ADVERTISEMENT

"അസ്ഥികൾക്കുള്ളിൽ ഒരുന്മാദവിസ്മൃതി തൻ അജ്ഞാതസൗരഭം പടർന്നുകേറി; അതുവരെ അറിയാത്ത പ്രാണഹർഷങ്ങളിൽ അവളുടെ താരുണ്യം അലിഞ്ഞിറങ്ങീ...."

വരികളുടെ സാരാംശവും നിഗൂഢമായ അർഥതലങ്ങളുമൊന്നും അറിയില്ല. പ്രായം അത്രയല്ലേ ഉള്ളൂ. പക്ഷേ ഒന്ന് തീർച്ച. സംഗതി പ്രണയമാണ്, അതിതീവ്രമായ പ്രണയം. ആദ്യകേൾവിയിൽ തോന്നിയ പ്രണയാനുഭൂതി അതേ അളവിൽ  അനുഭവിക്കുന്നു അന്നത്തെ സ്‌കൂൾ കുട്ടി, അര നൂറ്റാണ്ടിനിപ്പുറം ഇന്നും ആ പാട്ട് കേൾക്കുമ്പോൾ. അർഥം അറിഞ്ഞുകൊണ്ടാണിപ്പോൾ ആസ്വാദനം എന്ന വ്യത്യാസം മാത്രം.

"അയലത്തെ സുന്ദരി" (1974) യിലെ "ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോഴൊരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു" എന്ന ഗാനം ആദ്യം കേട്ടത് വീട്ടിലെ ഫിലിപ്സ് ട്രാൻസിസ്റ്ററിൽ നിന്നാണ്. കാറ്റും മഴയുമുള്ള ഒരു രാത്രി തരംഗമാലകൾ പോലെ ഒഴുകിയെത്തിയ പാട്ട്. മനസ്സിലൊരു മനോഹര ചിത്രമുണ്ടായിരുന്നു അപ്പോൾ. അന്നത്തെ കൗമാര ഹൃദയങ്ങളുടെ രോമാഞ്ചമായ ജയഭാരതിയെ പാട്ടു പാടി പിന്തുടരുന്ന നിത്യഹരിത നായകന്റെ ചിത്രം. വർഷങ്ങൾക്കു ശേഷമാണ് "അയലത്തെ സുന്ദരി" സ്‌ക്രീനിൽ കണ്ടത്. പണ്ട് മനസ്സിൽ സങ്കല്പിച്ച ഗാനരംഗം അതേ ഭാവതീവ്രതയോടെ ചിത്രീകരിച്ച സംവിധായകൻ ഹരിഹരനെ നമിച്ചുപോയി അപ്പോൾ.

"അധരം കൊണ്ടധരത്തിൽ അമൃതു നിവേദിക്കും അസുലഭനിർവൃതി അറിഞ്ഞൂ ഞാൻ" എന്നെഴുതിയ കവിയോടു പിൽക്കാലത്തൊരിക്കൽ ചോദിച്ചിട്ടുണ്ട്: "പ്രണയവിവശനായ ഒരു കാമുകനുണ്ടല്ലോ ഈ വരികളിൽ? ആരെയോ മനസ്സിൽ കണ്ടുകൊണ്ടെഴുതിയതല്ലേ ഈ പാട്ട്?"

മങ്കൊമ്പ് ഗോപാലകൃഷ്ണൻ ചിരിച്ചു. "അങ്ങനെ തോന്നിയോ? ശരിയാണ്. ഒരു കൗമാരപ്രണയത്തിന്റെ നിഴൽ പതിഞ്ഞുകിടക്കുന്നുണ്ട് ആ പാട്ടിൽ. സംവിധായകൻ ഹരിഹരൻ വിവരിച്ചു തന്ന കഥാസന്ദർഭം മനസ്സിൽ കണ്ടുകൊണ്ടാണ് എഴുതിയതെങ്കിലും ആ പഴയ അനുഭവം അറിയാതെ വന്നു വരികളിൽ നിറയുകയായിരുന്നു. പഠിക്കുന്ന കാലത്താണ്. എനിക്കന്ന് പതിനേഴോ പതിനെട്ടോ പ്രായം. ബന്ധു കൂടിയായ കുറച്ചു മുതിർന്ന ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അത്യാവശ്യം വായനയൊക്കെ ഉള്ള ആളാണ്. എന്റെ കവിതകളൊക്കെ വായിച്ച് അഭിപ്രായം പറയും. ആ അടുപ്പമാണ് നിശബ്ദ പ്രണയമായി വളർന്നത്. സഫലമാകാതെ പോയ പ്രണയം."

