വ്യത്യസ്തമായ മനോനിലകളിൽ കേരളത്തിലെ രണ്ടു ‘കെഎസ്’; രണ്ടു വഴി

K-Sudhakaran-and-K-Surendran
കെ.സുധാകരൻ, കെ.സുരേന്ദ്രൻ
SHARE

കേരളത്തിലെ കോൺഗ്രസുകാർക്കു ‘കെഎസ്’ എന്നാൽ കെ.സുധാകരനാണ്. ബിജെപി പ്രവർത്തകർക്കു ‘കെഎസ്’ കെ.സുരേന്ദ്രനും. ബിജെപിയുടെ ‘കെഎസ്’ രാഷ്ട്രീയ ജീവിതത്തിലെ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നു. രണ്ടാമത്തെ ‘കെഎസി’നു കരിയറിലെ ഏറ്റവും വലിയ അവസരം കൈവന്നിരിക്കുന്നു. കോൺഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന പ്രസിഡന്റുമാർ തികച്ചും വ്യത്യസ്തമായ മനോനിലയിലൂടെയാണു കടന്നുപോകുന്നത്. അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയിലും മുന്നണിയിലും ഈ മാറ്റം തീർച്ചയായും പ്രതിഫലിക്കും.

പ്രതിരോധത്തിലായ ‘കെഎസ്’ 

കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തെ നരേന്ദ്രമോദി സർക്കാരിന്റെ ധാർമികതയുടെ ലക്ഷണമായിട്ടാണു ബിജെപി അവകാശപ്പട്ടു വരുന്നത്. 2016 നവംബർ എട്ടിലെ നോട്ടുനിരോധനം കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള സാമ്പത്തികനടപടിയായിട്ടാണു വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ ബിജെപിക്കു ഭരണമോ ഒറ്റ എംഎൽഎയോ ഇല്ലാത്ത കേരളത്തിലെ പാർട്ടി നേതൃത്വം ഇപ്പോൾ ഒരു വൻ  കുഴൽപണച്ചുഴിയിലാണു ചെന്നുപെട്ടത്.

സ്വർണക്കടത്തു കേസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ തലങ്ങും വിലങ്ങും ആക്രമിച്ച സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രൻ കുഴൽപണക്കേസിന്റെ പേരിൽ പെട്ടെന്നു സിപിഎമ്മിന്റെ ചോദ്യശരങ്ങൾക്കു നടുവിലായി. സ്വർണക്കേസ്കാലത്തെ ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധിക്കെതിരെ കോൺഗ്രസ്– ബിജെപി നേതാക്കൾക്ക് ഒരേസ്വരം ആയിരുന്നെങ്കിൽ ഇപ്പോൾ അവിടെ ഒറ്റപ്പെടുന്നതു ബിജെപി വക്താവാണ്.

കെ.സുധാകരനെ കെപിസിസി പ്രസിഡന്റാക്കണം എന്നാവശ്യപ്പെട്ടാണു കേരളത്തിൽ നിന്ന് ഇ–മെയിലുകൾ എഐസിസി ആസ്ഥാനത്തേക്കു പ്രവഹിച്ചതെങ്കിൽ കെ.സുരേന്ദ്രനെതിരെയുള്ള പരാതികളാണു ബിജെപി കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തുന്നത്.

വലിയതോൽവി സൃഷ്ടിച്ച ആഘാതത്തിനു പിന്നാലെ കൊടകര കുഴൽപണക്കേസും   സി.കെ. ജാനുവിനും മഞ്ചേശ്വരത്തെ സ്ഥാനാർഥി സുന്ദരയ്ക്കും പണം കൈമാറിയെന്ന ആക്ഷേപവും കൂടി വന്നതോടെ ഒറ്റപ്പെട്ടെങ്കിലും  സുരേന്ദ്രനെ ബിജെപി  കൈവിട്ടിട്ടില്ല.

പ്രതിരോധത്തിനു പകരം പ്രത്യാക്രമണം തുടങ്ങാനാണു ഞായറാഴ്ച ചേ‍ർന്ന കോർ കമ്മിറ്റി തീരുമാനിച്ചത്. ഇന്നു സംസ്ഥാനത്താകെ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ ആർഎസ്എസിന്റെ മുഴുവൻ സംഘടനകളുടെ പ്രവർത്തകരും അണിനിരക്കും. ജാനു, സുന്ദര എന്നിവരുമായി  ബന്ധപ്പെട്ട പ്രശ്നം  കൈകാര്യം ചെയ്തതിൽ സുരേന്ദ്രനു പരിചയക്കുറവോ പക്വതക്കുറവോ ഉണ്ടായെന്നു മുതിർന്ന നേതാക്കൾ വിലയിരുത്തുന്നു.

Cartoon

രണ്ടിടത്തു മത്സരിക്കാൻ തീരുമാനിച്ചതിലും ഹെലികോപ്റ്റർ ഉപയോഗത്തിലും മൂന്നു മണ്ഡലങ്ങളിൽ നാമനിർദേശപത്രിക തള്ളിപ്പോയതിലും സമാനവീഴ്ചയുണ്ടായി. അതേസമയം, ഈ ഘട്ടത്തിൽ സംസ്ഥാന അധ്യക്ഷനെ കൈവിട്ട് അദ്ദേഹത്തെയും പാർട്ടിയെയും കൂടുതൽ വെട്ടിലാക്കാനുള്ള നീക്കം നേതാക്കൾ തള്ളുന്നു. 

  പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഉതകുന്ന സമഗ്രമാറ്റങ്ങൾ കൂടിയേ തീരൂവെന്ന നിഷ്കർഷയിലാണ് ആർഎസ്എസ്. എന്നാൽ, സമൂഹം ഓടുമ്പോൾ അക്കൂടെ ഓടണമെന്നില്ല എന്ന നയമാണു സംഘം പൊതുവിൽ പുലർത്തുന്നത്. അതുകൊണ്ടു തന്നെ എല്ലാം ആറിത്തണുക്കട്ടെയെന്ന് അവരും ബിജെപി നേതൃത്വവും കരുതിയേക്കാം. അതിനിടയിൽ പ്രശ്നങ്ങളിൽ നിന്ന് എത്രകണ്ടു തലയൂരാനാകും എന്നതു സുരേന്ദ്രനും നിർണായകമാണ്.

പ്രതീക്ഷാപൂർവം ‘കെഎസ് ’ 

കെ.സുധാകരനെപ്പോലെ കെപിസിസി പ്രസിഡന്റ് പദവി ആഗ്രഹിക്കുകയും അക്കാര്യം പരസ്യമാക്കുകയും ചെയ്ത ഒരു നേതാവ് സമീപകാലത്ത് ആ കസേരയിൽ എത്തിയിട്ടില്ല. ഉള്ളതു വെട്ടിത്തുറന്ന്, വേഗത്തിൽ പറയുന്ന രീതിയാണ് അദ്ദേഹത്തിന്. എഐസിസിയിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം വരും മുൻപേ നിയമനക്കാര്യം പുറത്തുപറഞ്ഞതിലും അദ്ദേഹത്തിന്റെ ആഹ്ലാദവും സഹജരീതികളും പ്രകടമാണ്.

തിടുക്കത്തിലുള്ള പ്രഖ്യാപനങ്ങളും പ്രകോപനങ്ങൾക്കു വഴങ്ങിയുള്ള പ്രതികരണങ്ങളും ഒഴിവാക്കണമെന്ന അഭിപ്രായമാണു കഴിഞ്ഞദിവസങ്ങളിൽ സുധാകരൻ ഏറെയും കേട്ടത്. പ്രവർത്തകരുടെ വികാരത്തിനൊപ്പം നിൽക്കുന്ന നേതാവാണു സുധാകരൻ എന്നതു പാർട്ടിക്ക് ഉന്മേഷദായകമാണ്. അതേസമയം, ആരെങ്കിലും  എന്തെങ്കിലും പറയുന്നതുകേട്ടു കുതിച്ചുചാടിയാൽ കെപിസിസി പ്രസിഡന്റിന് അപകടം സംഭവിക്കാമെന്ന് ഓർമിപ്പിക്കുന്നവരുമുണ്ട്. ആൾക്കൂട്ടങ്ങളും ആരവങ്ങളും അതുയർത്തുന്ന ആവേശവുമാണു കെ.സുധാകരൻ ഏറ്റവും ഇഷ്ടപ്പെടുന്നത്.

രണ്ടു ‘കെഎസു’മാരും സമീപകാലത്തു ചില വിഷയങ്ങളിൽ യോജിച്ചിരുന്നു. പിണറായി വിജയനെ ‘ചെത്തുകാരന്റെ മകൻ’ എന്നു സുധാകരൻ വിശേഷിപ്പിച്ചതു കോൺഗ്രസിൽ തന്നെ വിമർശിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ ശക്തിയുക്തം ന്യായീകരിച്ചതു കെ.സുരേന്ദ്രൻ ആയിരുന്നു.

‘ദേവഗണങ്ങൾ സർക്കാരിനൊപ്പം’ എന്നു തിരഞ്ഞെടുപ്പുദിനത്തിൽ എൻഎസ്എസിനു മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ ‘അസുരന്മാർക്കൊപ്പം എങ്ങനെ ദേവന്മാർ നിൽക്കും’ എന്നാണു സുരേന്ദ്രനും സുധാകരനും ഒരുപോലെ ചോദിച്ചത്. ഇതെല്ലാം കൂടി മനസ്സിൽ വച്ചാണു സുധാകരനെ ആർഎസ്എസ് ചായ്‌വുകാരനായി ചിത്രീകരിക്കാൻ സിപിഎം നേതാവ് എം.എ.ബേബി ഇന്നലെ ശ്രമിച്ചതും ലാക്കു തിരിച്ചറിഞ്ഞു സുധാകരൻ തിരിച്ചടിച്ചതും. ഒരു വിട്ടുവീഴ്ചയും കൂടാതെ പരസ്പരം  അതിശക്തമായി പോരാടേണ്ടി വരുമെന്നാണു രണ്ടു ‘കെഎസുമാരെ’യും നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഓർമിപ്പിക്കുന്നത്.

English Summary: Keraleeyam column about K. Surendran and K. Sudhakaran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA