സുഷിൻ ശ്യാമിന്റെ ശബ്ദത്തിൽ ‘പ്രേമലോല’; ട്രെൻഡിങ്ങായി ഗാനം
Mail This Article
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘പ്രേമലോല’ എന്ന പേരിൽ പുറത്തിറക്കിയ പാട്ടിനു വൈശാഖ് സുഗുണൻ ആണ് വരികള്‍ കുറിച്ചത്. ഡോൺ വിൻസെന്റ് ഈണമൊരുക്കിയ ഗാനം, സംഗീതസംവിധായകൻ സുഷിന്‍ ശ്യാം ആലപിച്ചു.
പാട്ട് ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങൾ നേടുന്ന പാട്ട്, ട്രെൻഡിങ്ങിലും മുൻനിരയിലുണ്ട്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകെ 8 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മറ്റുള്ളവയ്ക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ചിത്ര നായരും രാജേഷ് മാധവനും നായികാ–നായകന്മാരായെത്തുന്ന ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. കുഞ്ചാക്കോ ബോബനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ചിത്രീകരിച്ചത്. വലിയ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ്.കെ, വിവേക് ഹർഷൻ എന്നിവർ സഹ നിർമാതാക്കളാകുന്നു. മേയ് 16ന് ചിത്രം പ്രദർശനത്തിനെത്തും.