ADVERTISEMENT

പറഞ്ഞു തുടങ്ങുന്നത് എന്തായാലും വാസുവേട്ടൻ അവസാനം എത്തുന്നത് മട്ടനിലാണ്; കൊടുങ്ങല്ലൂരിൽ പണ്ടു കിട്ടുമായിരുന്ന മട്ടൻ പൊരിച്ചതിന്റെയും കറിയുടെയും സ്വാദിൽ. മസാല െവണ്ണപോലെ അമ്മിയിലരച്ച് അതു തേച്ചുപിടിപ്പിച്ച് ഇലയിൽ പൊതിഞ്ഞുവച്ച ശേഷം നല്ല വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന മട്ടൻ. അറബികളും പോർച്ചുഗീസുകാരും ഡച്ചുകാരുമെല്ലാം ഈ മട്ടൻ കഴിച്ചാണു കൊടുങ്ങല്ലൂരിനെ സ്നേഹിച്ചതെന്ന് വാസുവേട്ടൻ വിശ്വസിക്കുന്നു. 

ഇന്നസന്റാണോ ബെന്നി ബഹനാനാണോ എ.എൻ.രാധാകൃഷ്ണനാണോ ജയിക്കുക എന്നു ചോദിച്ചപ്പോൾ വാസുവേട്ടൻ പറഞ്ഞു; അതു പറയണമെങ്കിൽ നന്നായി ചൂടാകണം. തിളച്ചുമറിഞ്ഞ് വറുത്തു കോരുന്ന പരുവമാകണം. 

ഇതുതന്നെയാണു സത്യം. തിരഞ്ഞെടുപ്പുകാര്യത്തിൽ ചാലക്കുടി പാർലമെന്റ് മണ്ഡലം വേണ്ടത്ര ചൂടായിട്ടില്ല. വറുത്തു കോരാനായിട്ടില്ല. വേനൽച്ചൂടും പ്രളയത്തിന്റെ തകർച്ചയുമെല്ലാം കഴിഞ്ഞ് വളരെ പതുക്കെയാണു തിരഞ്ഞെടുപ്പിലേക്കു വരുന്നത്. കൊടികൾകൊണ്ടു നിറയുമായിരുന്ന അഴീക്കോട് ഹാർബറിൽ ഒരു കൊടിപോലുമില്ല; വള്ളങ്ങളിൽ ഉയർത്തിയ വർണക്കൊടികൾ മാത്രം. മീൻ കിട്ടുന്നതു കുറവായതുകൊണ്ടു തിരഞ്ഞെടുപ്പു ജോലിക്ക് ഇറങ്ങാനും സമയം കിട്ടുന്നില്ല. മണ്ഡലത്തിൽ പലയിടത്തും ഇത് മുണ്ടുമുറുക്കിയുടുത്തു ചെയ്യുന്ന വോട്ടാണ്. 

ഇരുവീട്ടിലും സമ്മതമില്ലാതെ തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ ഭർതൃഗൃഹത്തിലേക്കു സ്വീകരിക്കുന്നതുപോലെയാണ് കഴിഞ്ഞ തവണ പി.സി.ചാക്കോയെ കോൺഗ്രസുകാർ സ്വീകരിച്ചത്. പുറത്തു ചിരിച്ചുകാണിച്ചു, മനസ്സുകൊണ്ടു സ്വീകരിച്ചില്ല. ഒരു തോൽവി ആദ്യമേ എവിടെയോ മുളപൊട്ടിയിരുന്നു. സിപിഎമ്മുകാർക്കും അതേ മനസ്സുതന്നെയായിരുന്നു. എത്രയോ സഖാക്കളുണ്ടായിട്ടും എന്തിനു സിനിമയിൽനിന്ന് ആവശ്യത്തോളം പണമുണ്ടാക്കി ജീവിക്കുന്നൊരു തമാശക്കാരനെ ഇവിടേക്കു കൊണ്ടുവന്നു എന്ന് പലരും ലോക്കൽ കമ്മിറ്റി ഓഫിസിലിരുന്നു ചെവിയിൽ ചോദിച്ചു. പക്ഷേ,  ഇലക്‌ഷൻ വർക്ക് ശരിക്കും നടത്തി പാർട്ടി ഇന്നസന്റിനെ ജയിപ്പിച്ചു. 

കോലഞ്ചേരി മുതൽ അറബിക്കടലിന്റെ തീരംവരെ നീളുന്നതാണ് ചാലക്കുടി മണ്ഡലം. ഓഖി ദുരന്തമാണ് ഇപ്പോഴും കൊടുങ്ങല്ലൂർ തീരം ചർച്ചചെയ്യുന്ന വിഷയങ്ങളിലൊന്ന്. കാര്യമായ സഹായമൊന്നും കിട്ടിയില്ല. സംസാരിച്ചു തുടങ്ങിയതും സഖാവ് എഴുന്നേറ്റുനിന്നു ചോദിച്ചു: ‘എംപി കടലിൽ ഇറങ്ങിനിന്നാണോ തിര തടുക്കുന്നത്. നിങ്ങളുടെ എംപി ഉണ്ടായിരുന്ന സമയത്ത് അയാളു തടഞ്ഞിട്ടുണ്ടോ. കടലമ്മയ്ക്കു സങ്കടം വന്നപ്പോൾ കയറിവന്നതാണ്. ’ 

കോൺഗ്രസുകാരിയായ ചേച്ചിക്കു സഹിച്ചില്ല. ‘അയാള് ഇറങ്ങിത്തടുക്കണ്ട. വെള്ളമിറങ്ങിയാൽ ഇവിടെവരെ വരാലോ? പാർട്ടി ഓഫിസിൽ വന്നുപോയതേ ഉള്ളൂ സാറേ. കടലു കയറിയത് പാർട്ടി ഓഫിസിലല്ലല്ലോ.’ ഇരുകൂട്ടരുടെ മുഖത്തും രോഷം. സംസാരിച്ചുനിന്നാൽ മീൻകച്ചവടം മുടങ്ങും. 

മാള, ചാലക്കുടി, അന്നമനട, മേലൂർ, കുഴൂർ ഭാഗത്തെ ഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോൾ നെഞ്ചു കത്തിപ്പോകും. പ്രളയ ജലമിറങ്ങിയപ്പോൾ മേലൂരിൽ കുഴിച്ചിട്ടതു മൂവായിരത്തോളം കാലികളെയാണ്. നൂറുകണക്കിനു കോഴിഫാമുകളിൽ ചത്തൊടുങ്ങിയത് ആയിരക്കണക്കിനു കോഴികൾ. മേലൂരിലെ ഒരു വീട്ടിൽപോലും കാലികളെ അവശേഷിപ്പിക്കാതെയാണു പ്രളയം പോയത്. 14 വാർഡിൽ പന്ത്രണ്ടും നാലു ദിവസം വെള്ളത്തിലായിരുന്നു; ആറടിവരെ ഉയരത്തിൽ. 

Chalakudy-Melur
ചാലക്കുടി മേലൂരിൽ നിന്നുള്ള പ്രചാരണക്കാഴ്ച.

കുഴൂരായിരുന്നു തൃശൂരിന്റെ പച്ചക്കറി ആസ്ഥാനം. ഒരു ചീരത്തലപ്പുപോലും ബാക്കിയാക്കാതെയാണു വെള്ളമിറങ്ങിയത്. ലക്ഷങ്ങളുടെ കടം മോറട്ടോറിയമെന്ന താൽക്കാലിക തടയണയിൽ തട്ടിനിൽക്കുകയാണ്. തിരഞ്ഞെടുപ്പിനു ശേഷം ജപ്തി നോട്ടിസുകളുടെ കുത്തൊഴുക്കിൽ വീണ്ടും ജീവിതം മുങ്ങിയേക്കാം. ഏക്കർ കണക്കിനു വാഴത്തോട്ടം ശ്മശാനഭൂമിപോലെ, കൃഷി ചെയ്യാനാകാതെ കിടക്കുന്നു. വെയിലേറ്റാൽ പെട്ടെന്നു വെള്ളം വറ്റുന്ന മണ്ണു നിറഞ്ഞതോടെ ഏക്കർ കണക്കിനു നിലം വാഴക്കൃഷിക്കും പച്ചക്കറിക്കും പറ്റാതായി. 

