കാതോർത്തു നോക്കൂ, ആ സ്വർഗവീട് പിൻവിളിക്കുന്നുണ്ട്; പറക്കമുറ്റും വരെ പിച്ച വച്ചത് അവിടെയല്ലേ? ഒന്ന് തിരിച്ചു പോയാലോ?
Mail This Article
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ
ആത്മാവു തേങ്ങുന്നല്ലോ
വിളിപ്പാടകലം വിട്ട് ഏതു ദൂരേക്കു പറന്നകന്നാലും പിൻവിളിക്കുന്ന വൈകാരികതയാണു സ്വന്തം വീട് എന്നു തോന്നാറില്ലേ. പിച്ചവച്ചും ഓടിക്കളിച്ചും വളർന്ന വീട്. ഓരോ തിരിച്ചുവരവിനും കണ്ണെറിഞ്ഞുകാത്തിരിക്കുന്ന ആ വീട്ടുമുറ്റത്തേക്ക് എന്നെ പിൻനടത്തുകയാണ് ജയരാജിന്റെ ‘ദേശാടനം’ എന്ന ചിത്രത്തിലെ ‘കളിവീടുറങ്ങിയല്ലോ’ എന്ന കൈതപ്രം ഗാനം. കാഷായപ്പകർച്ചയിൽ ബാല്യത്തിന്റെ മഷിപ്പച്ചകൾ കളഞ്ഞുപോകുന്ന കുഞ്ഞിനെയോർത്തു നൊമ്പരപ്പെടുന്ന ഒരച്‌ഛന്റെ ഉള്ളുരുക്കവും ഈ പാട്ടിൽ കേൾക്കാം. പറക്കമുറ്റും വരെ പിച്ച വയ്‌ക്കാൻ ഇടം നൽകി, വലിയ ആകാശങ്ങളിലേക്കു വഴിനടക്കാൻ കുഞ്ഞുജനാലകൾ തുറന്നു വച്ച ഒരു വീടിന്റെ നൊമ്പരം കൂടിയാണത്...
ഓരോ വട്ടം ഈ പാട്ടിന്റെ സങ്കടത്തിനു കാതോർക്കുമ്പോഴും മുതിർന്നപ്പോൾ ഞാൻ വിട്ടുപോന്ന എന്റെ ബാല്യവീടിനെ ഓർത്തുപോകാറുണ്ട്. ചുവടുറയ്‌ക്കും മുൻപേ, കണ്ണു തെളിയും മുൻപേ, കൈകാലുകൾ വളരും മുൻപേ എന്റെ പേച്ചും കരച്ചിലും ഏറ്റുവാങ്ങി ചുമരടക്കിച്ചേർത്തുപിടിച്ച വീടിന്റെ ഉൾത്തളങ്ങൾ, മുട്ടിലിഴഞ്ഞു പിടഞ്ഞുവീഴുമ്പോഴും മുന്നോട്ട് മുന്നോട്ട് എന്നു കാതിൽ പറഞ്ഞുകൊണ്ടേയിരുന്ന നെടുനീളൻ വരാന്തകൾ, ഒളിച്ചുകളിക്കുമ്പോൾ ചുറ്റിക്കെട്ടിപ്പിടിച്ചു മുഖം മറച്ചു നിന്ന ചതുരത്തൂണുകൾ, വീട് ഒരു വീടുമാത്രമല്ലാതാകുന്നത് വിട്ടുപിരിയാനാകാത്ത ഇത്തരം ചില ഇടങ്ങൾ സമ്മാനിക്കുന്നതു കൊണ്ടാണെന്നു തോന്നാറുണ്ട്.
1996ൽ പുറത്തിറങ്ങിയ ഈ ജയരാജ് ചിത്രം ഞാൻ കാണുമ്പോൾ എനിക്കു പ്രായം പത്തുവയസ്സിൽ താഴെ മാത്രം. ആ പ്രായത്തിനു മാത്രമാകുന്ന സങ്കടംകൊണ്ടോ സന്ദേഹംകൊണ്ടോ വിങ്ങിവിങ്ങിക്കൺനിറഞ്ഞു കണ്ട ഫ്രെയിമോർമകൾ ഇന്നും മനസ്സിലുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഈ ചിത്രത്തിലെ ഗാനങ്ങളുടെ രചനയും സംഗീതസംവിധാനവും നിർവഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു. അദ്ദേഹം ചിത്രത്തിൽ ഒരു കഥാപാത്രമായും വെളിച്ചപ്പെടുന്നുണ്ട്. മോഹനരാഗത്തിൽ കൈതപ്രം ചിട്ടപ്പെടുത്തിയ കളിവീടുറങ്ങിയല്ലോ എന്ന ഗാനം യേശുദാസിന്റെ ശബ്ദത്തിൽ ഇപ്പോൾ കേൾക്കുമ്പോഴും ആ നിസ്സഹായനായ ബാലനെ ഓർമ വരും. അവനെ യാത്രയാക്കേണ്ടിവരുന്ന പാവം അച്ഛനെയും അമ്മയെയും ഓർമ വരും. ഏതേതോ കണ്ണീർനനവോർമകളിൽ എന്റെ തന്നെ മുഖം തെളിഞ്ഞുവരും.
ഗാനം: കളിവീടുറങ്ങിയല്ലോ
ചിത്രം: ദേശാടനം
ഗാനരചന, സംഗീതം: കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം: കെ.ജെ യേശുദാസ്
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ
ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ആ....
താരാട്ടു പാടിയാലേ ഉറങ്ങാറുള്ളു
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളൂ
കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളു
എന്റെ കൈവിരൽത്തുമ്പു പിടിച്ചേ
നടക്കാറുള്ളൂ അവൻ നടക്കാറുള്ളൂ
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഇനിയെന്നു കാണുമെന്നാ പിടഞ്ഞുപോയി
എന്റെ ഇടനെഞ്ചിലോർമ്മകൾ തുളുമ്പിപ്പോയി
എത്രയായാലുമെൻ ഉണ്ണിയല്ലേ അവൻ
വിലപിടിയാത്തൊരെൻ നിധിയല്ലേ
എന്റെ പുണ്യമല്ലേ
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ
ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