ADVERTISEMENT

നാട്ടിലെത്തിയ പ്രവാസികളുടെ, പ്രത്യേകിച്ചു ചില ഗൾഫ് രാജ്യങ്ങളിൽനിന്നു വന്നവരുടെ ദുരവസ്ഥ നിർഭാഗ്യകരവും വേദനാജനകവുമാണ്. തിരികെപ്പോകാൻ സാധിക്കാത്ത കഷ്ടസാഹചര്യം ഒട്ടേേറപ്പേരെ വലയ്ക്കുന്നു. ബന്ധുക്കളുടെ മരണം പോലുള്ള അടിയന്തരകാര്യങ്ങൾക്ക് എത്തിയവർപോലും മടങ്ങാനാവാതെ വിഷമിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്കു നീണ്ടുപോകുന്നതാണു പ്രവാസികളെ വലയ്ക്കുന്നത്. വീസ കാലാവധി കഴിഞ്ഞതിനാൽ ജോലി നഷ്ടപ്പെട്ടവരും കുറവല്ല. 

കഴിഞ്ഞവർഷം മാർച്ച് മുതൽതന്നെ ഇന്ത്യക്കാർക്കു പ്രവേശനം നിഷേധിച്ച സൗദി ഇപ്പോഴും വാതിൽ തുറന്നിട്ടില്ല. ഇടയ്ക്ക് അനുമതി നൽകിയ യുഎഇയും ഒമാനുമാകട്ടെ ഇപ്പോൾ വീണ്ടും പ്രവേശനം നിഷേധിച്ചിരിക്കുന്നു. ഖത്തറും ബഹ്റൈനും താമസ വീസക്കാർക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത് ആശ്വാസമാണ്. ഓഗസ്റ്റ് ഒന്നിന് ഉപാധികളോടെ തുറക്കുമെന്നു കുവൈത്ത് അറിയിച്ചിട്ടുണ്ടെങ്കിലും താമസ വീസക്കാരിൽ വാക്സീൻ എടുത്തവർക്കു മാത്രമാവും പ്രവേശനാനുമതി. ഇതിനിടെ പ്രതീക്ഷയ്ക്കു വകനൽകി കഴിഞ്ഞ 23 മുതൽ ദുബായ് പ്രവേശനാനുമതി നൽകുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങളിലെ അവ്യക്തത മൂലമുള്ള അനിശ്ചിതാവസ്ഥയിൽ ആ പ്രതീക്ഷയും അസ്തമിച്ചു.

താമസ-സന്ദർശക വീസ കാലാവധി കഴിഞ്ഞവരുടെ കാര്യത്തിൽ സൗദിയും യുഎഇയും ഒമാനുമെല്ലാം അനുഭാവപൂർവമായ നടപടി കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കാനേ തരമുള്ളൂ. ഈ രാജ്യങ്ങളുമായി ശക്തമായ നയതന്ത്ര ബന്ധങ്ങളുള്ളതിനാൽ കേന്ദ്ര സർക്കാരിന്റെ അടിയന്തരശ്രദ്ധ പതിയണമെന്നാണു പ്രവാസികളുടെ ആവശ്യം. ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനം എന്ന നിലയിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ മുഖ്യമന്ത്രി ആവശ്യപ്പെടുകയും വേണം.

വാക്സീൻ ഒരു ഡോസ് എടുത്തശേഷം നാട്ടിലെത്തിയവരുടെ കാര്യവും പരുങ്ങലിലാണ്. അസ്ട്രാസെനക്ക എടുത്തവർക്കു നാട്ടിലെ കോവിഷീൽഡ് രണ്ടാം ഡോസായി എടുക്കാം. എന്നാൽ, യുഎഇയിൽനിന്നു ഫൈസർ, സ്പുട്നിക്, സിനോഫാം വാക്സീനുകൾ സ്വീകരിച്ചവർ രണ്ടാം ഡോസ് സ്വീകരിക്കാൻ യുഎഇയിൽ എത്തണം. നാട്ടിൽ ഒരു ഡോസ് വാക്സീൻ എടുത്തവരുടെ മടക്കയാത്രയും അനിശ്ചിതത്വത്തിലാണ്. ഇന്ത്യയിലുള്ള കോവാക്സിന് യുഎഇ അടക്കം ആറു ഗൾഫ് രാജ്യങ്ങളും അനുമതി നൽകാത്ത പശ്ചാത്തലത്തിൽ, ഇതു സ്വീകരിച്ചവരുടെ മടക്കവും ത്രിശങ്കുവിലായി.  

