കാറുള്ളത്. ഇതാദ്യമായാണ് എ.ആർ റഹ്മാൻ ഈണം നൽകിയ ഗാനം മഞ്ജു ഒരു പൊതുവേദിയിൽ ആലപിക്കുന്നത്. അഭിനയം മാത്രമല്ല സംഗീതവും തനിക്കു വഴങ്ങുമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് മലയാളികളുടെ പ്രിയതാരം. മഞ്ജുവിന്റെ പ്രകടനത്തിന് നൂറിൽ നൂറു മാർക്കാണ് ആരാധകർ നൽകുന്നത്.
അതേസമയം, മഞ്ജുവിന്റെ ഹിന്ദി ഉച്ചാരണത്തെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും വിഡിയോയ്ക്കു താഴെ പ്രത്യക്ഷപ്പെട്ടു. എന്നാൽ, മഞ്ജു അറിയുന്ന പോലെ ആസ്വദിച്ചു പാടിയല്ലോ എന്നാണ് ഈ വിമർശനത്തിന് ആരാധകർ നൽകുന്ന മറുപടി.