വാഴക്കൃഷികൊണ്ടു സുഖമായി ജീവിച്ചിരുന്ന ജോസഫിനോട് വീട്ടിലേക്കു വരട്ടേ എന്നു ചോദിച്ചപ്പോൾ പറഞ്ഞു, ‘വരണ്ട. നിങ്ങള് അതെല്ലാം ചോദിച്ചാ ഞാൻ കരഞ്ഞുപോകും. ആകെ കടത്തിൽ മുങ്ങിനിൽക്കുന്ന സമയമാണ്. വേണമെങ്കിൽ ഞാൻ ജംക്‌ഷനിലേക്കുവരാം.’ പ്രളയം മനുഷ്യസൃഷ്ടിയായിരുന്നുവെന്ന  കണ്ടെത്തൽ കനലായി എവിടെയോ നീറുന്നുണ്ട്. എഴുതിത്തള്ളാത്ത കടം കടലായി വരുമെന്നവർ പേടിക്കുന്നു. അതു വോട്ടിൽ തെളിയുമോ എന്നു പറയാനാകില്ല. കൊടുങ്ങല്ലൂരും ചാലക്കുടിയും കയ്പമംഗലവും കഴിഞ്ഞ തവണ ഇന്നസന്റിനു വിജയത്തിലേക്കു വഴിവെട്ടിയ നിയമസഭാ മണ്ഡലങ്ങളാണ്. 

പൂവത്തുശേരി കടന്ന് ആലുവ, അങ്കമാലി ഭാഗത്തേക്കു കയറുമ്പോൾ പ്രചാരണത്തിനു നിറവും കനവും കൂടി. ഇവിടെ തിരഞ്ഞെടുപ്പിന്റെ ഓളം പ്രകടമാണ്. ചെറിയ ചായക്കടക്കാരൻപോലും സംസാരിക്കുന്നതു തന്ത്രപൂർവമാണ്. ‘ഇന്നസന്റ് ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ തവണ അടിപിടികൂടിയിട്ടും ചാലക്കുടിയും അങ്കമാലിയും ആലുവയും കോൺഗ്രസിന്റെ കൂടെയായിരുന്നു. ആർക്കും കാര്യങ്ങൾ എളുപ്പമല്ല.’ 

 കാര്യങ്ങൾ ചെയ്തുവെന്ന സിപിഎം പ്രചാരണം ശക്തമാണ്. 1750 കോടിയുടെ വികസനം എന്നതാണ് ഇത്തവണത്തെ മന്ത്രം. പിണറായിയോ സംസ്ഥാന സർക്കാരോ സാമൂഹിക പെൻഷനോ കിഫ്ബിയുടെ സുന്ദരസ്വപ്നങ്ങളോ ഒന്നുമിവിടെ പരത്തിപ്പറയുന്നില്ല. ഇതിന് എ.എൻ. രാധാകൃഷ്ണൻ കൊടുത്ത മറുപടിയാണു ബിജെപിയുടെ മറുപ്രചാരണം. ‘25 കോടിയാണ് എംപിക്കു നൽകിയ ഫണ്ട്. 1750 കോടി കിട്ടിയെങ്കിൽ അതു മോദിജി നൽകിയതാണ്. അത്രയും ചെയ്ത മോദിജിക്കല്ലേ വോട്ടു കൊടുക്കേണ്ടത്.’ മുൻപൊരിക്കലുമില്ലാത്ത വിധം ബിജെപിയെ സജീവമാക്കാൻ രാധാകൃഷ്ണനായിട്ടുണ്ട്. പ്രത്യേകിച്ചും, തൃശൂർ ജില്ലയിലും പെരുമ്പാവൂരിലും. 

പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് മണ്ഡലങ്ങളിൽ യുഡിഎഫ് ആഞ്ഞുപിടിക്കുന്നുണ്ട്. ഇതു പ്രചാരണത്തിലും വ്യക്തമാണ്. പി.ഗോവിന്ദപ്പിള്ളയുടെയും പി.കെ.വാസുദേവൻ നായരുടെയും വിപ്ലവവീര്യം വിളഞ്ഞ പുല്ലുവഴിയുടെ കരുത്തിനുപോലും പെരുമ്പാവൂരിലെ ഭൂരിപക്ഷത്തെ തടയാനാകില്ലെന്ന് കോൺഗ്രസിനുവേണ്ടി വിയർത്തു പണിയെടുക്കുന്ന ആർ.എം.ജോസഫ് എന്ന സാദാ ഓട്ടോഡ്രൈവർ പറയുന്നു. 

