ADVERTISEMENT

പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഗായികയും സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മൂത്ത മകളുമായ ഖദീജ റഹ്മാൻ. ആദ്യമായാണ് ഒറ്റയ്ക്കൊരു ഫോട്ടോഷൂട്ടിനു തയാറാകുന്നതെന്നും അതു തീർത്തും അവിശ്വസനീയവും മറക്കാനാകാത്തതുമായ അനുഭവമായിരുന്നുവെന്നും ഖദീജ തുറന്നു പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഖദീജ പങ്കുവച്ച ‘കളർഫുൾ’ ചിത്രങ്ങൾ ഇതിനകം ശ്രദ്ധ നേടി. ഖദീജയുടെ ഫോട്ടോഷൂട്ട് ആരാധകർക്ക് വേറിട്ട കാഴ്ചയാവുകയാണ്. 

ഹിജാബ് ധരിച്ച് അതിനു മുകളിൽ പൂക്കൾ അണിഞ്ഞാണ് ഖദീജ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മുത്തുകൾ കോർത്തൊരുക്കിയ മാലയും വസ്ത്രത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്നു. ചുവന്ന മാസ്ക് വച്ചു മുഖം മറച്ച ഖദീജ, കളർഫുൾ മേക്കപ് ആണ് ചെയ്തിരിക്കുന്നത്. നെറ്റിയിലും കൺപോളകളിലും കവിളിന്റെ മുകൾ വശങ്ങളിലുമായി വെള്ള, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ കൊണ്ട് ചെറുചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കണ്ണുകൾ അടച്ചും തുറന്നും തീക്ഷ്ണമായി നോക്കിയും ഖദീജ ചിത്രങ്ങൾക്കു പോസ് ചെയ്തു. 

khatija2
ഖദീജ റഹ്മാൻ (ഇൻസ്റ്റഗ്രാം)

‘ആലോചനകളുടെ ചിന്താഭാരമുള്ള കാലത്തിലൂടെയായിരുന്നു കഴിഞ്ഞ കുറേയേറെ നാളുകളായി ഞാൻ കടന്നുപൊയ്ക്കൊണ്ടിരുന്നത്. എന്റെ ചില പ്രധാന സൃഷ്ടികൾ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടെ ഒരു ഇടവേള അനിവാര്യമാണെന്നു തോന്നിയപ്പോൾ ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്താമെന്നു തീരുമാനിച്ചു. വലിയ ആത്മപരിശോധനയ്ക്കു ശേഷം, ഒരു വർഷത്തിനിപ്പുറം ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടാനുള്ള ധൈര്യവും സമയവും ഞാൻ സംഭരിച്ചു. അങ്ങനെയാണ് പ്രകൃതി മാതാവിൽ നിന്നുള്ള നിറങ്ങൾ ഞാൻ അണിഞ്ഞത്. ഈ ചിത്രങ്ങൾ എന്റെ വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും ശക്തികളെയും പുനർനിർവചിക്കുന്ന ഒരു യാത്രയെ അടയാളപ്പെടുത്തുന്നു. യാതൊന്നും ചിന്തിക്കാതെയാണ് ഈ വർണങ്ങൾ ഞാൻ തിരഞ്ഞെടുത്തതും അണിഞ്ഞതും. കൂടെ നിന്ന എന്റെ സംഘാംഗങ്ങൾക്കു നന്ദി’, ചിത്രങ്ങൾ പങ്കിട്ട് ഖദീജ കുറിച്ചു. 

khatija3
ഖദീജ റഹ്മാൻ (ഇൻസ്റ്റഗ്രാം)

സമൂഹമാധ്യമ ലോകത്തിന് ഏറെ സുപരിചിതയാണ് ഖദീജ റഹ്മാൻ. 2020ൽ ‘ഫരിശ്തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ സംഗീതമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമായിരുന്നു അത്. മുന്ന ഷൗക്കത്ത് അലിയാണ് പാട്ടിനു വരികൾ കുറിച്ചത്. ‘ഫരിശ്തോ’ സംഗീതലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ ഗാനത്തിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റർനാഷനൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരവും ഖദീജ നേടിയിരുന്നു. ‘മിൻമിനി’ എന്ന ചിത്രത്തിലൂടെ സംഗീതസംവിധാനത്തിലും ഖദീജ ഹരിശ്രീ കുറിച്ചു. മുകേഷ് നായകനായെത്തിയ ഫിലിപ്സിലെ ‘വിഴിഗൽ സേരാ’ എന്നു തുടങ്ങുന്ന ഗാനത്തിനു പിന്നണി പാടിയതും ഖദീജയാണ്. 

khatija4
ഖദീജ റഹ്മാൻ (ഇൻസ്റ്റഗ്രാം)
English Summary:

Khatija Rahman shares new pictures in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com