ADVERTISEMENT

കൊച്ചി ∙ പൊതുമേഖലയിൽ രാജ്യത്തെ പ്രമുഖ രാസവളം നിർമാണ ശാലയായ ഫാക്ട് ചുവടുവയ്ക്കുന്നത് ചരിത്രത്തിന്റെ എക്കാലത്തെയും ഉയർന്ന വിറ്റുവരവിലേയ്ക്ക്. നടപ്പു സാമ്പത്തിക വർഷം ആദ്യ 3 പാദങ്ങളിൽ നിന്നു കമ്പനി നേടിയത് 4949 കോടി രൂപയുടെ വിറ്റുവരവ്; ലാഭം 447 കോടി രൂപ. അവസാന പാദത്തിലെ കണക്കുകൾ കൂടി പുറത്തു വരുമ്പോൾ മൊത്ത വരുമാനം 5,000 കോടി രൂപയെന്ന നാഴികക്കല്ലും പിന്നിടുമെന്നാണു വിലയിരുത്തൽ. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോള രാസവള വിപണിയിലെ അനിശ്ചിതത്വവും അതിജീവിച്ചാണു ഫാക്ട് ലാഭം കൊയ്യുന്നത്. ദീർഘകാലമായി നഷ്ടത്തിലായിരുന്ന ഫാക്ട് സമീപ വർഷങ്ങളിൽ മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നത്. 

∙  ഉൽപാദനം 10 ലക്ഷം ടൺ 

സാമ്പത്തിക വർഷം പൂർത്തിയാകാൻ ഒരു മാസം ബാക്കിയിരിക്കെ, ഫാക്ട് ഉൽപാദിപ്പിച്ചത് 9.7 ലക്ഷം ടൺ രാസവളം. മൊത്തം ഉൽപാദനം 10 ലക്ഷം ടൺ കടക്കുമെന്നാണു പ്രതീക്ഷ. കോവിഡ് മഹാമാരിയും പിന്നാലെ, റഷ്യ – യുക്രെയ്ൻ യുദ്ധവും അസംസ്കൃത വസ്തുക്കളുടെ വിലയ്ക്കു തീ പിടിപ്പിച്ചപ്പോഴും ഫാക്ടിനു പിടിച്ചു നിൽക്കാനായി. വില അൽപം കുറഞ്ഞപ്പോൾ കർഷകർക്കു നേരിയ ആശ്വാസം പകർന്നു ഫാക്ടംഫോസിന്റെ വില കുറയ്ക്കാനുമായി. ചാക്കിന് 1390 രൂപയിൽ നിന്ന് 1225 രൂപയായാണു വില കുറച്ചത്. 

∙ പുതിയ പ്ലാന്റ്  അടുത്ത വർഷം

രാസവളം ഉൽപാദനം 15 ലക്ഷം ടണ്ണായി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമ്പലമേട് കൊച്ചിൻ ഡിവിഷനിൽ സജ്ജമാക്കുന്ന പുതിയ പ്ലാന്റിന്റെ നിർമാണം അടുത്ത വർഷം പൂർത്തിയാകും. അതോടെ, 5 ലക്ഷം ടൺ വളം കൂടി ഉൽപാദിപ്പിക്കാൻ ഫാക്ടിനു കഴിയും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വളം ലഭ്യത ഏതു കാലത്തും ഉറപ്പാക്കാനും അതു സഹായിക്കും. നിലവിൽ 10 ലക്ഷം ടണ്ണാണു ശേഷി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com