പാട്ടിലെ അമ്പലവും ലക്ഷാർച്ചനയുമൊക്കെ ആ പ്രണയസ്മൃതികളുടെ ഭാഗമാണെന്നു പറയുന്നു മങ്കൊമ്പ്. "ചെന്നൈയിലെ ആർകെ ലോഡ്ജിലിരുന്നാണ് പാട്ടെഴുതിയത്. വരികൾ വായിച്ചു നോക്കിയപ്പോൾ തന്നെ ഹരിഹരന് ഇഷ്ടപ്പെട്ടു. നല്ല സംഗീതജ്ഞാനമുള്ള ആളാണ് ഹരിഹരൻ. സ്വന്തം സിനിമകളിലെ ഗാനചിത്രീകരണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുമുണ്ട്‌. അതുകൊണ്ടാവണം ആ രംഗം അത്രയും മനോഹരമായത്."

"ലക്ഷാർച്ചന"യുടെ ചിത്രീകരണത്തെക്കുറിച്ച് ഹരിഹരൻ പങ്കുവച്ച രസികൻ കഥ ഓർമ വന്നു അപ്പോൾ. തിരക്കഥയിൽ ഇല്ലാത്ത ഒരു  ചുംബനത്തിൽ നിന്നാണത്രെ ആ ഗാനചിത്രീകരണത്തിന്റെ തുടക്കം. ചുംബിച്ചത് പ്രേംനസീർ; ചുംബനം ഏറ്റുവാങ്ങിയത് ജയഭാരതി.  

"പ്രണയ പരിഭവമാണ് നായികയുടെ മുഖത്ത് വേണ്ടത്. ആ ഭാവം പരമാവധി റിയലിസ്റ്റിക് ആക്കാൻ, പാടി അഭിനയിച്ചു തുടങ്ങും മുൻപ് അപ്രതീക്ഷിതമായി നായികയെ ഉമ്മ വയ്ക്കണമെന്ന് നസീർ സാറിനെ ചട്ടം കെട്ടുകയായിരുന്നു ഞാൻ."- ഹരിഹരന്റെ വാക്കുകൾ. "കാമുകിയുടെ പ്രതികരണം തികച്ചും സ്വാഭാവികമാകണം എന്നുണ്ടായിരുന്നതിനാൽ അക്കാര്യം ഭാരതിയോടു മുൻകൂട്ടി പറഞ്ഞില്ലെന്നു മാത്രം. പറഞ്ഞപോലെ തന്നെ പ്രേംനസീർ പ്രവർത്തിച്ചു. ആ ഉമ്മയുടെ ആഘാതത്തിൽ ജയഭാരതിയുടെ കണ്ണ് നിറയുന്നിടത്തു നിന്നാണ് പാട്ട് തുടങ്ങുന്നത്''. ഹരിഹരൻ ഓർക്കുന്നു. ഉമ്മയ്ക്കു പിന്നിലെ "ഉദ്ദേശ്യശുദ്ധി'' വെളിപ്പെടുത്തിയപ്പോൾ ആദ്യം അതുൾക്കൊള്ളാൻ പ്രയാസമായിരുന്നു ജയഭാരതിക്ക്. രംഗം സ്‌ക്രീനിൽ കണ്ടപ്പോഴാണ് അവർക്ക് ആശ്വാസമായത്.

ശങ്കർ ഗണേഷ് ഈണമിട്ട ആ ഗാനം ശാരദ സ്റ്റുഡിയോയുടെ കണ്‍സോളിൽ ഇരുന്ന് യേശുദാസ് ആദ്യമായി പാടിക്കേട്ടതും പിന്നീട് ബെംഗളൂരുവിലെ ഒരു ഉദ്യാനത്തിൽ നസീർ അത് പാടി അഭിനയിക്കുന്നത് ക്യാമറക്കണ്ണിലൂടെ കണ്ടുനിന്നതും രോമാഞ്ചമുണർത്തിയ  അനുഭവങ്ങളാണെന്നു പറയും ഹരിഹരൻ. "അധരം കൊണ്ടധരത്തിൽ അമൃത് നിവേദിക്കും അസുലഭ നിർവൃതി അറിഞ്ഞൂ ഞാൻ എന്ന് യേശുദാസ് പാടുമ്പോൾ ഏതു കാമുകിയുടെ ഹൃദയമാണ് കോരിത്തരിക്കാത്തത്? പ്രേംനസീറിനും ഏറെ പ്രിയപ്പെട്ട പാട്ടായിരുന്നു ലക്ഷാർച്ചന. അവസാനത്തെ കൂടിക്കാഴ്ചയിൽ പോലും ആ പാട്ടിന്റെ  വരികൾ ഓർമയിൽ നിന്ന് എന്നെ പാടിക്കേൾപ്പിച്ചു അദ്ദേഹം..'' 

എം.എസ്.വിശ്വനാഥന്റെ ഓർക്കസ്ട്ര സഹായിമാരായി ഒതുങ്ങിക്കൂടുകയായിരുന്ന ശങ്കർ - ഗണേഷ് സഖ്യത്തിന് സംഗീത ജീവിതത്തിൽ നല്ലൊരു വഴിത്തിരിവായി മാറിയ ആ പാട്ടിന്റെ പശ്ചാത്തലത്തിൽ ഗിറ്റാർ വായിച്ചത് ആരെന്നു കൂടി അറിയുക-സാക്ഷാൽ  ഇളയരാജ. 

പുറത്തിറങ്ങിയ ഉടൻ മലയാളികൾ ഏറ്റെടുത്തു മൂളിനടന്ന പാട്ടായിരുന്നു "ലക്ഷാർച്ചന". ഒപ്പം ചില്ലറ വിവാദങ്ങളുമുണ്ടായി. പല്ലവിയിൽ മല്ലീശ്വരന്റെ പൂവമ്പു കൊണ്ടു എന്ന് എഴുതിയതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി മങ്കൊമ്പ്. മല്ലീശ്വരൻ സാക്ഷാൽ പരമശിവൻ ആയിരിക്കേ, അദ്ദേഹത്തിന് എങ്ങനെ പൂവമ്പ് തൊടുക്കാൻ കഴിയും? 

പാട്ടെഴുത്തുകാരന്റെ നിലപാട് മറ്റൊന്നാണ്: "പുഷ്പങ്ങളുടെ ദേവൻ കാമദേവൻ. ആ അർഥത്തിലാണ് മല്ലീശ്വരൻ എന്നു ഞാൻ പ്രയോഗിച്ചത്. അറിഞ്ഞുകൊണ്ട് തന്നെ എഴുതിയതാണ്. ശിവക്ഷേത്രത്തെ മല്ലീശ്വരൻ കോവിൽ എന്ന് വിളിക്കുന്നവരുണ്ടാകാം. പക്ഷേ ഇവിടെ പൂക്കളുടെ ദേവനായിട്ടേ മല്ലീശ്വരനെ കാണേണ്ടതുള്ളൂ..'' - മങ്കൊമ്പ് പറയുന്നു. "മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ട് കാമുകൻ കവർന്നെടു'' ത്തതിനെ കുറിച്ചും ഉണ്ടായിരുന്നു ചിലർക്ക് പരാതി. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തന്നെ അവയൊന്നും പാട്ടിന്റെ ജനപ്രീതിയെ ബാധിച്ചില്ല എന്നു വ്യക്തം. മലയാളത്തിൽ കേട്ട ഏറ്റവും ഹൃദയഹാരിയായ പ്രണയഗീതങ്ങളിൽ ഒന്നായി നിലനിൽക്കുന്നു ആ ഗാനം. "ഒരു  തലമുറ മുഴുവൻ എന്നെ അറിയുന്നത് ആ പാട്ടിന്റെ സ്രഷ്ടാവ് എന്ന നിലയ്ക്കാണ്. കൊച്ചിയിലെ എന്റെ വീടിന്റെ പേരും അതുതന്നെ - ലക്ഷാർച്ചന.''

ലക്ഷാർച്ചനയെ ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരെ ഇന്നും കണ്ടുമുട്ടാറുണ്ട്. "ഞങ്ങളുടെ പ്രണയത്തിന്റെ നിത്യസ്മാരകമാണ് ആ പാട്ട്."- അടുത്തിടെ ട്രെയിനിൽ വച്ച് പരിചയപ്പെട്ട ദമ്പതിമാർ പറഞ്ഞു. "മങ്കൊമ്പ് സർ അതിൽ എഴുതിവെച്ച എല്ലാമുണ്ട് ഞങ്ങളുടെ കഥയിൽ. അമ്പലവും ലക്ഷാർച്ചനയും ചുംബനവും എല്ലാം. ഇന്നും ആ പാട്ട് കേൾക്കുമ്പോൾ ആ നിമിഷങ്ങൾ ഓർമവരും...."

ഒരു പാട്ട് മാഞ്ഞുപോയ ഒരു കാലത്തെ, ഒരനുഭൂതിയെ വീണ്ടെടുക്കുന്ന മാജിക്. ഗാനരചയിതാവ് എന്ന നിലയിൽ ജീവിതം സാർഥകമായി എന്നു  തോന്നുക അത്തരം അനുഭവങ്ങൾ കേൾക്കുമ്പോഴാണെന്ന് മങ്കൊമ്പ്.

English Summary:

Laksharchana Kandu Madangumbol song special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com