ഇനി ആക്‌ഷൻ ഹീറോ എസ്‌യുവി
Mail This Article
ഒരു ആക്‌ഷൻ സിനിമ വിജയിച്ചാൽ പിന്നെ ‘കുടുംബ സിനിമ’ സംവിധായകർ പോലും ആക്‌ഷൻ സിനിമയിലേക്കു തിരിയും. വാഹന വിപണി ഇങ്ങനെയൊരു ട്രെൻഡിലേക്കു നീങ്ങുകയാണ്. സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ എന്ന എസ്‌യുവികൾക്ക് റോഡില്ലാത്തിടത്തും ഓടാനാകണം (ഓഫ്‌റോഡ്) എന്നായിരുന്നു മുൻപത്തെ കാഴ്ചപ്പാട്. പക്ഷേ, ഉയർന്ന ബോഡിയുള്ളതും നിരത്തിൽനിന്നുള്ള ഉയരം (ഗ്രൗണ്ട് ക്ലിയറൻസ്) സാധാരണ കാറിനെക്കാൾ കൂടുതലുള്ളതുമായ കാറുകളെല്ലാം വർഷങ്ങളായി എസ്‌യുവിയാണ്. എന്നാൽ, യഥാർഥ എസ്‌യുവി സ്വഭാവത്തിലേക്കു കടക്കാനുള്ള കമ്പനികളുടെ ശ്രമാണ് ഇപ്പോൾ ട്രെൻഡിങ്. ‘ആക്‌ഷൻ’ ഇവന്റുകൾ നടത്തി എസ്‌യുവികളുടെ ശേഷി പ്രദർശിപ്പിക്കാൻ കമ്പനികൾ മുന്നോട്ടുവരുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരുവിൽ ടൊയോട്ട കിർലോസ്കർ മോട്ടർ തുടങ്ങിവച്ച 4x4 (ഫോർ വീൽ ഡ്രൈവ്) എക്സ്പെഡിഷൻ ശ്രദ്ധേയമായി. ആദ്യമായാണ് കമ്പനി ഇന്ത്യയിലൊരു ഓഫ് റോഡ് ഇവന്റ് നടത്തുന്നത്. ഹൈലക്സ്, ഫോർച്യൂണർ, ലാൻഡ്ക്രൂസർ300, ഹൈറൈഡർ എന്നീ മോഡലുകളുടെ ഉടമകളെയും മറ്റ് ബ്രാൻഡുകളുടെ ഫോർ വീൽ ഡ്രൈവ് എസ്‌യുവികളുടെ ഉടമകളെയും ഉൾപ്പെടുത്തിയുള്ള ഡ്രൈവ്.
ഫോർവീൽ ഡ്രൈവ് സാങ്കേതികവിദ്യയുടെ ശേഷിയും അത് ഉപയോഗപ്പെടുത്തിയുള്ള യാത്രകളുടെ മനോഹാരിതയും ജനത്തെ ബോധ്യപ്പെടുകയായിരുന്നു ലക്ഷ്യമെന്ന് കമ്പനി അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിക്രം ഗുലാത്തി എന്നിവർ ‘മനോരമ’യോടു പറഞ്ഞു. ഫോർ വീൽഡ്രൈവ് പ്രേമികളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന്റെ തുടക്കവുമാണിത്. രാജ്യത്തിന്റെ കൂടുതൽ മേഖലകളിൽ എക്സ്പെഡിഷൻ നടത്തും.
വരും നാളുകളിൽ ടൊയോട്ട വാഹനങ്ങളുടെ പ്രചാരണത്തിന് അവയുടെ ഓഫ് റോഡിങ് ശേഷിയും ഉപയോഗപ്പെടുത്തിയേക്കും. ഇന്നോവയുടെ വിവിധ തലമുറകളുടെ യാത്രാസുഖത്തിൽ ഊന്നിനിന്ന കമ്പനിയുടെ പുതിയ ആക്‌ഷൻ മുഖമാണിത്.സുരക്ഷയ്ക്ക് 5സ്റ്റാർ റേറ്റിങ് കിട്ടിയ കോഡിയാക്, കുഷാക്, സ്ലാവിയ മോഡലുകളുടെ ശേഷി പ്രദർശിപ്പിക്കാൻ സ്കോഡ ഇന്ത്യ തിരഞ്ഞെടുത്തത് ഇൻഡോറിലെ ടെസ്റ്റ്ട്രാക്ക് ആയിരുന്നു. ഓഫ്‌റോഡിങ്ങും ഹൈസ്പീഡ് ട്രാക്കിലെ പ്രകടനവുമൊക്കെയായി ഏഷ്യയിലെ ഏറ്റവും വലിയ ട്രാക്കിൽ കാറുകൾ തിളങ്ങി.
മാരുതി സുസുകിയുടെ ജനപ്രിയ എസ്‌യുവി ഗ്രാൻഡ് വിറ്റാരയ്ക്ക് ഓൾ വീൽ ഡ്രൈവ് പതിപ്പുമുണ്ട്. അടുത്തയാഴ്ച വിപണിയിലെത്തുന്ന ജിംനിയാകട്ടെ ഓഫ്റോഡിങ് സാങ്കേതിക വിദ്യകളുടെ കരുത്തിലാവും കളം നിറയുക. ഇത്തരം അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുള്ള മഹീന്ദ്ര സമീപകാലത്ത് അവതരിപ്പിച്ച സ്കോർപിയോ–എൻ, എക്സ്‌യുവി700, ഥാർ എന്നിവയൊക്കെ ‘റോഡില്ലാത്തിടത്ത്’ ഓടിച്ച് കഴിവുതെളിയിച്ചിരുന്നു.