ഉള്ള് പൊള്ളിച്ച് തോരാതെ പെയ്ത ‘പാതിരാമഴ’; ഏകാകിയായി മറഞ്ഞ അവൾ എവിടെ?

paathiramazha-song
SHARE

‘കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം

മിന്നിയുലയും വ്യാമോഹ ജ്വാലയാളുകളായി

ഏകയായി നീ പോയതെവിടെ

ഓർമ പോലും മാഞ്ഞു പോകുവാതെന്തേ...’

ഭ്രാന്ത്‌ പിടിക്കുന്ന, കരഞ്ഞു തളരുന്ന ഒരു കാലത്തിലൂടെ കടന്നു പോകാത്തവരുണ്ടാവില്ല. അങ്ങനെയൊരാവസ്ഥയെ വാക്കുകളിലേക്ക് പരിഭാഷപ്പെടുത്താനാവുമോ എന്നു സംശയമാണ്. പക്ഷേ ഉള്ളടക്കത്തിലെ ‘പാതിരാ മഴയേതോ ഹംസ ഗീതം പാടി’ എന്ന പാട്ട് ആ അവസ്ഥയുടെ സംഗീതത്തിലേക്കുള്ള പരിഭാഷയാണെന്നു നിസംശയം പറയാം. ഉള്ളിൽ തറച്ചു കയറുന്ന കഠിന വിഷാദത്തെ അതിനേക്കാൾ മൂർച്ചയുള്ള വരികളുടെയും സംഗീതത്തിന്റെയും ആലാപനത്തിന്റെയും സഹായത്തോടെ കേൾക്കുന്നവരിലേക്കു പകരുന്ന വിഷാദ ഭരിതമായ അനുഭവമാണ് ഈ പാട്ട്.

‘ശൂന്യ വേദികയിൽ കണ്ടു നിൻ നിഴൽ ചന്തം

കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം’

എന്നൊക്കെ യേശുദാസിന്റെയും ചിത്രയുടെയും പകരം വയ്ക്കാനില്ലാത്ത ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്തൊരു ലോകത്തിൽ നമ്മളെത്തും. കൈതപ്രത്തിന്റെ വരികളും ഔസേപ്പച്ചന്റെ വരികളും ഏതാണു മികച്ചതെന്ന മത്സരത്തിലാണെന്നു തോന്നിപോകും. പൊതുവെ ദുഃഖഗാനത്തിൽ അധികമുപയോഗിക്കാത്ത തബലയുടെ ഉടനീളമുള്ള സാന്നിധ്യമടക്കം മലയാളത്തിൽ അധികം കേട്ടു പരിചയമില്ലാത്ത ഓർക്കസ്‌ട്രേഷൻ ഈ പാട്ടിന്റെ പൂർണതയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

മാനസിക നില പല കാരണങ്ങളാൽ തെറ്റിപ്പോയ ഒരു കൂട്ടം ആളുകളുടെയും അവരെ ചികിത്സിക്കുന്ന ഡോക്ടറുടെയും കഥ പറയുന്ന സിനിമയാണ് കമൽ സംവിധാനം ചെയ്ത ‘ഉള്ളടക്കം’. മാനസികാസ്വാസ്ഥ്യം അനുതാപത്തോടെ സമീപിക്കേണ്ട വിഷയമാണെന്നു പറയുന്ന സിനിമ കൂടിയാണത്. കനത്ത വിരഹവും വിഷാദവും നഷ്ടങ്ങളുമൊക്കെ ഒരാളെ അതിഭീകരമായ മാനസികാവസ്ഥയിലേക്ക്, മരണത്തിലേക്ക് ഒക്കെ തള്ളിവിടാറുണ്ട്. പാട്ടുകളിലൂടെ ആ കാലത്തെ അതിജീവിക്കാൻ ശ്രമിക്കുന്നവരുണ്ട്. ഈ പാട്ട് നമ്മളിൽ പലർക്കും താത്ക്കാലികമായോ സ്ഥിരമായോ വരാവുന്ന ആ അവസ്ഥയെ വരച്ച് കാണിക്കുന്നു. പൊള്ളുന്ന, ഉള്ളു തൊടുന്ന പാട്ട് എന്നൊക്കെ പാതിരാ മഴയെക്കുറിച്ച് നിസംശയം പറയാം

ചിത്രം: ഉള്ളടക്കം

 

സംഗീതം: ഔസേപ്പച്ചൻ

 

രചന: കൈതപ്രം

 

ആലാപനം: യേശുദാസ്, കെ.എസ്.ചിത്ര

 

പാതിരാമഴയേതോ ഹംസഗീതം പാടി

വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു

നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ

 

കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം

മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്

എന്റെ ലോകം നീ മറന്നു 

ഓർമപോലും മാഞ്ഞുപോകുവതെന്തേ

 

ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം

കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം

ഏകയായ് നീ പോയതെവിടെ 

ഓർമപോലും മാഞ്ഞു പോകുവതെന്തേ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SONG OF THE DAY

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS