ADVERTISEMENT

പകർപ്പവകാശ ഹർജിയിന്മേലുണ്ടായ തിരിച്ചടിയെക്കുറിച്ചും തുടർന്നുണ്ടായ വിവാദങ്ങളോടും പ്രതികരിച്ച് സംഗീത സംവിധായകൻ ഇളയരാജ. ഇത്തരം വിവാദങ്ങൾക്കു ശ്രദ്ധ കൊടുക്കുന്ന ആളല്ല താനെന്നും തന്റെ പേര് ഇത്തരത്തിൽ ആഘോഷിക്കപ്പെടുന്ന സമയത്ത് പുതിയൊരു സിംഫണി ഒരുക്കുന്ന തിരക്കിലാണ് താനെന്നും ഇളയരാജ പറഞ്ഞു. ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് ഇളയരാജയുടെ പ്രതികരണം. പാട്ടുകളുടെ പകർപ്പാവകാശവുമായി ബന്ധപ്പെട്ട് ഇളയരാജ സമർപ്പിച്ച ഹർജി കോടതിക്ക് അകത്തും പുറത്തും വലിയ ചർച്ചയായ സാഹചര്യത്തിലാണ് ഇളയരാജയുടെ മറുപടി. 

ഇളയരാജയുടെ വാക്കുകൾ: "എന്നെപ്പറ്റി പല തരത്തിലുള്ള വി‍ഡിയോകൾ പ്രചരിക്കുന്നുണ്ടെന്ന് എനിക്കു വേണ്ടപ്പെട്ടവർ പലരും പറഞ്ഞു. ഞാനവയൊന്നും ശ്രദ്ധിക്കുന്ന ആളല്ല. മറ്റുള്ളവർ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല. എന്റെ ജോലിയിൽ ശ്രദ്ധിക്കുക എന്നതാണ് എനിക്കു പ്രധാനം. ഞാനെന്റെ വഴിയിൽ കൃത്യമായി പോയിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ എന്റെ പേര് ഈ തരത്തിൽ ആഘോഷിക്കുന്ന സമയത്ത്, ഞാനൊരു സിംഫണിയുടെ തിരക്കിലായിരുന്നു. സിനിമയുടെ വർക്കുകൾ നടക്കുന്നതിനിടയിൽ തന്നെ 35 ദിവസങ്ങൾ കൊണ്ട് ഞാനൊരു സിംഫണി എഴുതി തീർത്തു. എനിക്കേറെ സന്തോഷകരമായ ഈ കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്. സിനിമാ സംഗീതമോ പശ്ചാത്തലസംഗീതമോ പ്രതിഫലിക്കുന്നുണ്ടെങ്കിൽ അതു നല്ലൊരു സിംഫണി അല്ലെന്നാണ് എന്റെ പക്ഷം. എന്നാൽ, ഇപ്പോൾ എഴുതി തീർത്ത സിംഫണി ശുദ്ധമായ ഒന്നാണ്. എന്റെ പ്രിയപ്പെട്ട ആരാധകർക്ക് ഈ സിംഫണി സമർപ്പിക്കുന്നു."

സ്വകാര്യ കമ്പനി വാങ്ങിയ പാട്ടുകളുടെ പകർപ്പവകാശത്തെക്കുറിച്ചുള്ള ഹർജിയിൽ താൻ എല്ലാവരേക്കാളും മുകളിലാണെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഇളയരാജ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇളയരാജ ഈണം നൽകിയ പാട്ടുകളിന്മേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് കോടതി പറഞ്ഞു. വരികളില്ലാതെ പാട്ടുകളുണ്ടാകില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും പാട്ടിൽ അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആർ.മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. 

ഇളയരാജ ചിട്ടപ്പെടുത്തിയ 4500 പാട്ടുകൾ വിവിധ സിനിമാ നിർമാതാക്കളിൽ നിന്നു എക്കോ കമ്പനി വാങ്ങിയിരുന്നു. ഇതിനെതിരായ ഹർജിയിൽ, പാട്ടുകളുടെ പകർപ്പവകാശം ഇളയരാജയ്ക്കാണെന്ന് 2019–ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഇതിനെ എതിർത്താണ് കമ്പനി അപ്പീൽ സമർപ്പിച്ചത്. സിനിമയിലെ പാട്ടുകൾക്കു സംഗീതം നൽകാൻ സംഗീതസംവിധായകനെ നിർമാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിർമാതാവിന് ലഭിക്കുമെന്ന് റെക്കോർഡിങ് കമ്പനിയുടെ അഭിഭാഷകൻ വാദിച്ചു. 

English Summary:

Music director Ilayaraja reacts to the backlash over the copyright petition and the controversy that ensued. Ilayaraja said that he is not a person who pays attention to such controversies and he is busy preparing a new symphony while his name is being celebrated like this.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com