നിർമാതാക്കളായ അസ്ട്രാസെനക്ക–ഓക്സ്ഫഡിൽ നിന്നു തുടക്കത്തിൽത്തന്നെ ഉൽപാദനക്കരാർ നേടിയാണു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ വാക്സീൻ നിർമിച്ചത്. സീറം ഇതിനു കോവിഷീൽഡ് എന്ന പേരു നൽകിയതാണ് ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനം. വാക്സെവിരിയ എന്ന പേരിൽ വിദേശരാജ്യങ്ങളിൽ ലഭ്യമാക്കുന്ന അതേ വാക്സീൻ ഇന്ത്യയിൽ കോവിഷീൽഡ് ആയതോടെ പല രാജ്യങ്ങൾക്കും പ്രശ്നമായി. ആദ്യം ഗൾഫ് രാജ്യങ്ങൾ ഉന്നയിച്ച പ്രശ്നം യൂറോപ്യൻ രാജ്യങ്ങളും ഉയർത്തിയേക്കാമെന്നതാണ് ആശങ്ക. കോവിഷീൽഡ് മൂലമുള്ള യാത്രാപ്രശ്നത്തെക്കുറിച്ച് ഉന്നതതലങ്ങളിൽ ആശയവിനിമയം നടത്തിയെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്നലെ അറിയിച്ചത് ആശ്വാസം നൽകുന്നു.

ഗൾഫ് രാജ്യങ്ങളിലെ പ്രശ്നം ഉയർന്നപ്പോൾത്തന്നെ, വിദേശയാത്ര പോകുന്നവർക്കു നൽകുന്ന വാക്സീൻ സർട്ടിഫിക്കറ്റിൽ വാക്സീന്റെ പൂർണമായ പേരുൾപ്പെടുത്താൻ കേരളം ശ്രദ്ധിച്ചുവെന്നത് അഭിനന്ദനാർഹമാണ്. അർഹതപ്പെട്ടവർക്കു ലോകത്തെവിടെയും സുഗമമായി യാത്ര ചെയ്യാനുള്ള മാനുഷികപരിഗണന ലഭിക്കാനാണു കേന്ദ്ര സർക്കാർ ശ്രദ്ധിക്കേണ്ടത്. ഇന്ത്യയിൽ കുട്ടികൾക്കു വാക്സീൻ നൽകാത്തതും പ്രശ്നമാണ്. നാലു മണിക്കൂറിനുള്ളിൽ ലഭിച്ച റാപ്പിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയ്ക്കു നിർബന്ധമാക്കുന്നതുകൊണ്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും അധികൃതരുടെ മുന്നിലുണ്ടാവണം. 

പ്രവേശനവിലക്കു നീക്കിയാൽ, പ്രവാസിയെ പിഴിയുന്ന കഴുത്തറപ്പൻ ടിക്കറ്റ് നിരക്കാവും വിമാനക്കമ്പനികൾ ഈടാക്കുകയെന്ന ആശങ്കയുമുണ്ട്. ഈ വിഷയത്തിൽ പതിവ് ഉദാസീനരീതി വിട്ട് ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും പ്രവാസികൾ ആഗ്രഹിക്കുന്നു. പ്രവാസികളുടെ തിരിച്ചുപോക്കിലടക്കം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ അടിയന്തര ആവശ്യമാണ്.

English Summary: Covid: Stranded NRI's in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com