ADVERTISEMENT

തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച് പുരസ്കാര നിശയിൽ മഡോണ സെബാസ്റ്റ്യന്റെ തകർപ്പൻ പാട്ട്. അന്യൻ സിനിമയിലെ സൂപ്പർഹിറ്റ് ഗാനം 'കണ്ണും കണ്ണും നോക്കിയ' എന്ന ഗാനമാണ് ആരാധകർക്കായി മഡോണ ആലപിച്ചത്. താരത്തിന്റെ ആലാപനം തമിഴ് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. മഡോണ ഇത്രയും നന്നായി പാടുമോ എന്നായിരുന്നു ആരാധകരുടെ പ്രതികരണം. 

ഗലാട്ട ഗോൾഡൻ സ്റ്റാർ പുരസ്കാരവേദിയിലായിരുന്നു മഡോണയുടെ ഗംഭീര പ്രകടനം. തമിഴ് ചിത്രം ലിയോയിലെ അഭിനയത്തിന് എന്റർടെയ്നർ ഓഫ് ദി ഇയർ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ മഡോണ തമിഴകം നൽകുന്ന സ്നേഹത്തെക്കുറിച്ച് വാചാലയായി. "എന്റെ കരിയർ തുടങ്ങിയ 2015 മുതൽ തന്നെ എന്നോടു സ്പെഷൽ സ്നേഹം കാണിക്കുന്നവരാണ് തമിഴ് മക്കൾ. ഇതു നിങ്ങൾ മനസിലാക്കണം എന്നെനിക്കു തോന്നി. ഇതു ഞാൻ വെറുതെ പറയുന്നതല്ല. കാതലും കടന്തുപോകും ആണ് എന്റെ ആദ്യ തമിഴ് ചിത്രം. അതു മുതൽ ലിയോ വരെ തമിഴ് പ്രേക്ഷകർ എനിക്കു നൽകിയ സ്നേഹം എനിക്കു വലിയ പ്രചോദനമായിരുന്നു. ഒരുപാട് കടപ്പാടുണ്ട്. എനിക്കു വേണ്ടി ഒരു സെക്കൻഡെങ്കിലും ചിലവഴിച്ചിട്ടുള്ള എല്ലാവർക്കും നന്ദി," മഡോണ പറഞ്ഞു. 

ലിയോയിൽ തമിഴ് സൂപ്പർതാരം വിജയ്‍ക്കൊപ്പം ചുവടു വച്ച അനുഭവവും മഡോണ പങ്കുവച്ചു. "എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചാണ് വിജയ് സാറിനൊപ്പമുള്ള ഡാൻസ് നമ്പറിന്റെ ഷൂട്ടിന് പോയത്. നല്ല പേടിയുണ്ടായിരുന്നു. അദ്ദേഹം എത്ര കിടിലൻ ഡാൻസറാണെന്നത് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. ഞാൻ ഡാൻസ് ചെയ്യുന്നതു കണ്ട് അദ്ദേഹം അടുത്തു വന്നു പറഞ്ഞു, നല്ല സ്റ്റൈൽ ഉണ്ടല്ലോ എന്ന്. ആ വാക്കുകൾ എനിക്ക് വിലപ്പെട്ടതാണ്." 

ഒരു പാട്ടു പാടാമോ എന്ന അവതാരകയുടെ അഭ്യർത്ഥനയ്ക്ക് അന്യൻ സിനിമയിലെ ഫാസ്റ്റ് നമ്പർ പാടിയാണ് മഡോണ കയ്യടി നേടിയത്. മഡോണയുടെ ആലാപനത്തിന്റെ സ്റ്റൈലും ഉച്ചാരണവും അതിഗംഭീരമാണെന്നാണ് ആരാധകരുടെ പക്ഷം. മഡോണയുടെ പാട്ടും വർത്തമാനവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മലയാള ചിത്രം പ്രേമത്തിലൂടെ സിനിമയിലെത്തിയ മഡോണ നല്ലൊരു ഗായിക കൂടിയാണ്. ദീപക് ദേവ്, ഗോപി സുന്ദർ തുടങ്ങിയ പല സംഗീത സംവിധായകർക്കായും മഡോണ ട്രാക്ക് പാടിയിട്ടുണ്ട്.  യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിലാണ് മഡോണ ആദ്യമായി പിന്നണി പാടിയത്. 

English Summary:

Madonna sang the super hit song 'Kannum Kannum Nokia' from the movie Anyan for her fans. The star's singing became a big talk among Tamil fans. The reaction of the fans was whether Maradona could sing so well.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com