ഇന്നും സുഗന്ധം പരത്തുന്നു, ആ ചെമ്പനീർപൂവ്! പക്ഷേ മിഴിയിലെ നനവ് മായ്ക്കാതെ അയാളെങ്ങു പോയി?
Mail This Article
‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ ചെമ്പനീർ പൂക്കുന്നതായി നിനക്കായി സുഗന്ധം പറത്തുന്നതായി നിനക്കായ്...’
പറയാതെ പോയതു മുഴുവൻ അറിയാതെ പോയതല്ല എന്നു പറയാറുണ്ട്. ഒരുപക്ഷേ പ്രണയത്തിലാവാം ഇതേറ്റവും ശരിയാവുന്നത്. അങ്ങനെ ഒരുപാട് അടരുകളും അർഥങ്ങളുമുള്ള ശരിയെ കുറിച്ച് ലളിത മനോഹരമായി തന്റെ ആർദ്രമായ ശബ്ദത്തിൽ പാടുകയാണ് ഉണ്ണിമേനോൻ. ‘ഒരു ചെമ്പനീർ പൂവിറുത്തു’ എന്നു തുടങ്ങുന്ന സ്ഥിതിയിലെ പാട്ട് കാലങ്ങളായി മലയാളികൾ ഏറ്റുപാടുന്നു. അതി സുന്ദരമായ ഉണ്ണി മേനോന്റെ ആലാപനം, അദ്ദേഹം തന്നെ ചെയ്ത ഭംഗിയുള്ള സംഗീതം, പ്രഭാ വർമ്മയുടെ ആഴമുള്ള വരികൾ ഒക്കെ ചേർന്ന് ഈ പാട്ട് ഉണ്ടാക്കുന്ന അനുഭൂതി തലം വളരെ വലുതാണ്.
ചില പാട്ടുകൾ സിനിമകളെക്കാൾ കൂടുതൽ ആളുകളുടെ മനസ്സിൽ നിൽക്കും. സ്ഥിതിയിലെ ചെമ്പനീർ പൂ അങ്ങനെയൊരു പാട്ടായിരുന്നു. പ്രണയത്തിന്റെ, പറയാതെയുള്ള തിരിച്ചറിവുകളുടെ, ചില കുറ്റബോധങ്ങളുടെയൊക്കെ തീവ്രമായ ഭാവം ആ പാട്ട് കേൾക്കുന്നവരിലേക്ക് എത്തിക്കും.
കേൾക്കാൻ സുഖമുള്ള, അർഥമേറിയ വരികളുള്ള, സുന്ദരമായ ആലാപനമുള്ള പാട്ടുകൾ കാലതിവർത്തിയായി നിലനിൽക്കും. പ്രണയത്തെക്കുറിച്ച് പല നിലയിൽ, പല കാലങ്ങളിൽ മലയാളത്തിൽ പാട്ടുകൾ വന്നിട്ടുണ്ട്. പക്ഷേ ചെമ്പനീർ പൂവിറുത്തു നീട്ടാത്ത, മിഴിയിലെ നനവൊപ്പി മാറ്റാത്ത ഒരാളുടെ പ്രണയത്തെ ഇത്ര മനോഹരമായി, സ്വാഭാവികമായി അടയാളപ്പെടുത്തിയ പാട്ടുകൾ അധികമുണ്ടാവില്ല. അത് തന്നെയാണ് ചെമ്പനീർ പൂവിനെ എന്നും മലയാളികളുടെ ഇഷ്ടഗാനമാക്കി മാറ്റുന്നത്.
സംഗീതം: ഉണ്ണി മേനോൻ
രചന: പ്രഭാ വർമ്മ
ഗായകൻ: ഉണ്ണി മേനോൻ
സിനിമ: സ്ഥിതി
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..)
എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്..
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്..
നിന്നെ തഴുകുന്നതായ്..
ഒരു ചെമ്പനീര്‍...
തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനിയൊന്നു തലോടിയില്ല..
എങ്കിലും..നീയറിഞ്ഞു..
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്..
നിന്നെ പുണരുന്നതായ്..
ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല