ADVERTISEMENT

കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രധാനപാതകളിൽ റെയിൽവേ ലവൽക്രോസുകളില്ലാത്ത കേരളമാണു ലക്ഷ്യമിടുന്നതെന്നു പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിനായി എഴുപതോളം മേൽപാലങ്ങൾ കൂടി നിർമിക്കണം. ഇതിൽ പത്തെണ്ണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. മലയാള മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി. 

മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കും. നിർമാണങ്ങൾക്കു പരിസ്ഥിതി സൗഹൃദമാർഗങ്ങളാകും സ്വീകരിക്കുക. ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാൻ ബദൽ റോഡുകളും മേൽപാലങ്ങളും നിർമിക്കും. ദേശീയപാത ആറുവരിയാക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കും.

തിരുവനന്തപുരം– കാസർകോട് ജലപാത പ്രത്യേക ടൂറിസം ഹൈവേ ആയി പ്രഖ്യാപിക്കും. ആലപ്പുഴ, മുസരിസ്, തലശ്ശേരി പൈതൃക ടൂറിസം പദ്ധതികൾക്കു പിന്നാലെ തിരുവനന്തപുരം, കൊല്ലം, പൊന്നാനി, കോഴിക്കോട്, ആറന്മുള എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു പൈതൃക ടൂറിസം പദ്ധതികളും ആരംഭിക്കും. കേരളത്തിലെ പുരാതന തുറമുഖങ്ങളെ യൂറോപ്പിലെയും പശ്ചിമ ഏഷ്യയിലെയും തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് സ്പൈസ് റൂട്ട് പദ്ധതി നടപ്പാക്കും. പൊതുമരാമത്ത് വകുപ്പിൽ 5 വർഷത്തിനുള്ളിൽ 20,000 കോടി രൂപയുടെ പ്രവൃത്തികൾ ആരംഭിക്കും. 25,000 കോടി രൂപയുടെ പ്രവൃത്തികൾ ഇപ്പോൾ നടക്കുന്നുണ്ട്. ഇതു പൂർത്തിയാക്കുമെന്നും മന്ത്രി പറ‍ഞ്ഞു. മലയോര ഹൈവേയ്ക്ക് എല്ലാ ജില്ലകളിൽ നിന്നും കണക്ടിവിറ്റി നൽകും. 

ഫോൺ ഇൻ പരിപാടിയിലെ തിരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും:

∙പാതിവഴിയിലായ ഒട്ടേറെ ചെറിയ പദ്ധതികളുണ്ടു പൊതുമരാമത്ത് വകുപ്പിൽ. വൻകിട പദ്ധതികൾക്കു കൂടുതൽ ശ്രദ്ധ ലഭിക്കുമ്പോൾ ചെറിയ റോഡുകളുടെയും പാലങ്ങളുടെയും പണി ഇഴഞ്ഞു നീങ്ങുകയാണ്. 

പ്രവൃത്തികൾ പൂർത്തിയാക്കാൻ നിശ്ചയിച്ച സമയം നീട്ടിനൽകുന്ന പതിവ് ഇനി പൊതുമരാമത്ത് വകുപ്പിൽ ഉണ്ടാകില്ല. നിശ്ചിത തീയതിക്കുള്ളിൽ പണി പൂർത്തിയാക്കുന്നതു കർശനമാക്കും. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ജില്ലാതലത്തിൽ വിളിച്ചുചേർത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മുഴുവൻ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി. 

∙ദേശീയപാത ആറുവരിയാക്കുന്നതിനുള്ള പ്രധാനതടസ്സം സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകാത്തതാണ്. സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ നടപടി വേണം.  

സംസ്ഥാനത്തെ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കും. സ്ഥലം ഏറ്റെടുക്കാൻ പ്രശ്നങ്ങളുള്ള സ്ഥലങ്ങളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ വിളിച്ചു പ്രശ്നപരിഹാരമുണ്ടാക്കും. 

∙ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടികൾ വേണം. സ്ഥിരമായി കുരുക്കുണ്ടാകുന്ന കേന്ദ്രങ്ങൾ കണ്ടെത്തി പരിഹാരമാർഗങ്ങൾ ആലോചിക്കണം.  

ദേശീയപാതയിൽ തൃശൂർ മുതൽ കാസർകോട് വരെയാണു ഗതാഗതക്കുരുക്കിന്റെ കേന്ദ്രങ്ങൾ. വളാഞ്ചേരി, കോട്ടയ്ക്കൽ, കണ്ണൂർ, കൊയിലാണ്ടി തുടങ്ങി സ്ഥിരം കുരുക്കുണ്ടാകുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബൈപാസ്, മേൽപാലം, ജംക്‌ഷൻ വീതികൂട്ടൽ തുടങ്ങി ഓരോ കേന്ദ്രത്തിനും അനുയോജ്യമായ പരിഹാരമാർഗങ്ങൾ കണ്ടെത്തി നടപ്പാക്കും.

∙തിരുവനന്തപുരം– കാസർകോട് ജലപാതയുടെ പണി പുരോഗമിക്കുകയാണല്ലോ? ഈ പാത കേന്ദ്രീകരിച്ചു ടൂറിസം പദ്ധതികൾ നടപ്പാക്കാവുന്നതല്ലേ

തിരുവനന്തപുരം– കാസർകോട് ജലപാത പ്രത്യേക ടൂറിസം ഹൈവേ ആയി പ്രഖ്യാപിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജലപാതയുടെ തീരത്ത് 50 ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. 

∙വഞ്ചിവീടുകൾ വർധിക്കുന്നതോടെ കായൽ മലിനീകരണവും വർധിക്കുന്നതായി പരാതിയുണ്ട്

കായലുകളുടെ വാഹകശേഷി (carrying capacity) പരിശോധിച്ച് അനുവദിക്കാവുന്ന വഞ്ചിവീടുകളുടെ എണ്ണം നിശ്ചയിക്കും. വഞ്ചിവീടുകളിൽ നിന്നുള്ള ശുചിമുറിമാലിന്യം സംസ്കരിക്കാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കും. 

∙പ്രദേശവാസികൾക്കു കൂടി പ്രയോജനം ലഭിക്കുന്ന ടൂറിസം പദ്ധതികളാണു വേണ്ടത്.

ടൂറിസം വികസിക്കുമ്പോൾ നമ്മുടെ ജീവിതവും മെച്ചപ്പെടണം. ഈ നിലയ്ക്കുള്ള പദ്ധതികളാണ് ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഉത്തരവാദിത്ത ടൂറിസം പദ്ധതി വരുന്നതോടെ അവിടെയുള്ള സാധാരണക്കാരനു തൊഴിലും വരുമാനവും ഉറപ്പാകും. ടൂറിസം വികസനത്തിനു നാടിന്റെ ശുചിത്വം അനിവാര്യതയാകും. അതു നാട്ടുകാരുടെ ഉത്തരവാദിത്തമാകും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കും. 

∙കോവിഡിന്റെ ആഘാതത്തിൽ ടൂറിസം മേഖല കരകയറാനുള്ള പദ്ധതികൾ വേണം 

കോവിഡ് മൂലം വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിലേക്കു വരാൻ മടിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര ടൂറിസത്തിനു പ്രാധാന്യം നൽകും. ഇതിനായി സംസ്ഥാനത്തു ടൂറിസം കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. കേരള ടൂറിസത്തിന്റെ പ്രചാരണം ശക്തിപ്പെടുത്തും. ടൂറിസം പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കും. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും.

ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം

ടൂറിസം വഴി ജനങ്ങൾക്കു വരുമാനം ഉറപ്പാക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഓരോ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രം വീതം വികസിപ്പിക്കുകയും ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ നവീകരിക്കുകയും ചെയ്യും. വയനാടിനായി പ്രത്യേക ടൂറിസം പാക്കേജ് തയാറാക്കും. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം 2025ൽ ഇരട്ടിയാക്കും. 2019ൽ 11.89 ലക്ഷം വിദേശ ടൂറിസ്റ്റുകളും 1.83 കോടി ആഭ്യന്തര ടൂറിസ്റ്റുകളുമാണു കേരളത്തിലെത്തിയത്. 2025ൽ ഇതു യഥാക്രമം 20 ലക്ഷവും 3.65 കോടിയുമാക്കും. 5 വർഷം കൊണ്ടു സമ്പൂർണ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി കേരളത്തെ മാറ്റും. ഇതിനു തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നു പദ്ധതിയുണ്ടാക്കും.

English Summary: Minister PA Mohammed Riyas in Manorama phone in program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com