ADVERTISEMENT

കണ്ണൂർ∙ സംസ്ഥാനത്തു സ്വർണവില കുത്തനെ ഉയർന്നതോടെ കച്ചവടം കുറഞ്ഞു. അതേസമയം സ്വർണം വിറ്റ് പണമാക്കി മാറ്റാനെത്തുന്നവരുടെ എണ്ണം കൂടിയതായി വ്യാപാരികൾ പറഞ്ഞു. രാജ്യാന്തര വിപണിയിൽ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം) വില 1935 ഡോളർ കടന്നു. വരും ദിവസങ്ങളിലും വില ഉയരാനുള്ള സാധ്യതകളാണു വിപണിയിലുള്ളത്.

ഇന്ത്യയിൽ വില ഉ‌യരാനുള്ള കാരണം

രാജ്യാന്തര വില റെക്കോർഡിലെത്താതിരുന്നിട്ടും രാജ്യത്തു സ്വർണവില പുതിയ റെക്കോർഡിലെത്താനുള്ള കാരണം ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയാണ്. 2020ൽ സ്വർണവില 42000 രൂപയായപ്പോൾ രാജ്യാന്തരവിപണിയിൽ സ്വർണവില 2077 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു. എന്നാൽ അന്ന് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 74 ആയിരുന്നു.

Read also: മോദി ഡോക്യുമെന്ററി: അനിൽ ആന്റണി രാജിവച്ചു; ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്തൽ

എന്നാൽ ഇപ്പോൾ 1935 ഡോളർ നിലവാരത്തിലേക്ക് രാജ്യാന്തര വിപണിയിലെ വില കടക്കുമ്പോൾ സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് മറികടന്നു. രൂപയുടെ മൂല്യം 81.60 ആയി കുറഞ്ഞതാണ് കാരണം. രാജ്യാന്തര വിപണിയിലെ സ്വർണവിലയും രൂപയുടെ വിനിമയ നിരക്കും കണക്കിലെടുത്താണ് ദിവസവും ആഭരണ വിപണിയിൽ വില നിശ്ചയിക്കുന്നത്.

രാജ്യാന്തര തലത്തിൽ വില ഉ‌യരാനുള്ള കാരണം

∙ ഡോളർ ദുർബലമാകുന്നത്. പലിശ ഉയർത്തലിന്റെ വേഗം കുറയ്ക്കുമെന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം ഡോളറിനെ ദുർബലമാക്കി.

∙ ഉയർന്ന പണപ്പെരുപ്പം.

∙ മാന്ദ്യ സൂചനകളും ആഗോള സാമ്പത്തിക അസ്ഥിരതയും.

∙ മാന്ദ്യഭീതിയിൽ പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ നിക്ഷേപം ഉയർത്തിയതു മൂലം ഡിമാൻഡ് ഉയരുന്നത്.

∙ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണം വാങ്ങുന്നത്.

ഒരു പവൻ ആഭരണത്തിന് 45600 രൂപ

കുറഞ്ഞ പണിക്കൂലിയുള്ള ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പോലും ഒടുവിലെ വില അനുസരിച്ച് ഏകദേശം 46000 രൂപ നൽകണം.

∙ ഒരു പവന്റെ വില– 42160 രൂപ

∙ 5 ശതമാനം പണിക്കൂലി– 2108 രൂപ

∙ 3 ശതമാനം ജിഎസ്ടി (44268 രൂപയുടെ 3 ശതമാനം)– 1328 രൂപ

∙ ആഭരണത്തിന്റെ വില – 45596 രൂപ.

‘‘രാജ്യാന്തര വിപണിയിൽ 1960– 2000 ഡോളർ വരെ വില ഉയരാനാണു സാധ്യത. ഏറ്റവും ഉയർന്ന വില ആയ 2077 കടന്നാൽ 2200 ഡോളറിനു മുകളിലെത്താം. ബജറ്റിൽ ഇറക്കുമതി നികുതി കുറച്ചാൽ ആനുപാതിക വിലക്കുറവ് വിപണിയിലുണ്ടാകും.’’എസ്.അബ്ദുൽ നാസർ, സംസ്ഥാന ട്രഷറർ, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

English Summary: Gold rate hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com