ബെന്നി ബഹനാൻ ആശുപത്രിയിലായതോടെ റോജി എം.ജോൺ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, വി.പി.സജീന്ദ്രൻ, വി.ഡി.സതീശൻ എന്നീ എംഎൽഎമാരിലൂടെയാണ് ഈ പടനീക്കം നടക്കുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഓടിയെത്തിയത് ഇവർ ഓടുമെന്നുറപ്പാക്കാനാണ്. 1750 കോടിയുടെ വികസനമെന്ന പ്രചാരണത്തിലൂടെ ഓരോ ഇഞ്ചിലും ഇന്നസന്റിന്റെ അദൃശ്യസാന്നിധ്യമെത്തിക്കാൻ  സിപിഎം കൊടുംചൂടിലും ഓടുന്നു. സ്വതന്ത്രനായി മത്സരിച്ച ഇന്നസന്റിനെക്കാൾ അവർക്കിഷ്ടം, അരിവാൾ ചുറ്റികയിൽ മത്സരിക്കുന്ന സഖാവ് ഇന്നസന്റിനെയാണ്. 

പെരുമ്പാവൂരിലെ കീഴില്ലത്ത് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ തിരഞ്ഞെടുപ്പ് ഓഫിസുകൾ നിരയായി കെട്ടിയിരിക്കുന്നു. മതിലുകൾ പോലുമില്ലാത്ത സൗഹൃദം. രണ്ടു പതിറ്റാണ്ടിലേറെയായി ഹർത്താലില്ലാത്ത പുല്ലുവഴിയുടെ ഭാഗമാണിത്. പുല്ലുവഴി അവസാനമായി അര ദിവസം ഹർത്താൽ ആചരിച്ചത് ഇവിടെ വളർന്ന കമ്യൂണിസ്റ്റ് നേതാവ് പി.കെ.വാസുദേവൻ നായരുടെ മരണത്തെത്തുടർന്നാണ്. ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിലൊന്ന് ഈ കമ്യൂണിസ്റ്റു മണ്ണിലൂടെയാണ്. അതിലെ കല്ലും മുള്ളും താണ്ടുക സിപിഎമ്മിന് എളുപ്പാണെന്നു സഖാക്കൾ പോലും കരുതുന്നില്ല. 

കുന്നത്തുനാട്ടിലൂടെ കടന്നുപോകുമ്പോൾ കിഴക്കമ്പലം പുതിയൊരു ചൂണ്ടുപലകയുമായി നിൽക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്കെതിരെ പടനയിച്ച് കിഴക്കമ്പലം ഗ്രാമപഞ്ചായത്തു ഭരണം പിടിച്ചെടുത്ത ട്വന്റി – 20 എന്ന കൂട്ടായ്‌മ ബെന്നി ബഹനാനെതിരെ പരസ്യമായി രംഗത്തുണ്ട്. ബെന്നി വാക്കുകൾകൊണ്ടു തിരിച്ചടിക്കുകയും ചെയ്യുന്നു. 

2009ൽ യുഡിഎഫിനെ 71,676 വോട്ടിനു ജയിപ്പിച്ച മണ്ഡലം 2014ൽ എൽഡിഎഫിനെ 13,884 വോട്ടിനു ജയിപ്പിച്ചു. പുല്ലുവഴിയിൽ ചേർന്നു ചേർന്നുള്ള പറമ്പിൽ കെട്ടിയുയർത്തിയ മൂന്നു മുന്നണികളുടെയും തിരഞ്ഞെടുപ്പ് ഓഫിസുകൾ തന്നെയാണു ചാലക്കുടിയുടെ ചിത്രം. വോട്ടർ ഒരടി കൂടുതൽ വച്ചാൽ അടുത്ത മുന്നണിയിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com