ജർമനിയിലെ സാമ്പത്തികമാന്ദ്യം; കയറ്റുമതി മേഖലയെ ബാധിക്കും
Mail This Article
ജർമനിയിലെ സാമ്പത്തിക മാന്ദ്യം രാജ്യത്തിന്റെ കയറ്റുമതി മേഖലയെ സാരമായി ബാധിച്ചേക്കും. യൂറോസോണിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ജർമനി പ്രതിസിന്ധിയിലാകുന്നത് യൂറോപ്പിലേക്കുള്ള ആകെ കയറ്റുമതിയെയും ബാധിക്കും. 2018–19 നു ശേഷം ഇന്ത്യയുടെ ജർമനിയിലേക്കുള്ള കയറ്റുമതിയിൽ 14% വർധനയുണ്ട്. യൂറോപ്യൻ യൂണിയനിലേക്കുള്ള ആകെ കയറ്റുമതിയിൽ 5 ശതമാനവും. രാസവസ്തുക്കൾ, യന്ത്രസാമഗ്രികൾ, റെഡിമെയ്ഡ് കോട്ടൺ വസ്ത്രങ്ങൾ, തുകൽ ഉൽപന്നങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ തുടങ്ങിയവയാണ് ജർമനിയിലേക്കു കയറ്റുമതി ചെയ്യുന്നത്.
10 വർഷം, കയറ്റുമതി 39% കൂടി
2012–13ൽ 720 കോടി ഡോളറിന്റെ കയറ്റുമതിയായിരുന്നത് 2022–23 1010 കോടി ഡോളറിന്റേതായി ഉയർന്നു. 10 വർഷംകൊണ്ട് 39% വർധന. അതേസമയം, ജർമനിയിൽ നിന്നുള്ള ഇറക്കുമതി കുറയുകയും ചെയ്തു. 2012–13ൽ 710 കോടി ഡോളറായിരുന്ന ഇറക്കുമതി 2022–23 ആയപ്പോഴേക്കും 580 കോടി ഡോളറിലേക്കു കുറഞ്ഞു. ഈ മേഖലയിലെ കമ്പനികളിലെല്ലാം മാന്ദ്യത്തിന്റെ നേരിട്ടുള്ള പ്രതിഫലനമുണ്ടായേക്കും. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിൽ ജർമനി നിലവിൽ 9–ാം സ്ഥാനത്താണ്.
തിരിച്ചുവരവ് സാധ്യമോ?
കഴിഞ്ഞ രണ്ടു പാദങ്ങളായി ജർമനിയുടെ ജിഡിപി വളർച്ചനിരക്ക് നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുപ്രാകരം ജനുവരി–മാർച്ച് പാദത്തിലെ വളർച്ചനിരക്ക് 0.3% കുറഞ്ഞതോടെയാണ് ഔദ്യോഗികമായി ജർമനി മാന്ദ്യത്തിലേക്കു വീണത്. റഷ്യ–യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ ഇന്ധന, ഭക്ഷ്യ വിലക്കയറ്റം, കേന്ദ്രബാങ്കുകളുടെ പലിശ വർധന എന്നിവയാണ് ജർമനിയെ ഉലച്ചത്. വിലക്കയറ്റത്തോത് 7.4% എന്ന റെക്കോർഡ് നിലവാരത്തിലാണ്. മാന്ദ്യത്തിന്റെ ആഘാതം കുറയ്ക്കാൻ ജർമനി നടപടികളെടുത്തിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങൾക്കും ഉപയോക്താക്കൾക്കും സാമ്പത്തിക സഹായം നേരിട്ടു നൽകുന്നതടക്കമുള്ള പദ്ധതികളുണ്ട്. അടുത്ത പാദത്തിൽ നേരിയ തോതിൽ വളർച്ചനിരക്ക് ഉയരാനുള്ള സാധ്യതകളാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.
2022–23 ലെ ജർമനിയിലേക്കുള്ള കയറ്റുമതി
യന്ത്രസാമഗ്രികൾ– 12,401 കോടി രൂപ
ഇലക്ട്രോണിക്സ്– 9921
സ്മാർട്ഫോൺ– 3786
ഓർഗാനിക് കെമിക്കലുകൾ– 6795
പാദരക്ഷകൾ– 2744
വസ്ത്രങ്ങൾ–8184
തുകൽ ഉൽപന്നങ്ങൾ–2521
ഓട്ടോമൊബീൽ ഉൽപന്നങ്ങൾ–3346
ഇരുമ്പ്, സ്റ്റീൽ ഉൽപന്നങ്ങൾ–3918