ADVERTISEMENT

മലയാളത്തിന്റെ പ്രിയഗായകൻ എം.ജി.ശ്രീകുമാറിന് ഇന്ന് 67ാം പിറന്നാൾ. കഴിഞ്ഞ 4 പതിറ്റാണ്ടോളമായി മലയാളസിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഗായകനാണ് എംജി.ശ്രീകുമാർ. സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25ന് ജനനം. ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരൻ എം.ജി.രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. ചേർത്തല ഗോപാലൻ നായരുടെ കീഴിലും നെയ്യാറ്റിൻകര വാസുദേവന്റെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ടെങ്കിലും ഗുരു ജ്യേഷ്ഠനായ എം.ജി.രാധാകൃഷ്ണൻ തന്നെയായിരുന്നു.

1982 ൽ പത്മരാജൻ സംവിധാനം ചെയ്ത് എം.ജി.രാധാകൃഷ്ണൻ സംഗീതം നിർവഹിച്ച ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് എംജി പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കൂലി, പൂച്ചയ്ക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി ഗാനം ആലപിച്ചു.

mg4

ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് തിളങ്ങി നിൽക്കുന്ന കാലത്ത് കണ്ണീർപൂവിന്റെ, നാദ രൂപിണി ശങ്കരി പാഹിമാം തുടങ്ങിയ ഗാനങ്ങളിലൂടെയാണ് എംജി പ്രശസ്തനായത്. മോഹൻലാലിന്റെ ശബ്ദവുമായുള്ള സാമ്യം ശ്രീകുമാറിലെ ഗായകന് പിന്നണിഗാനരംഗത്ത് മുതൽകൂട്ടായി. ലാലിനു വേണ്ടിയാണ് എംജി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.

താളവട്ടം, ചിത്രം, കിരീടം, ആര്യൻ, റാംജിറാവു സ്പീക്കിങ്, ഹിസ്ഹൈനസ് അബ്ദുള്ള, ഇന്ദ്രജാലം, ഗോഡ്ഫാദർ, യോദ്ധ, ചമ്പക്കുളം തച്ചൻ, അദ്വൈതം, കിലുക്കം തുടങ്ങിയ ചിത്രങ്ങളിലെ മലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തുന്ന നിരവധി ഗാനങ്ങൾ ഈ ഗായകന്റെ ശേഖരത്തിലുണ്ട്. താണ്ഡവം, ചതുരംഗം, പെൺപട്ടണം, അറബീം ഒട്ടകോം പി മാധവൻ നായരും, കുഞ്ഞളിയൻ, കാഞ്ചീവരം, ഞാനും എന്റെ ഫാമിലിയും, ആമയും മുയലും തുടങ്ങിയ നിരവധി  ചിത്രങ്ങൾക്ക് എം.ജി.ശ്രീകുമാർ ഈണം പകർന്നിട്ടുണ്ട്.

mg3

1989, 1991, 1992 എന്നീ വർഷങ്ങളിൽ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും 1990 ൽ ഹിസ്ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ നാദരൂപിണി എന്ന ഗാനത്തിലൂടെയും 1999 ൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ ചാന്തുപൊട്ടും എന്ന ഗാനത്തിലൂടെയും മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും എംജിയെ തേടിയെത്തി.

അന്തരിച്ച പ്രശസ്ത സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണനും പ്രശസ്ത സംഗീതാധ്യാപിക കെ.ഓമനക്കുട്ടിയും ശ്രീകുമാറിന്റെ സഹോദരങ്ങളാണ്. ഗായകനും സംഗീതസംവിധായകനുമായി തിളങ്ങിയ എംജി, നിർമാതാവും നടനുമായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മലയാളിയുടെ പ്രിയ പാട്ടുകളുടെ ഗണത്തിൽ എംജി പാടിയ നിരവധി പാട്ടുകളുണ്ട്. അവയിൽ എക്കാലവും ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ചില പാട്ടുകളിലൂടെ ഈ പിറന്നാൾ ദിനത്തിൽ ഒരു സഞ്ചാരം. 

∙ ഈറൻ മേഘം (ചിത്രം)

∙ പാടം പൂത്ത കാലം (ചിത്രം)

∙ ദൂരെ കിഴക്കുദിക്കിൻ (ചിത്രം)

∙ നഗുമോമു ഗനലേനി (ചിത്രം)

∙ സ്വാമിനാഥ (ചിത്രം)

∙ വെള്ളിക്കൊലുസ്സോടെ (കൂലി)

∙ ആതിര വരവായി (തുടർക്കഥ)

∙ നിലാവേ മായുമോ (മിന്നാരം)

∙ ഒരുവല്ലം പൊന്നും പൂവും (മിന്നാരം)

∙ കസ്തൂരി (വിഷ്ണുലോകം)

∙ പൂവായി വിരിഞ്ഞൂ (അഥർവം)

∙ മിണ്ടാത്തതെന്തേ (വിഷ്ണുലോകം)

∙ സമയമിതപൂർവ (ഹരികൃഷ്ണൻസ്)

∙ അന്തിക്കടപ്പുറത്ത് (ചമയം)

∙ ഒന്നു തൊട്ടേനേ (ശ്രദ്ധ)

∙ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി (കിരീടം)

∙ കള്ളി പൂങ്കുയിലേ (തേന്മാവിൻ കൊമ്പത്ത്)

∙ കിലുകിൽ പമ്പരം (കിലുക്കം)

∙ കൊട്ടും കുഴൽ വിളി (കാലാപാനി)

∙ നീലക്കുയിലേ ചൊല്ലു (അദ്വൈതം)

∙ പടകാളി ചണ്ടി ചങ്കരി (യോദ്ധ)

English Summary:

Singer M. G. Sreekumar celebrates 67th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com