ADVERTISEMENT

അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാന്റെ കൈകളിലെത്തുന്നത് ആശങ്കയോടെ ഉറ്റുനോക്കുകയാണു  ലോകം. താലിബാന്റെ അധികാരലബ്ധിയിൽ ഒരുപക്ഷേ, മുതലെടുക്കുന്നതു പാക്കിസ്‌ഥാനായിരിക്കാമെന്നതിനാൽ ഇന്ത്യ കൂടുതൽ ജാഗ്രത പാലിക്കേണ്ടിവരികയും ചെയ്യും. 

അഫ്ഗാനിസ്ഥാനിൽ രണ്ടു പതിറ്റാണ്ടു നീണ്ട ഇടപെടലിനുശേഷം യുഎസ് സേന നടത്തിയ പിന്മാറ്റമാണ് താലിബാന്റെ തിരിച്ചുവരവിനു കാരണമായത്. 2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലുണ്ടായ അൽ ഖായിദ ഭീകരാക്രമണത്തിനു പിന്നാലെ ആ വർഷം ഒക്ടോബർ ഏഴിനാണ് അഫ്ഗാനിൽ യുഎസ് സൈനിക നടപടി ആരംഭിച്ചത്. എന്നാൽ, ഇറാഖിലെന്നപോലെ ഇവിടെയും സ്ഥിതിഗതികൾ സങ്കീർണമാക്കി അവശേഷിപ്പിച്ചു പിന്തിരിയാനായിരുന്നു ഒടുവിൽ യുഎസിന്റെ തീരുമാനം. 

ഈ മാസം 31നു മുൻപ് പിന്മാറ്റം പൂർത്തിയാക്കാൻ യുഎസ് തീരുമാനിച്ചതോടെ, പരമാവധി പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കം താലിബാൻ ശക്തമാക്കുകയും ചെയ്തു. ഫലത്തിൽ, കഴിഞ്ഞ വർഷമുണ്ടായ യുഎസ് – താലിബാൻ സമാധാനക്കരാർ, യുഎസ് പോലും പ്രതീക്ഷിക്കാത്തവിധം താലിബാന്റെ പിടിമുറുക്കലിനും അഫ്ഗാനിസ്ഥാനിലെ അധികാരമാറ്റത്തിനും വഴിതുറന്നിരിക്കുകയാണ്. 

ദക്ഷിണേഷ്യയിലെ ശാക്തിക ബലാബലത്തിലുണ്ടാകുന്ന മാറ്റങ്ങൾ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ പാക്ക് നയതന്ത്രത്തിന് എക്കാലവുമുള്ള കുതന്ത്രപാടവം അഫ്ഗാനിസ്ഥാനിൽ എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ഒരു ദശകക്കാലത്തെ അധിനിവേശത്തിനുശേഷം എൺപതുകളുടെ അവസാനം സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്നു പിന്മാറിയതിനെത്തുടർന്നുള്ള സംഭവങ്ങൾ ഇന്ത്യയ്ക്കു മുന്നിലുണ്ട്. അന്നത്തെ സോവിയറ്റ് പിന്മാറ്റത്തോടെ, വിമതസേനയായ മുജാഹിദീനുകളുടെ കൈകളിലെത്തിയ അഫ്ഗാൻ ഭരണം 1996ൽ അവരെയും തുരത്തി താലിബാൻ പിടിച്ചടക്കുകയായിരുന്നു. സോവിയറ്റ് അധിനിവേശ കാലത്ത് വിമതസേനയ്ക്ക് ആയുധമെത്തിച്ചിരുന്ന പാക്കിസ്ഥാൻ, പിൽക്കാലത്ത് താലിബാനൊപ്പം ചേർന്ന് അഫ്ഗാൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും ചെയ്തു. 

യുഎസ് ഇടപെടലിനുശേഷവും താലിബാനോടു പാക്കിസ്ഥാൻ പുലർത്തിയ മുദുസമീപനം രഹസ്യമല്ല. താലിബാനെ നിയന്ത്രിക്കാൻ പാക്കിസ്ഥാൻ ഒന്നും ചെയ്തില്ലെന്ന്, ഈയിടെ താഷ്കെന്റിൽ നടന്ന മേഖലാ സാമ്പത്തിക സഹകരണ സമ്മേളനത്തിൽ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി തുറന്നുപറയുകയുണ്ടായി. സോവിയറ്റ് പിന്മാറ്റക്കാലത്ത് അമേരിക്കയെ കൂട്ടുപിടിച്ചാണ് അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ ഇടപെട്ടിരുന്നതെങ്കിൽ, ഇന്നിപ്പോൾ ഇന്ത്യയുടെ വൈരിയായ ചൈനയെയും സുഹൃത്തായ റഷ്യയെയുമാണ് കൂട്ടുപിടിക്കാൻ ശ്രമിക്കുന്നതെന്നത് നാം നേരിടുന്ന സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുന്നു. 

യുഎസ് പിൻമാറിയതോടെ അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ ഒറ്റപ്പെട്ട നിലയിലാണ്. അഫ്ഗാനിസ്ഥാനിലെ അടിസ്ഥാനസൗകര്യ വികസനത്തിലും നിർമാണമേഖലയിലും ഇന്ത്യയുടെ നിക്ഷേപം 200 കോടി ഡോളറാണെന്നതുകൂടി ഓർമിക്കാം. അഫ്ഗാനിസ്ഥാനിൽ സമാധാനത്തിനു തടസ്സമാകുന്ന വിധത്തിലുള്ള നീക്കങ്ങൾ ആശാസ്യമല്ലെന്നതാണ് ഇന്ത്യയുടെ നിലപാടെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. അവിടെ പാക്കിസ്ഥാൻ നടത്തുന്ന ഇടപെടലുകളെയും ഭീകരരുമായി പാക്കിസ്ഥാനുള്ള ബന്ധത്തെയുംകുറിച്ചു ലോകത്തിന് അറിയാമെന്നും വിദേശകാര്യ വക്താവ് അരിന്ദം ഭാഗ്ചി പറയുകയുണ്ടായി. 

ഇപ്പോഴത്തെ ചോരക്കാലം അവസാനിച്ച്  ശാന്തി പുലരാനും സുസ്ഥിര ഭരണം ഉണ്ടാവാനും കാത്തിരിക്കുന്ന ആ രാജ്യത്തെ ജനതയുടെ ഭാവി രാജ്യാന്തര സമൂഹത്തിന്റെ സവിശേഷശ്രദ്ധ നേടിക്കഴിഞ്ഞു. താലിബാന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്കു ഭീഷണിയാകാതിരിക്കാൻ നമ്മുടെ നിരന്തരമായ നയതന്ത്രശ്രദ്ധ ഉണ്ടാവുകയും വേണം.

English Summary: The future of Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com